മുണ്ടേരിയിൽ എല്ലാ വീടുകളിലും നെല്ല് വിളയും
ഒരു പിടി വിത്ത് ഒരു പറ നെല്ല്
സ്വന്തം ലേഖകൻ
കണ്ണൂർ
മുണ്ടേരി പഞ്ചായത്തിലെ എല്ലാ വീടുകളിലും നെല്ല് വിളയും. ഓണ ക്കാലമാവുന്നതോടെ വിളഞ്ഞു നിൽക്കുന്ന നെൽപാടമായിരിക്കും ഇവിടത്തെ കാഴ്ച. പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു കാർഷിക സ്വയംപര്യാപ്ത പഞ്ചായത്തായി മാറാനാണ് പദ്ധതി. കരനെൽകൃഷിയിലൂടെ ഇവിടെയുള്ള ആറായിരത്തോളം കുടുംബങ്ങൾ സ്വന്തം വീട്ടുപറമ്പിൽ നെല്ല് വിതയ്ക്കും.
കൊവിഡ് കാലത്ത് സ്വന്തം വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് മുണ്ടേരി പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. 'ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിക്ക് കൃഷിഭവനാണ് നേതൃത്വം നൽകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് നെൽകൃഷിയിൽ ഗണ്യമായ കുറവ് ഈ വർഷം ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി ആ കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യമെന്ന് കൃഷി ഓഫീസർ ടി കൃഷ്ണപ്രസാദ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി നെൽവിത്തുകൾ വീടുകളിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി ഇരുന്നൂറോളം വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജൂൺ 10ന് നടത്തും. ഒരു വാർഡിൽ നിന്ന് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ എട്ട് വീതം വളണ്ടിയർമാരാണ് ഉണ്ടാവുക. 'നമ്മുടെ ഭക്ഷണം നമ്മുടെ വീട്ട് വളപ്പിൽ' ഉൽപാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നെൽകൃഷിക്ക് പുറമെ മറ്റ് ഉൽപന്നങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഓരോ വാർഡിലും ഓരോ ഉൽപ്പന്നം കൃഷി ചെയ്ത് പ്രാദേശിക ചന്തകളിലൂടെ വിൽപ്പന നടത്തി പഞ്ചായത്തിലെ എല്ലാവർക്കും ലഭ്യമാക്കും. വാർഡ് സമിതികൾ, അയൽകൂട്ടം, കുടുംബശ്രീകൾ വഴി എന്നിവരായിരിക്കും ഇതിന് നേതൃത്വം നൽകുക.
നെൽവിത്ത് വിതരണ പരിപാടിയുടെ ഉദ്ഘാടനം മുണ്ടേരി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എ അനിഷ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പി ബാബു, കൃഷി അസിസ്റ്റന്റ് എസ് മിനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പ്രകാശൻ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Most Read

  • Week

  • Month

  • All