കരനെൽകൃഷി വിജയിപ്പിക്കാം

എം കെ പി മാവിലായി
മഴക്കാലങ്ങളിൽ പറമ്പുകളിൽ ചെയ്യുന്ന നെൽ കൃഷി പൊതുവെ കരകൃഷി, പറമ്പു കൃഷി, മോടൻ കൃഷി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഏറ്റവും അനുയോജ്യമായ നെല്ലിനങ്ങൾ തെരഞ്ഞെടുക്കുക എന്നത് കൃഷിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. വരൾച്ചയെ പ്രതിരോധിക്കുവാനുള്ള കഴിവ്, വർധിച്ച ഉൽപ്പാദന ശേഷി, താരതമ്യേന മൂപ്പ് കുറവ്, മികച്ച കീട-രോഗപ്രതിരോധ ശേഷി , ഒരു പരിധിവരെ കളകളെ അതിജീവിച്ച് വളരാനുളള കരുത്ത് എന്നിവ പ്രധാന ഘടകങ്ങളാണ്. കേരള കാർഷിക സർവ്വകലാശാല ശുപാർശ ചെയ്യുന്നതും പരമ്പരാഗത കർഷകരുടെ അനുഭവങ്ങളിലൂടെ മികച്ചതെന്ന് കണ്ടെത്തിയതുമായ ഇനങ്ങളാണ് താഴെ കാണിച്ചവ.
അന്നപൂർണ്ണ , ഐശ്വര്യ, മട്ടത്രിവേണി, സ്വർണ്ണ പ്രഭ, രോഹിണി, ഹർഷ , വൈശാഖ്, രമണി ക, കാർത്തിക, അരുണ, ചിങ്ങം, ഓണം, രേവതി, മകം, വർഷ , ജ്യോതി, സംയുക്ത , കട്ടമോടൻ,കറുത്ത മോടൻ, ചുവന്ന മോടൻ, സുവർണ മോടൻ,കൊച്ചു വിത്ത്, കരുവാള ,ചിറ്റേനി, ചെങ്കയമ, ചീര, ചെമ്പാൻ, വെളിയൻ, ഞവര, പാൽക്കയമ, അരി മോടൻ എന്നിവ. ഇതിന് പുറമെ ഔഷധ നെല്ലിനമായ ഞവരനെല്ലും കരകൃഷിയിൽ മികച്ച വിളവ് നൽകുന്നതായി കണ്ടിട്ടുണ്ട്.
കരകൃഷിക്ക് തെരഞ്ഞെടുത്ത സ്ഥലം കാലേക്കൂട്ടി ഉഴുത് മറിച്ചോ, കൊത്തിക്കിളച്ചോ പരുവപ്പെടുത്തി കളകൾ പൂർണ്ണമായും നീക്കം ചെയ്തു നിരപ്പാക്കിയിടണം. മണ്ണ് നല്ല വളക്കൂറുളതാക്കി മാറ്റണം. പാകം വന്ന കംബോസ്റ്റ് , കാലിവളം ചാണകപ്പൊടി, തുടങ്ങി ചെലവ് കുറഞ്ഞ രീതിയിൽ ലഭ്യമാകുന്ന ജൈവ വളങ്ങൾ ഒരു സെന്റ് സ്ഥലത്തേക്ക് 20 കി.ഗ്രാം എന്ന കണക്കിന് ചേർത്താൽ നന്നായി. ഒരു സെന്റ് സ്ഥലത്തേക്ക് ഒരു കി.ഗ്രാം മുതൽ രണ്ട് കി.ഗ്രാം വരെ കുമ്മായം ചേർക്കുന്നത് മണ്ണിലെ പുളിരസം കുറക്കാൻ ഉപകരിക്കും.
പുതുമഴ ലഭിച്ചു കഴിഞ്ഞാൽ വിത്ത് വിതക്കാം. വിത്ത് വാരി വിതക്കുന്നത് കരകൃഷിക്ക് അത്ര യോജിച്ചതല്ല. ഇങ്ങനെ ചെയ്താൽ കരകൃഷിയിലെ കളകളെ നീക്കം ചെയ്യൽ എളുപ്പമാകില്ല. വിത്ത് നിർദ്ദിഷ്ട അകലം നൽകി നുരി വെക്കുന്നതാണ് നല്ലത്. ഒരു സെന്റ് സ്ഥലത്തേക്ക് 25 ഗ്രാംഎന്ന തോതിൽ വിത്ത് ആവശ്യമായി വരും. ഒരു കി.