Colors: Orange Color

തേങ്ങ പൊതിക്കാൻ നൂതന യന്ത്രവുമായി അഭിലാഷ്

കാസർഗോഡ്
തേങ്ങ പൊതിക്കാൻ ജോലിക്കാരെ കിട്ടാതെ വന്നപ്പോൾ പുതിയ യന്ത്രം തന്നെ കണ്ടുപിടിച്ചു, ഈ യുവ കർഷകൻ. ഈസ്റ്റ് എളേരി മുനയംകുന്നിലെ കാഞ്ഞമല അഭിലാഷാണ് തേങ്ങ പൊതിക്കാൻ പുതിയ യന്ത്രം കണ്ടുപിടിച്ചത്. മണിക്കൂറിൽ 1200 തേങ്ങ വരെ പൊതിക്കാം. ദിവസം പതിനായിരത്തിൽ അധികവും.
സ്ത്രീകൾക്കും ആയാസമില്ലാതെ യന്ത്രം ഉപയോഗിക്കാം. ഒരു ലിറ്റർ ഡീസൽ ഉപയോഗിച്ച് നാല് മണിക്കൂർ പ്രവർത്തിപ്പിക്കാം. ഒരേ സമയം മൂന്ന് തേങ്ങ ഒന്നര സെക്കന്റിൽ പൊതിക്കാൻ പറ്റും. ചകിരി നന്നായി ചതഞ്ഞ് നാര് രൂപത്തിൽ ലഭിക്കും. അത് ചകിരി ഫാക്ടറിക്ക് കൊടുക്കാനും പറ്റും. മൂന്നര വർഷത്തെ ഗവേഷണത്തിനൊടുവിലാണ്‌യന്ത്രം നിർമിച്ചത്.
ഏഴ് എച്ച്പി ഡീസൽ എൻജിൻ ഉപയോഗിച്ച് ഗിയറിൽ നിയന്ത്രിക്കുന്നതാണ് യന്ത്രം. ഒന്നര ടൺ ഭാരമുള്ള യന്ത്രത്തിന് എട്ടര മീറ്റർ നീളവും അഞ്ചര മീറ്റർ ഉയരവും അഞ്ചര മീറ്റർ വീതിയുമുണ്ട്. കൃഷിയിടത്തിലേക്ക് കൊണ്ടുപോകുന്നത് ട്രാക്ടറിലാണ്. ഇത് വാഹനത്തിൽ കയറ്റാനും പരസഹായം വേണ്ട. സ്വിച്ചിട്ടാൽ തനിയേ വാഹനത്തിൽ കയറും. ആവശ്യപ്പെടുന്നവർക്ക് തോട്ടത്തിൽ എത്തി തേങ്ങ പൊതിച്ചു നൽകും. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി തോട്ടങ്ങളിൽ ഇതിനകം അഭിലാഷിന്റെ യന്ത്രം തേങ്ങ പൊതിച്ചു നൽകി. ആദ്യ സംരംഭമായതിനാൽ എട്ടര ലക്ഷത്തോളം രൂപ ചിലവായി.
സാധാരണക്കാരനും വാങ്ങി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ രൂപമാറ്റം വരുത്തി ചിലവ് കുറച്ച് യന്ത്രം നിർമിക്കാനുള്ള ശ്രമത്തിലാണ് അഭിലാഷ്. ഫോൺ: 9656204650.

 

