കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് ഏബ്രഹാം അറിയിച്ചു. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുള്ള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായും എഡിജിപി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുളള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പൊലീസിന് ലഭിക്കും.

വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ ലഭിച്ചത്. വീട്ടിനുള്ളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പോലും പല അശ്ലീല സൈറ്റുകള്‍ വഴി പ്രചരിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ വില്‍പന നടത്താനും ചില സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇത്തരം ഇടപാടുകള്‍ നടക്കുന്നത്. കുട്ടികളെ കണ്ടെത്തുന്നതോടെ ചിത്രങ്ങള്‍ എടുക്കുന്നത് ആരാണെന്ന അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

ഇത്തരത്തിലുള്ള ചെല്‍ഡ് പോണ്‍ സൈറ്റുകള്‍ വീക്ഷിക്കുകയും, ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണ്. അത് എത്ര രഹസ്യ സ്വഭാവത്തോട് കൂടി നോക്കിയാലും ഇതെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ് എന്ന് നോക്കുന്നവര്‍ തിരിച്ചറിയണം. അത് കൊണ്ട് ഇത്തരം സൈറ്റുകള്‍ നിരീക്ഷിക്കുന്നവര്‍ ഉറപ്പായും പിടിക്കപ്പെടും എന്നതും ഉറപ്പാണ്. രാജ്യത്താകമാനം പരിശോധിച്ചാല്‍ കുട്ടികള്‍ക്കെതിരായ അശ്ലീല സൈറ്റുകള്‍ക്കെതിരെയുള്ള നിരീക്ഷണവും അന്വേഷണവും നടത്തുന്നത് കേരളത്തില്‍ മാത്രമാണ്. ഓണ്‍ലൈന്‍ സെക്ഷ്വല്‍ കേസുകളെ നേരിടാന്‍ വേണ്ടിയുള്ള ഒരു പ്രത്യേക പൊലീസ് സന്നാഹവും സംസ്ഥാനത്തുണ്ട്. അതിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള പരിശീലനവും ലഭിച്ചവരാണ്.

നിലവില്‍ പിടിച്ചെടുത്തുളള മൊബൈല്‍ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിച്ച് വരികയാണ്. നിലവില്‍ 47 പേരാണ് അറസ്റ്റിലായത് 90 കേസുകളും ചുമത്തിയിട്ടുണ്ട്.