കോട്ടയം മറിയപ്പള്ളിയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. എസ്പിസിഎസ് വക ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടത്. ചിങ്ങവനം പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു.

കോട്ടയം ചെങ്ങനാശേരി റോഡിൽ മറിയപ്പള്ളി ക്ഷേത്രത്തിന് എതിർവശമാണ് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഭൂമിയിൽ ലിറ്റററി മ്യൂസിയം നിർമിക്കുന്നതിനായി കാട് വെട്ടിത്തെളിച്ചപ്പോഴാണ് സംഭവം. വസ്ത്രം ധരിച്ച നിലയിൽ മരച്ചുവട്ടിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ മാംസ ഭാഗങ്ങൾ പൂർണമായി ദ്രവിച്ച നിലയിലാണ്. മണ്ണ് നീക്കാൻ എത്തിയ ജെസിബി ഓപ്പറേറ്റർമാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

കൈലിമുണ്ട് ഉപയോഗിച്ച് മരത്തിൽ കുരുക്ക് ഉണ്ടാക്കിയിരുന്നു. സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം മൊബൈൽ ഫോണും കണ്ടെത്തി. കാണാതായ ആളുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എംസി റോഡിൽ നിന്ന് 200 മീറ്റർ മാത്രം ഉള്ളിലാണ് അസ്ഥികൂടം കണ്ടത്. സ്ഥലത്ത് കാടുപിടിച്ചു കിടന്നതിനാലാണ് സംഭവം പുറത്തറിയാതിരുന്നത്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും സ്ഥലത്തെ തുടർനിർമാണ പ്രവർത്തനങ്ങൾ.

 
 
 
 
ReplyForward