ഫാം ടൂറിസവും കുതിരസവാരിയും

കോന്നി
ജാക്കിന്റെ കുളമ്പടിശബ്ദം ഇക്കോ ടൂറിസം മേഖലയിലും വൈകാതെ മുഴങ്ങിക്കേൾക്കും. ആന സവാരിയും കുട്ടവഞ്ചി സവാരിയും ഉൾപ്പെടുന്ന, കോന്നി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയിൽ കുതിര സവാരിയും ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് അരുവാപ്പുലം കുളത്തുമണ്ണിൽ രത്‌നഗിരിയിൽ ഷാൻ, ഷൈൻ സഹോദരന്മാർ.
ഇതിന്റെ ഭാഗമായി ഇരുവരും ചേർന്ന് ആരംഭിച്ചതാണ് മണ്ണുശേരി ഫാം. ആദ്യഘട്ടമെന്ന നിലയിൽ പാലക്കാട് തത്തമംഗലത്തുനിന്ന് ആറു മാസം പ്രായമുള്ള കുതിരക്കുട്ടിയെ കൊണ്ടുവന്നു. ജാക്ക് എന്ന പേര് നൽകി പരിപാലിക്കുകയാണിവർ. ഇപ്പോൾ ജാക്കിന് 11 മാസം പ്രായമാണുള്ളത്. സവാരി നടത്തണമെങ്കിൽ രണ്ടു വയസ് കഴിയണം. ജാക്കിന് രണ്ടു വയസാകുമ്പോൾ ഒരു കുതിരയെക്കൂടി എത്തിച്ച് കുതിരവണ്ടിയും സജ്ജീകരിച്ച് മണ്ണുശേരി ബ്രദേഴ്‌സ് എന്ന പേരിൽ ടൂറിസം വികസനത്തിൽ പങ്കാളികളാകാനാണ് പ്രവാസികളായ ഷാനും ഷൈനും തീരുമാനിച്ചിരിക്കുന്നത്. ഷാൻ ഇപ്പോൾ ഫാമുമായി നാട്ടിലും ഷൈൻ സൗദിയിലുമാണ്.
ജാക്കിന് പരിശീലനം നൽകുന്നുണ്ട്. രാവിലെയും വൈകിട്ടും പറമ്പിൽ അരമണിക്കൂർ പരിശീലനം ഉണ്ട്. പരിശീലനം കഴിഞ്ഞ് രാവിലെയും വൈകിട്ടും ഗോതമ്പ്, തവിട്, മുതിര, വേവിച്ച കടല എന്നിവയാണ് ആഹാരത്തിൽ ഉള്ളത്. ഉച്ചയ്ക്ക് വളർത്തുപുല്ലും കച്ചിയും കൊടുക്കും. കിളച്ചിട്ട പറമ്പിലാണ് നടത്തം. ജാക്ക് ചെറുപ്രായമായതിനാൽ ലാടം പിന്നീടു മാത്രമേ ഉറപ്പിക്കൂ.
ആനത്താവളം കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം വിപുലമാക്കാൻ കോടികളുടെ പദ്ധതികൾ തയ്യാറാകുമ്പോൾ തങ്ങൾക്കും അതിൽ ഭാഗഭാക്കാകണമെന്ന ആഗ്രഹമാണ് സഹോദരങ്ങൾക്ക്. ഫാം ടൂറിസമാണ് ലക്ഷ്യമിടുന്നത്. 50 സെന്റിലെ ഫാമിൽ വാഴ, കപ്പ, ചേന, കാച്ചിൽ എന്നീ കൃഷിയുണ്ട്. കൂടാതെ റബർ കൃഷിയുമുണ്ട്. നാടൻ കോഴി, മുയൽ, കാട എന്നിവയുംഫാമിൽ ഉണ്ട്. ഫാമിന്റെ പേരിൽ അടുത്ത ദിവസം തന്നെ കോഴിക്കട തുടങ്ങും.

 

 

