നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വ്യാപകം
പികെ ബൈജു
കണ്ണൂർ
നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് വ്യാപകം. കോവിഡിന്റെ മറവിലാണ് ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. കേരളത്തിലെ ഉൽപാദനത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി എത്തുകയാണ്.
ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഗ്ലാസ് പോലുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് നല്ല നിലയിൽ കുറഞ്ഞിരുന്നു. ശക്തമായ ഇടപെടലും വ്യാപകമായ ബോധവൽക്കരണവുമായിരുന്നു ഇതിന് കാരണം. കോവിഡ് വന്നതോടെ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ, കുപ്പി ഗ്ലാസുകൾ പൊതു ഇടങ്ങളിൽ ഉപയോഗിക്കുന്നത് കുറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക് സഞ്ചികൾ തിരിച്ചെത്തി. ഇതിലും മാരകമായ പിവിസി ഫ്‌ളക്‌സ് ബോർഡുകൾ വ്യാപകമായി തിരികെ എത്തി എന്നുള്ളതാണ്. കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്തുളള ഉപയോഗം സംസ്ഥാനത്ത് വ്യാപിച്ചിരുന്നു. തദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇത് കർശനമായ പരിശോധനക്ക് വിധേയമായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പോടെ അയഞ്ഞു. ഇത് മുതലെടുത്താണ് ഇപ്പോൾ പിവിസി ഫ്‌ളക്‌സ് വ്യാപകമാകുന്നത്. വൻകിട ഹോർഡിംഗുകൾ പോലും തിരിച്ചെത്തുകയാണ്.
പിവിസി ഫ്‌ളക്‌സിന് പകരം പോളി എത്തിലീൻ ഉപയോഗിച്ചാൽ നല്ല ഭംഗിയിൽ പ്രിന്റ് ചെയ്യാൻ പറ്റും. നിരക്കിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും പോളി എത്തിലീൻ പുനസംസ്‌കരിച്ച് ഉപയോഗിക്കാൻ പറ്റും. ദേശീയ ഗെയിംസിൽ കേരളത്തിൽ വ്യാപകമായി ഇതായിരുന്നു ഉപയോഗിച്ചത്.
സംസ്ഥാനത്ത് 36 സ്ഥാപനങ്ങളാണ് പിവിസി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇവരുടെ കൈവശം ഇപ്പോഴും വലിയ തോതിൽ സ്റ്റോക്കുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അനധികൃതമായ സ്വാധീനം ചെലുത്തിയാണ് ഇവരുടെ നേതൃത്വത്തിലുള്ള കച്ചവടം. ഫുഡ്‌ബോൾ കാലമായതോടെ നഗരത്തിലും ഗ്രാമങ്ങളിലും വലിയ തോതിൽ ബോർഡുകൾ വരാനിരിക്കെയാണ് പിവിസി ഫ്‌ളക്‌സ് ടീമിന്റെ ഇടപെടൽ ശക്തമാകുന്നത്.
റീസൈക്ലിംഗ് ചെയ്യാൻ സാധിക്കുന്ന 100 ശതമാനം കോട്ടൺ ഉപയോഗിക്കുന്ന പോളി എത്തിലീൻ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ ശക്തമായി ഇടപെടണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. അതൊടൊപ്പം അനധികൃത പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ശക്തമായ നടപടിയും സ്വീകരിക്കണം.

Most Read

  • Week

  • Month

  • All