ഗ്രാം വിത്തിന് 10 ഗ്രാം എന്ന നിരക്കിൽ സ്യൂഡോമോണാസ് എന്ന ജീവാണുവളം വിത്തുമായി യോജിപ്പിച്ച് നന്നായി കുഴച്ചതിനു ശേഷം തണലത്ത് 12 മണിക്കൂർ സൂക്ഷിച്ച ശേഷം നുരിയിടുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചക്ക് ഉപകരിക്കും. കരകൃഷിയിലെ
പ്രധാന ശല്യം കളകളുടെ അമിതമായ വളർച്ചയാണ്. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തന്നെ കളകളെ കഴിയുന്നതും വേരടക്കം പിഴുതെടുത്ത് നശിപ്പിക്കണം. നല്ലതുപോലെ വളക്കൂറ് വരുത്തിയ സ്ഥലങ്ങളിൽ പ്രത്യേകിച്ച് രാസവളപ്രയോഗമൊന്നും ആവശ്യമായി വരാറില്ല.
കേരള കാർഷിക സർവ്വകലാശാല ഒരു സെന്റ് സ്ഥലത്തെ നാടൻ, പരമ്പരാഗത നെല്ലിനങ്ങൾക്ക് 160 ഗ്രാം നൈട്രജൻ, 80 ഗ്രാം വീതം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നൽകാൻ ശുപാർശ ചെയ്യുന്നുണ്ട്. ഉൽപ്പാദന ക്ഷമതയുളള മൂപ്പ് കുറഞ്ഞ ഇനങ്ങൾക്ക് ഒരു സെന്റ് സ്ഥലത്തേക്ക് യഥാക്രമം നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 280 ഗ്രാം, 140 ഗ്രാം, 140 ഗ്രാം എന്നീ തോതിൽ നൽകുന്നത് വിളവ് പരമാവധി വർദ്ധിപ്പിക്കുവാൻ സഹായിക്കുമെന്ന് നിർദ്ദേശിക്കുന്നു.
ജൈവ രീതിയിൽ മോടൻ കൃഷി അവലംബിക്കുന്ന വർ ജീവാമൃതം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ് എന്നീ വളർച്ചാ ത്വരകങ്ങൾ തയ്യാറാക്കി പ്രയോഗിക്കുന്നത്
രാസവളങ്ങൾ ഉപയോഗിക്കാത്തതു കൊണ്ടുളള പോഷക പോരായ്മ പരിഹരിക്കുന്നതിന് സഹായകമാകും.
പിണ്ണാക്ക് വളങ്ങൾ പുളിപ്പിച്ച് നേർപ്പിച്ചത്, ഗോമൂത്രം ഏഴിരട്ടി വെളളം ചേർത്ത് നേർപ്പിച്ചത് എന്നിവ തളിച്ചു കൊടുക്കുന്നതും വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഉപകരിക്കും.

നെല്ലിൽ കതിർവരുന്ന സമയത്ത് കരകൃഷിയിൽ ചാഴിശല്യം രൂക്ഷമാകാറുണ്ട്.
ഇതിനെതിരെ വിഷപ്രയോഗം പാടില്ല. ഇവയെ ഫലപ്രദമായി നിയന്ത്രിക്കാൻ നമുക്ക് തന്നെ ഒരു മരുന്ന് തയ്യാറാക്കാം.
കോഴിമുട്ട ഒരെണ്ണം തോട് മാറ്റി അടിച്ചെടുത്ത് നാല് ദിവസം പുളിക്കാൻ വെക്കുക. ഇത് 25 ലിറ്റർ വെള്ളം ചേർത്ത് തളിച്ച് കൊടുക്കണം.

 

Most Read

  • Week

  • Month

  • All