തൊഴിലില്ലായ്മ പരിഹരിക്കാൻ നയരൂപീകരണം
തൊഴിലില്ലായ്മ പരിഹരിക്കാൻ നയരൂപീകരണം വേണമെന്ന ദേശീയ വിദ്യാർത്ഥി പാർലമെന്റ് അഭിപ്രായം കേരളത്തിന്റെ വഴിത്തിരിവാകുമെന്ന കാര്യത്തിൽ സംശയമില്ല.
തൊഴിലില്ലായ്മ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടങ്ങിയവ പരിഹരിക്കാൻ സംഘടിത ശ്രമം വേണമെന്ന ആശയം ആദ്യം പങ്ക് വെച്ചത് ചടങ്ങിലെ അധ്യക്ഷനായ കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷാണ്.
നിലവിലുള്ള തൊഴിലവസരങ്ങൾ നിലനിർത്തുന്നതോടോപ്പം പുതിയ മേഖലകളിൽ തൊഴിലവസരം കണ്ടെത്തണം. നഗര പ്രദേശങ്ങളിലെ യുവാക്കളെ അപേക്ഷിച്ച് ഗ്രാമീണ യുവാക്കൾക്ക് അവസരങ്ങൾ ലഭിക്കാത്ത സ്ഥിതിവിശേഷം മാറ്റണം.
സാങ്കേതിക മേഖലയിലെ കരിക്കുലം കാലാനുസൃതമാക്കുക, ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുക, കൂടുതൽ ഫിനിഷിംഗ് സ്‌കൂളുകൾ ആരംഭിക്കുക, സ്വകാര്യ, സർക്കാർ ജോലികൾക്കായി ജോബ് പോർട്ടലുകൾ ആരംഭിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉയർന്ന് വന്നു.
ഓൺലൈൻ, ഓഫ് ലൈൻ വിദ്യാഭ്യാസം സന്തുലിതമായ രീതിയിൽ നടത്തുക, പരിസ്ഥിതി സംരക്ഷണം നടപ്പാക്കുന്നതിൽ ജില്ലാ-ബ്ലോക്ക് തലങ്ങളിൽ യുവാക്കളെയും പങ്കെടുപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും വിദ്യാർത്ഥി പാർലമെന്റ് അംഗീകരിച്ചിട്ടുണ്ട്.
കേന്ദ്രയുവജനകാര്യ മന്ത്രാലയം, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്, മനുഷ്യാവകാശത്തിനായുള്ള യുനെസ്‌കോ ചെയർ എന്നിവയുടെ സഹായത്തോടെ ഛാത്ര സംസദ് ഫൗണ്ടേഷനും എം.ഐ.ടി സ്‌കൂൾ ഓഫ് ഗവണ്മെന്റുമാണ് വിദ്യാർത്ഥി പാർലമെന്റ് സംഘടിപ്പിക്കുന്നത്.
വെർച്വലായി നടക്കുന്ന ആറു ദിവസത്തെ പരിപാടിയിൽ 450 സർവകലാശാലകളിൽ നിന്നായി 15,000 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
കോവിഡാനന്തര ലോകത്ത് നടക്കുന്ന ഇത്തരം ചർച്ച കേരളത്തെയാണ് കൂടുതൽ ചലനം സൃഷ്ടിക്കുക. യുവജനതെയുടെ 80 ശതാമാനത്തിലേറെയും ബിരുദമോ അതിന് തുല്ല്യമായോ യോഗ്യതയുള്ളവരാണ് മലയാളികൾ. അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതിന് പരിഹാരം കാണുന്നതിനുള്ള ഭൗതിക സാഹചര്യം സർക്കാർ വർധിപ്പിക്കുന്നുണ്ട്.
കേരളത്തെ ഐടി ഹബ്ബായും വ്യവസായ ഹബ്ബായും മാറ്റിയെടുക്കാനുള്ള കഠിന പ്രയത്‌നം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. പുതിയ ഗവേഷണവും ആലോചനയും ഈ മേഖലയിൽ നടക്കുന്നത് കേരളീയ സമൂഹത്തിൽ പുതിയ വഴിതിരിവാകും.

