സംസ്ഥാന സർക്കാർ നടത്തുന്ന ഓൺലൈൻ ക്ലാസ് ഫസ്റ്റ് ബെൽ വമ്പൻ ഹിറ്റ്. യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിൽ നിന്ന് മാസം 15 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുന്ന വരുമാനം. 54 ലക്ഷം ആളുകൾ ശരാശരി ഒരു ദിവസം ഓൺലൈൻ ക്ലാസുകൾ കാണുന്നുണ്ട്. പ്രതിമാസം ഏകദേശം 15 കോടി പേരും ക്ലാസ് കാണുന്നുണ്ട്.

 

141 രാജ്യങ്ങളിൽ നിന്നുള്ളവർ ഫസ്റ്റ് ബെൽ കാണുന്നുണ്ട്. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ആഭിമുഖ്യത്തിലുള്ള വിക്ടർസ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ചാനലിനു പുറമെയാണ് യൂട്യൂബിലും ക്ലാസ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഇതിനൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൈറ്റ് സിഇഒ കെ അൻവർ സദാത്ത് പറഞ്ഞു.

“യൂട്യൂബ് ചാനലിന്റെ പ്രതിമാസ കാഴ്‌ചകൾ ആകെ 15 കോടി ആണ്. ക്ലാസുകളുടെ ശരാശരി ദൈനംദിന കാഴ്ച 54 ലക്ഷം. പ്രതിദിനം 5 ലക്ഷം മണിക്കൂർ കാഴ്ചകൾ യൂട്യൂബ് ക്ലാസിന് ലഭിക്കുന്നുണ്ട്. പരസ്യങ്ങൾ പരിമിതമാണെങ്കിലും, വരുമാനമായി പ്രതിമാസം ശരാശരി 15 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. ഫേസ്ബുക്ക് ലൈവ് വഴിയും ക്ലാസുകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്”- ”സദാത്ത് പറഞ്ഞു.

 

കൊവിഡ് ബാധ മൂലം സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടേണ്ടി വന്നതിനാലാണ് ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് ഇടക്കാല ക്രമീകരണമായാണ് വിക്ടേഴ്സ് ചാനലുകളും പേജുകളും വഴി ഫസ്റ്റ് ബെൽ എന്ന ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്തത്. ഇതുവരെ 604 ക്ലാസുകൾ കൈറ്റ് സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. കന്നഡയിൽ 274 ക്ലാസുകളും തമിഴിൽ 163 ക്ലാസുകളും ഇതിൽ പെടും.