തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓണറേറിയം ആയിരം രൂപ വർധിപ്പിച്ചു
തിരുവനന്തപുരം
തദേശ സ്വായം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ പ്രകാരം വർധിപ്പിച്ച് ഉത്തരവായി. കഴിഞ്ഞ ബജറ്റിൽ തുക വർധിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 15800ൽ നിന്ന് 16800 ആയും വൈസ് പ്രസിഡന്റ് 13200ൽ നിന്ന് 14200 ആയും വർധിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾക്ക് 9400ൽ നിന്ന് 10400 ഉം അംഗങ്ങൾക്ക് 8800ൽ നിന്ന് 9800 ആയും വർധിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് 15600, വൈസ് പ്രസിഡന്റ് 13000, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ 9800, അംഗങ്ങൾ 8600 എന്നിങ്ങനെയാണ് പുതിയ നിരക്ക്.
ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് 14200, വൈസ് പ്രസിഡന്റ് 11600, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9200, അംഗങ്ങൾ 8000 എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
കോർപ്പറേഷനിൽ മേയർ 16800, ഡപ്യൂട്ടി മേയർ 14200, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 10400, അംഗങ്ങൾ 9200 എന്നിങ്ങനെയാണ് നിരക്ക്. മുൻസിപ്പാലിറ്റിയിൽ ചെയർമാൻ 15600, വൈസ് ചെയർമാൻ 13000, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9800, അംഗങ്ങൾ 8600 ഉം ആയാണ് വർധിപ്പിച്ചത്.
ഓണറേറിയം വർധിപ്പിച്ചതിനെ തുടർന്നുണ്ടാകുന്ന അധിക ബാധ്യത ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ തനത് ഫണ്ടിൽ നിന്നും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനറൽ പർപ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കാനാണ് സർക്കാർ ഉത്തരവ്.
കേരളത്തിൽ ജനപ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്വമാണ്. അംഗങ്ങളിൽ ഭൂരിഭാഗവും പൂർണസമയവും ജനപ്രതിനിധിയായി തന്നെയാണ് തുടരുന്നത്. മറ്റ് ജോലിക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. ജോലിക്ക് പോകുന്നവർക്ക് തന്നെ മാസത്തിൽ പകുതി ദിവസം പോലും ജോലി ചെയ്യാൻ പറ്റുന്നില്ല. പെൻഷൻ ലഭിക്കുന്ന വിരമിച്ച ജീവനക്കാർക്ക് മാത്രമാണ് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്തത്. എണ്ണയിട്ട .യന്ത്രം പോലെ പ്രവർത്തിക്കുന്ന ജന പ്രതിനിധികൾക്ക് അലവൻസിൽ വർധനവ് വരുത്തി ഇവരുടെ പ്രവർത്തനത്തെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് വേണ്ടത്.