'ഇന്ന് ലോക ഫാർമസി ദിനം

കെ.ഹരിദാസൻ ചമ്പാട്, ഫാർമസിസ്റ്റ്
കൺവിനർ ,
പീപ്പിൾസ് ഹെൽത്ത് മൂവ്‌മെൻറ് കേരള

'മരുന്നിനൊപ്പം അവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയോടൊപ്പം അവരുടെ സൌഹൃദം ലഭിക്കുന്നു. ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ നിമിഷത്തിൽ നമുക്ക് വേണ്ടി നമ്മുടെ കൂടെ നിൽക്കുന്നു. അങ്ങനെയുള്ള സുഹൃത്തുക്കളെയാണ് ഫാർമസിസ്റ്റ് എന്ന് വിളിക്കുന്നത് ' മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഫാർമസിസ്റ്റുകളെക്കുറിച്ച് വിലയിരുത്തിയത് ഇങ്ങനെയാണ്.
എല്ലാ വർഷവും സപ്തംബർ 25 ലോക ഫാർമസി ദിനമായി ആചരിക്കുകയാണ്. ജവമൃാമര്യ: അഹംമ്യ െൃtuേെലറ ളീൃ ്യീൗൃ ഒലമഹവേ എന്നാണ് ഈ വർഷത്തെ സന്ദേശം. ഫാർമസി എപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വിശ്വസനീയം എന്നത് രോഗീ - ഫാർമസിസ്റ്റ് ബന്ധത്തിന്റെ ഊഷ്മളത നിലനിർത്തേണ്ടതിന്റെ പ്രസക്തിയെ കൂടുതൽ ഓർമ്മപ്പെടുത്തുകയാണ്.
വിശ്വാസമാണ് എല്ലാ പ്രാഥമിക ബന്ധങ്ങളുടേയും അടിസ്ഥാനം -ആരോഗ്യ സേവനത്തിലും വിശ്വാസം വളരെ പ്രധാനമാണ്. ആരോഗ്യ പ്രവർത്തകരിൽ രോഗികൾക്ക് ഉണ്ടാവുന്ന വിശ്വാസം രോഗികളിൽ കൂടുതൽ സംതൃപ്തി ഉളവാക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
കോവിഡ് കാലത്ത് ലോകത്തൊട്ടാകെയുള്ള ഫാർമസിസ്റ്റുകൾ രോഗികൾക്ക് മരുന്ന് എത്തിക്കുന്ന കാര്യത്തിലും കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കൊപ്പം വാക്‌സിന്റെ കണ്ടുപിടുത്തത്തിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് മായി ബന്ധപ്പെട്ട് ഔഷധങ്ങളും വാക്‌സിനും സംബന്ധിച്ച് പൊതുസമൂഹത്തിലെ തെറ്റിദ്ധാരണകൾ മാറ്റിയെടുക്കുന്നതിലും ഫാർമസിസ്റ്റുകളുടെ സേവനം നിസ്തുലമാണ്.
കൊറോണയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലും സാനിറ്റെസർ വ്യാപകമായി ഉൽപ്പാദിപ്പിക്കാൻ ഫാർമസിസ്റ്റുകൾ രംഗത്ത് വന്നിരുന്നു.
ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ മരുന്ന് ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ്. ലോകത്തിലെ അറുപത് ശതമാനം മരുന്നും ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയാണ് 'ലോകത്തിന്റെ ഫാർമസി'
2009 ൽ ഇസ്താൻ ബുള്ളിൽ ചേർന്ന ഫെഡറേഷൻ ഓഫ് ഇൻറർനേഷനൽ ഫാർമസി കൗൺസിലാണ് ലോക ഫാർമസി ദിനം ആചരിക്കാൻ തീരുമാനിച്ചത്.2021 മുതലാണ് സപ്തംബർ 25 ന് ലോക ഫാർമസി ദിനാചരണം തുടങ്ങിയത്. ഓരോ വർഷവും ഓരോ സന്ദേശം അടിസ്ഥാനമാക്കിയാണ് ആചരണം.
ആരോഗ്യരംഗത്ത് ഫാർമസിസ്റ്റുകളുടെ പങ്കിനെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഈ ദിനം.തങ്ങൾക്ക് ലഭ്യമായ മരുന്നുകളെ സംബന്ധിച്ച വിശദമായ അറിവ് അത് ഉപയോഗിക്കുന്ന രോഗികളിൽ നിതാന്ത ജാഗ്രതയോടെ എത്തിക്കുകയെന്നത് ആരോ ഫാർമസിസ്റ്റിന്റേയും കടമയാണ്.
ഫാർമസി രംഗത്ത് 78 ശതമാനം സ്ത്രീകളാണ്. ലോകത്താകെ നാല് ദശലക്ഷം ഫാർമസിസ്റ്റുകൾ സേവനം അനുഷ്ടിക്കുന്നുണ്ട്.
ഫാർമസി വ്യവസായം എന്നത് യുദ്ധ വ്യവസായം കഴിഞ്ഞാൽ ഏറ്റവും വലുതാണ്.1204 ബില്യൺ ഡോളർ ആണ് ആഗോള മാർക്കറ്റ്.
ഔഷധങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം ,കൗൺസിലിംഗ് എന്നീ കാര്യത്തിൽ ഫാർമസിസ്റ്റുകൾ സേവനം നടത്തുന്നുണ്ട്.
ആഗോളതലത്തിൽ അൻറ്റിബയോട്ടിക്ക് റസിസ്റ്റൻസ് ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ജനങ്ങളിൽ അവബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്വമാണ്. മരുന്നുകളുടെ ഉപഭോഗം ഏറെ കൂടുതൽ ഉള്ള കേരളം പോലുള്ള പ്രദേശങ്ങളിൽ സർക്കാർ തലത്തിൽ ഇതിന് തുടക്കം കുറിച്ചെങ്കിലും അത് ജനകീയമാക്കുന്നതിൽ ഫാർമസി സമൂഹം ഇടപെടേണ്ടതുണ്ട്.
ആതുര ശുശ്രൂഷ രംഗത്ത് രോഗിയുടെ അവസാനത്തെ കണ്ണിയെന്ന നിലയിൽ ഫാർമസിസ്റ്റുകൾക്ക് രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ ആവണം
.

