കൽപ്പറ്റ
മേപ്പാടി എളമ്പിലേരിയിൽ യുവതിയെ കാട്ടാന ചവിട്ടൊന്ന സംഭവത്തിൽ റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ നിർദേശം. യുവതിയും സംഘവും താമസിച്ചിരുന്ന റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. സംഭവ സ്ഥലം സന്ദർശിച്ച ശേഷം വയനാട് കലക്ടർ അദീല അബ്ദുല്ലയാണ് നടപടിക്ക് ഉത്തരവിട്ടത്.
റിസോർട്ടിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികാരികൾ അറിയിച്ചു. വിനോദസഞ്ചാരികൾക്കായി തയ്യാറാക്കിയ ടെന്റുകൾക്ക് സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശവുമാണ് ഇത്. ജില്ലയിലെ സമാന റിസോർട്ടുകളിലും പരിശോധന നടത്തും. പഞ്ചായത്ത്, വനംവകുപ്പ് അധികാരികളുമായി ചേർന്ന് സുരക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും ടെന്റ് കെട്ടിയുള്ള റിസോർട്ടിന്റെ പ്രവർത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നു കളക്ടർ പറഞ്ഞു.
റെയിൻ ഫോറസ്റ്റ് റിസോർട്ടിന്റെ ടെന്റിൽ താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണ് ശനിയാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്. മേപ്പാടി എലിമ്പിലേരിയിൽ വനാതിർത്തിയിലെ റിസോർട്ട് കോമ്പൗണ്ടിൽ ടെന്റടിച്ച് താമസിക്കുകയായിരുന്നു ചേലേരിയിൽനിന്നെത്തിയ സംഘം. ഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവർ ഓടിരക്ഷപ്പെട്ടപ്പോൾ ഷഹാനയെ കാട്ടാന ചവിട്ടുകയായിരുന്നു. ഉടൻ മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷഹാനയുടെ മതൃദേഹം ഫോറൻസിക് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

 

Most Read

  • Week

  • Month

  • All