മലബാറിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ആസ്ഥാനമാകാൻ ചിറക്കൽ
ചിറക്കൽ
1949 ആഗസ്ത് 16ന് ചിറക്കൽ എലിമെന്ററി സ്‌കൂളിൽ നടന്ന ഐതിഹാസിക തെരഞ്ഞെടുപ്പ് മോസ്‌കോ റേഡിയോയിലൂടെ ലോക വാർത്തയായതാണ് ചിറക്കൽ പഞ്ചായത്തിന്റെ പ്രാധാന്യം.
കോലത്തുനാടിന്റെ താവഴിയായ ചിറക്കൽ രാജവംശത്തിന്റെയും ചരിത്രശേഷിപ്പ് പേറുന്ന ഭൂമിക ദേശീയ സ്വാ തന്ത്ര്യ പ്രസ്ഥാനത്തിന്റെയും പിന്നീട് കമ്യൂണിസ്റ്റ് പാർടിയുടെയും വിളനിലമായി മാറുകയായിരുന്നു. 1949 ജൂലൈയിലാണ് ചിറക്കൽ പഞ്ചായത്ത് രൂപം കൊണ്ടത്.
കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ ഡിസംബറിൽ അധികാരമൊഴിഞ്ഞ ഭരണസമിതിയുടേത്. . സമഗ്ര നെൽകൃഷി വികസന പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 40 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കി. സദാ ഉപ്പുവെള്ളം കയറുന്ന കാട്ടാമ്പള്ളി മേഖലയിൽ മൂന്നിടത്ത് വിസിബി സ്ഥാപിച്ചതിലൂടെ 25 ഏക്കറിൽ കൈപ്പാട് കൃഷി ചെയ്യാനായി. 12 ഏക്കർ തരിശുഭൂമിയിൽ പച്ചക്കറി കൃഷി ചെയ്തു. ഒരേക്കറിൽ സ്‌കൂൾ പച്ചക്കറിയും.
ചിറക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയത് ശ്രദ്ധേയ ചുവടുവയ്പ്. സായാഹ്ന ഒപിയും പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിക്ക് മന്നയിൽ ഒമ്പതു ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചു.
50 ലക്ഷം രൂപ ചെലവിൽ ആവിഷ്‌കരിച്ച കുന്നുംകൈ പട്ടികജാതി വ്യവസായ എസ്റ്റേറ്റ് യാഥാർഥ്യമായി. ചിറക്കൽ ബ്രിക്സ് എന്ന ബ്രാൻഡിലുള്ള സിമന്റ് കട്ട നിർമാണ യൂണിറ്റും എടുത്തുപറയാവുന്ന നേട്ടം. ലൈഫ് ഭവന പദ്ധതി മാതൃകാപരമായി നടപ്പാക്കാനായി. ഇ എം എസ് ഭവനപദ്ധതിയുടെ ഭാഗമായി 43 വീട് നിർമിച്ചു നൽകി. സ്‌കൂളുകൾ ഹൈടെക് നിലവാരത്തിലേക്ക് ഉയരുകയാണ്. കാട്ടാമ്പള്ളി ജിഎം യുപി സ്‌കൂളിൽ രണ്ട് കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു. സാമ്പത്തിക പരിമിതികൾക്കിടയിലും ഇടറോഡുകൾ പോലും ടാർ ചെയ്ത് മിനുക്കി.
മാലിന്യ ശേഖരണത്തിനായി എല്ലാ വാർഡുകളിലും ഹരിത കർമസേന രൂപീകരിച്ചു. ഉറവിട മാലിന്യ സംസ്‌കരണത്തിനായി വീടുകളിൽ 1165 പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചു. 150 ബയോഗ്യാസ് പ്ലാന്റ്, 1108 റിങ് കമ്പോസ്റ്റ് എന്നിവയുമുണ്ട്. പുതിയതെരു മാർക്കറ്റിൽ ജൈവ മാലിന്യസംസ്‌കരണത്തിനായി പത്ത് ലക്ഷം രൂപ ചെലവിൽ തുമ്പൂർമുഴി കമ്പോസ്റ്റ് പിറ്റ് സ്ഥാപിച്ചതും വികസനവഴിയിലെ നാഴികക്കല്ലാണ്.. എ സോമന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കഴിഞ്ഞ ഡിസംബറിൽ സ്ഥാനമൊഴിഞ്ഞത്.
അധികാരമേറ്റത് മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലാണ് പുതിയ ഭരണ സമിതി. പി ശ്രുതി പ്രസിഡന്റും പി അനിൽകുമാർ വൈസ് പ്രസിഡന്റുമായുള്ള ഭരണ സമിതിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ചെറുശ്ശേരി സ്മാരകം ഉൾപ്പെടെ മലബാറിന്റെ സാംസ്‌കാരിക പൈതൃക നിർമാണത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ അംഗീകാരം കൂടി ലഭ്യമായ അവസരം കൂടിയാണിത്. മാറുന്ന കാലത്തെ നൂതന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് ഭരണ സമിതി. 23 അംഗ ഭരണ സമിതിയിൽ 15 സിപിഐഎം അംഗങ്ങളും നാല് കോൺഗ്രസ് പ്രതിനിധികളുമാണ്. 2 പേർ മുസ്ലീലീഗിനും ഓരോ ആൾ വീതം സിപിഐയുടെയും ബിജെപിയുടെയും പ്രതിനിധികളാണ്.

Most Read

  • Week

  • Month

  • All