കുഞ്ഞ് സൻഹയും മന്ത്രിയപ്പൂപ്പനും വൈറലാകുന്നു

സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഓൺലൈൻ ക്ലാസ് മടുത്തെന്ന് പറഞ്ഞ സൻഹ മോളുവും ആശ്വസിപ്പിക്കുന്ന മന്ത്രിയപ്പൂപ്പന്റെയും വാക്കുകൾ വൈറലാകുന്നു. ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും മാത്രമല്ല ഇതര രാജ്യങ്ങളിലെ മാധ്യമങ്ങളിലെല്ലാം വൈറലാകുകയാണ് കുഞ്ഞ് സിൻഹയുടെ വീഡിയോ.
'ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല... ' ഓൺലൈൻ ക്ലാസ് മടുത്ത്കരഞ്ഞ യുകെജിക്കാരിയ്ക്കാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വീഡിയോ കോളിൽ വിളിച്ച് ആശ്വാസ വാക്കുകൾ നൽകിയത്.
വയനാട്ടിലെ മരിയനാട് സ്‌കൂൾ വിദ്യാർഥിനി സൻഹ ഫാത്തിമയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീഡിയോ കാൾ ചെയ്തപ്പോൾ ഉൽസാഹം കൊണ്ട് മതിമറക്കുകയായിരുന്നു സൻഹ.
സ്‌കൂൾ ഉടൻ തുറക്കണം എന്നായിരുന്നു അവളുടെ ആദ്യത്തെ ആവശ്യം. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ലെന്നും ടീച്ചർമാരെ നേരിൽ കാണാനാകുന്നില്ലെന്നും പരിഭവക്കെട്ടഴിച്ചു. അതിനിടെയാണ് മന്ത്രിയെ സാർ എന്നു വിളിച്ചത്. സാറല്ല പൊതു വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനാണെന്ന് അദ്ദേഹം തിരുത്തി. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്ന കാര്യം പറഞ്ഞതോടെ സന്തോഷത്തിലായി സൻഹ ഫാത്തിമ. വയനാട്ടിൽ വരുമ്പോൾ അപ്പൂപ്പൻ കാണാൻ വരണമെന്നായിരുന്നു അവളുടെ അടുത്ത ആവശ്യം. ഇതും മന്ത്രി അംഗീകരിച്ചു.വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന സൻഹ ഫാത്തിമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മന്ത്രി വി ശിവൻകുട്ടി തന്നെ ഇത് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

 

ഓർക്കിഡ്:പുഷ്പലോകത്തിലെ അമൂല്യ രത്‌നങ്ങൾ (ഭാഗം 3)

രോഗകീട ബാധകൾ
രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ തികഞ്ഞ ജാഗ്രതയുണ്ടെങ്കിൽ മാത്രമെ ഓർക്കിഡ് കൃഷി വിജയകരമാകൂ.
ഓർക്കിഡ് വളർത്തുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ് രോഗകീട ബാധകൾ. രോഗ കീടബാധകൾ ആരംഭത്തിൽ തന്നെ തിരിച്ചറിയാനും ഇവക്കെതിരെയുള്ള ഫലപ്രദമായ നിയന്ത്രണ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നതും ഓർക്കിഡ് നട്ടുവളർത്തുന്നവർ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം.

