പരിയാരം 

കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ എംഎൽഎയും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ രോഗമുക്തനായി ആരോഗ്യം ഏറെക്കുറേ വീണ്ടെടുത്തതായി തിങ്കളാഴ്ച വൈകിട്ടു ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.
ചൊവ്വാഴ്ച രാവിലത്തെ പരിശോധനകൂടി കഴിഞ്ഞ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും. ഒരുമാസത്തെ വിശ്രമവും തുടർചികിത്സയും കർശനമായി പാലിക്കണമെന്നും സന്ദർശകരെ പൂർണമായും ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനാൽ ജനുവരി 18ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം വി ജയരാജനെ 20നാണ് പരിയാരത്തേക്കു മാറ്റിയത്.
പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ് ചെയർമാനും സൂപ്രണ്ട് ഡോ. കെ സുദീപ് കൺവീനറുമായ പ്രത്യേക മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കോവിഡ് ഐസിയുവിലെ നേഴ്സുമാരുടെ സേവന സന്നദ്ധതയും അർപ്പണബോധവും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവർ ജയരാജന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കൽ സൂപ്രണ്ടുമായി ചർച്ച നടത്തി. ആരോഗ്യപ്രവർത്തകരെ ഇരുവരും അഭിനന്ദിച്ചു.

 

Most Read

  • Week

  • Month

  • All