രോഗങ്ങൾ
ആന്ത്രാക്‌നോസ് :
ഇല, തണ്ട്, പൂങ്കുല എന്നീ ഭാഗങ്ങളിൽ തവിട്ട് നിറത്തിലുള്ള പൊട്ടുകളും പാടുകളും പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണം. ക്രമേണ രോഗം ബാധിച്ച ഇലകൾ കൊഴിഞ്ഞു വീഴുകയും പൂക്കുലകൾ കരിഞ്ഞു പോകുകയും ചെയ്യും.
രോഗം ബാധിച്ച ഭാഗങ്ങൾ പൂർണ്ണമായും നശിപ്പിക്കണം. ഒപ്പം രോഗം ബാധിച്ച ചെടികളെ മറ്റു ചെടികളിൽ നിന്നും മാറ്റി വെയ്ക്കുകയും വേണം. ചെടികളുടെ ഇലകളിൽ അധികം നനവുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കാർബെന്റാസിം എന്ന കുമിൾനാശിനി ഒരു മി.ലിറ്റർ അല്ലെങ്കിൽ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ആവശ്യത്തിന് ലായനി തയ്യാറാക്കി ചെടികളിൽ തളിക്കണം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഒന്നോ രണ്ടോ ആഴ്ച ഇടവിട്ട് മരുന്ന് തളി നടത്തേണ്ടതാണ്.
കൊളിറ്റോട്രിക്കം ഗ്‌ളിയോസ് പോറിയോയിഡ്‌സ് എന്ന കുമിളാണ് രോഗകാരണം.
വേരുചീയൽ:
നീർവാർച്ചാ സൗകര്യം കുറയത്തക്കവിധത്തിൽ തെഉൗ്രശാണ്ട് ഉപയോഗിച്ച് തൈകൾ നടുന്ന ചട്ടികളിലാണ് വേര് ചീയൽ കൂടുതലായും കാണുന്നത്. രോഗം ബാധിച്ച ചെടികളുടെ വേരുകൾ അഴുകുകയും ക്രമേണ തൈകൾ നശിച്ച് ഉണങ്ങിപ്പോകുകയും ചെയ്യുന്നു. ഓർക്കിഡ് മാധ്യമത്തിൽ
വെള്ളം കെട്ടി നില്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.
രോഗബാധയുള്ള ചെടികൾ പിഴുത് മാറ്റിയ ശേഷം മാങ്കോസെബ് എന്ന കുമിൾനാശിനി രണ്ടര ഗ്രാം അല്ലെങ്കിൽ കാപ്റ്റാൻ രണ്ടു ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ ആവശ്യത്തിന് ലായനി തയ്യാറാക്കി ചെടികളിലും വേരുകളിലും വീഴത്തക്കവണ്ണം തളിച്ചു കൊടുക്കണം.
ബ്ലാക്ക് റോട്ട് അഥവാ അഴുകൽ :
കൂടുതൽ ഊർപ്പം തങ്ങി നിൽക്കുന്ന അവസ്ഥയിൽ ഉണ്ടായേക്കാവുന്ന രോഗമാണിത്.
ഇലകളിൽ കറുപ്പ് കലർന്നതും പച്ചനിറത്തിലുളളതുമായ വെള്ളം നനഞ്ഞതു പോലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗാരംഭം. രോഗം ബാധിച്ച ഇലകൾ പിന്നീട് മഞ്ഞളിച്ച് കൊഴിഞ്ഞ് പോകുകയും തൈകൾ പൂർണ്ണമായും അഴുകി നശിച്ചു പോകുകയും ചെയ്യും.
കാലാവസ്ഥക്ക് യോജിച്ച വിധത്തിൽ ഷേഡ് നെറ്റുകൾ ക്രമീകരിക്കണം.
രോഗബാധിച്ച ചെടികളും , രോഗ ബാധിത ഭാഗങ്ങളും നശിപ്പിക്കണം.
മാങ്കോസെബ്, കാപ്റ്റാൻ, അക്കോമിൽ - 40 എന്നീ കുമിൾനാശിനികളിൽ ഏതെങ്കിലും ഒന്ന് രണ്ടര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി ചെടികളിൽ തളിക്കുകയും വേര് കുതിരത്തക്കവണ്ണം ചെടിയിൽ ഒഴിച്ചു കൊടുക്കുകയും വേണം.
ഫൈറ്റോഫ്‌ത്തോറ പാമിവോറ, പിത്തിയം അൾട്ടിമം എന്നീ രണ്ടു മാരകമായ കുമിളുകളുടെ ആക്രമണം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.
ഇലപ്പുള്ളി രോഗം :
കറുപ്പും തവിട്ടും നിറത്തിലുളള പുള്ളിക്കുത്തുകൾ ഇലകളിൽ ഉണ്ടാവുന്നതാണ് പ്രാരംഭ ലക്ഷണം. പുള്ളിക്കത്തിനു ചുറ്റും മഞ്ഞ നിറത്തിലുളള ആവരണവും കാണാം. അനുകുല കാലാവസ്ഥയിൽ പുള്ളിക്കുത്തുകൾ ക്രമേണ വലുതാകുകയും ഇല കരിച്ചിലുണ്ടാക്കുകയും ചെയ്യുന്നു.
രോഗം ബാധിച്ച ചെടികളെ മറ്റുള്ളവയിൽ നിന്ന് അകറ്റി വെക്കണം. ചെടികളുടെ ഇലകളിൽ അധികം നനവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ ഗ്രീൻ ഹൗസിൽ അന്തരീക്ഷഘടകങ്ങളെ നിയന്ത്രിക്കുവാനുള്ള സംവിധാനം ഉണ്ടാക്കണം.
രോഗ ലക്ഷണം കണ്ടു തുടങ്ങുമ്പോൾ തന്നെ കാർബെൻഡാസിം ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ആവശ്യത്തിന് ലായനി തയ്യാറാക്കി ഇലകളിൽ തളിച്ചു കൊടുക്കണം.
സെർക്കോസ്‌പോറ ഡെൻഡ്രോബി, ഫില്ലോസ്റ്റിക്റ്റാകാപ്പിറ്റലെൻസിസ്, സെപ്‌റ്റോറിയ സെലെനോ ഫോമോയിഡസ് എന്നീ കുമിളുകളാണ് ഈ രോഗത്തിന് കാരണം.

പൂക്കളിലെ പുള്ളികളും കരിച്ചിലും :

പുക്കളിൽ പുളളികളും കരിച്ചിലും ഉണ്ടാകുന്നതാണ് രോഗ ലക്ഷണം. മഴക്കാലത്താണ് ഈ രോഗം കൂടുതലായും കാണുന്നത്.
പുക്കളിൽ വെള്ളം വീഴാതിരിക്കാൻ ശ്രദ്ധിക്കണം. കഴിവതും അതി രാവിലേയോ വൈകുന്നേരമോ മാത്രം ചെടികൾക്ക് നന നൽകണം. ഗ്രീൻ ഹൗസിനകത്തെ അന്തരീക്ഷഘടകങ്ങളെ നിയന്ത്രിക്കണം.
രോഗം രൂക്ഷകരമാണെങ്കിൽ മാങ്കോസെബ് രണ്ടര ഗ്രാം, തൈറോം രണ്ടര ഗ്രാം, കാർബൻഡാസിം
ഒരു ഗ്രാം എന്നിവയിലൊന്ന് ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി പുക്കളിൽ തളിച്ചു കൊടുക്കണം.
ബ്രോ ട്രൈറ്റിസ് സിനേറിയ എന്ന കുമിൾ ആണ് ഈ രോഗത്തിന് കാരണം.
പൂങ്കുലക്ക് പകരം തണ്ടുകൾ വളരൽ :

നൈട്രജന്റെ അംശം കൂടുമ്പോഴാണ് ഈവിധ വളർച്ചയുണ്ടാവുന്നത്.
നൈട്രജൻ വളങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണം. പൊട്ടാസ്യം ഡൈ ഹൈഡ്രജൻ ഓർത്തോ ഫോസ്‌ഫേറ്റ് ഒരു ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ ആഴ്ചയിൽ രണ്ടു തവണയായി മൂന്നോ നാലോ ആഴ്ച ചെടികൾക്ക് നൽകിയാൽ ഈ അസുഖത്തിന് നിയന്ത്രണമാകും.

കീടങ്ങൾ
മീലിമൂട്ട :
വെള്ളനിറത്തിൽ തണ്ടിലും ഇലയിലും പറ്റി പിടിച്ചിരിക്കുന്ന ഈ കീടങ്ങൾ നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി ക്രമേണ ഇലയും തണ്ടും ഉണങ്ങി നശിക്കുന്നു.
ആക്രമണം മൂലം കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്ത ശേഷം മാലത്തയോൺ എന്ന കീടനാശിനി രണ്ടു മില്ലിലിറ്റർ ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചു കീടശല്യം ഒഴിവാക്കാം.

ശൽക്കകീടങ്ങൾ :(സ്‌കെയിൽസ് )
ചെടിയുടെ ചുവടുഭാഗത്ത് ഇലകളുടെ ഇരുവശങ്ങളിലുമായി പറ്റിക്കൂടിയിരുന്നു നീര് വലിച്ച് കുടിക്കുന്നതിന്റെ ഫലമായി ചെടിയുടെ വളർച്ച മുരടിക്കുകയും, ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
ടൂത്ത്ബ്രഷോ മറ്റോ ഉപയോഗിച്ച് കീടങ്ങളെ വൃത്തിയായി ചുരണ്ടി മാറ്റിയ ശേഷം മാലത്തയോൺ എന്ന കീടനാശിനി രണ്ടു മി.ലിറ്റർ അല്ലെങ്കിൽ റോഗർ ഒന്നര മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിച്ച് ഈ കീടങ്ങളെ നിയന്ത്രിക്കാം.

ചുവന്ന ചെള്ള് അഥവാ മണ്ഡരി :

എട്ടുകാലികളോട് സാദൃശ്യമുള്ളതും മണ്ഡരി വർഗ്ഗത്തിൽപ്പെട്ടതുമായ ചുവന്ന ചെള്ളുകൾ വേനൽക്കാലങ്ങളിൽ ഇലകളുടെ അടിവശത്ത് പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിക്കുന്നതു മൂലം ഇലകൾ മഞ്ഞളിച്ച്, ചുരുണ്ട് വികൃതമാകുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു.
ക്രമേണ ഇലകൾ പൊഴിഞ്ഞു പോകുകയും ചെയ്യും.
കീടബാധയുള്ള ഇലകൾ പറിച്ചെടുത്ത് തീയിട്ട് നശിപ്പിക്കുക. അതിനു ശേഷം കെൽ ത്തേൻ എന്ന മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ ആറ് മി.ലിറ്റർ എന്ന തോതിൽ ചേർത്ത് ആവശ്യത്തിന് മരുന്നു ലായനി തയ്യാറാക്കി തളിക്കണം.

ഒച്ച് :

ഓർക്കിഡിന്റെ തളിരിലകളും പുതിയ മുകുളങ്ങളും പൂമൊട്ടും ഒച്ചുകൾ തിന്നു നശിപ്പിക്കുന്നു. വേരിന്റെ വളരുന്ന മാർദ്ദവമുള്ള ഭാഗവും ഇവ തിന്നു നശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. പല ജനുസ്സുകളിൽപ്പെട്ട ഇവ പകൽ സമയത്ത് തൊണ്ട് കഷണങ്ങൾക്കിടയിലും, ഇഷ്ടികക്കഷണങ്ങൾക്കിടയിലും ഒളിച്ചിരിക്കുന്നു. രാത്രികാലങ്ങളിൽ പുറത്തേക്കിറങ്ങി വന്നാണ് ഇവ ചെടികൾക്ക് നാശമുണ്ടാക്കുന്നത്.
മെറ്റാൽഡിഹൈഡ് ബെയിറ്റ ഉപയോഗിച്ച് ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം.
ബിയർ ഒരു പാത്രത്തിൽ ഒഴിച്ച് ചെടികൾക്കരികിൽ വെച്ചാൽ ഒച്ചുകൾ ഇതിലേക്ക് ആകർഷിക്കപ്പെടും. തുരിശ് ലായനി ഉപയോഗിച്ചും , ഉപ്പു വിതറിയും ഒച്ചുകളെ നിയന്തിക്കാനാവും. രാത്രികാലങ്ങളിൽ വിളക്കിന്റെ സഹായത്തോടെ ഒച്ചുകളെ പിടിച്ച് നശിപ്പിക്കുകയും ചെയ്യാം.

വിളവെടുപ്പ്.
ഓർക്കിഡ് പൂങ്കുലകൾ മുറിച്ചെടുക്കേണ്ടത് പൂങ്കുലയിൽ രണ്ടോ മൂന്നോ പൂമൊട്ടുകൾ വിരിയാൻ ബാക്കിയുളള അവസ്ഥയിലാണ്. അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരം ആണ് വിളവെടുപ്പ് നടത്തേണ്ടത്. കയറ്റുമതിക്കായുള്ള പൂക്കളെ പ്രത്യേകം പായ്ക്ക് ചെയ്യുന്നു.

 

Most Read

  • Week

  • Month

  • All