വാഴ: പ്രകൃതിയുടെ വരദാനം
എംകെപി മാവിലായി


സ്വർഗീയഫലം എന്നാണ് വാഴപ്പഴത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യസംസംസ്‌ക്കാരത്തോളം തന്നെ പഴക്കമുള്ള ഫലവർഗ്ഗമാണിത്. തെങ്ങിൻ തോപ്പിൽ ഇടവിളയായി വളരുന്ന വാഴയും വാഴയോടൊപ്പം തികഞ്ഞ സൗഹാർദ്ദത്തോടെ വളർത്താവുന്ന മറ്റു വിളകളും ചേർന്ന ഒരു വിള സമ്പ്രദായം കാർഷിക കേരളത്തിന്റെ മുഖമുദ്രയാണ്.
പ്രാചീന നദീതട സംസ്‌ക്കാര കേന്ദ്രങ്ങളിൽ വാഴ സുലഭമായി വളർന്നിരുന്നുവെന്നാണ് ഗവേഷക മതം. ഹിന്ദു പുരാണങ്ങളിൽ ശരീരാമന്റെ ചിത്രകൂടാ ശ്രമത്തിനു ചുറ്റും കദളി വാഴകൾ കാടു പോലെ നിന്നിരുന്നുവെന്ന് വാത്മീകീ കാവ്യങ്ങളിൽ സൂചനയുണ്ട്. പ്ലീനിയസിന്റെ ഹിസ്റ്റോറിയ നാച്ചുറാലി സ് എന്ന പുരാതന ഗ്രീക്ക് ശാസ്ത്ര ഗ്രന്ഥത്തിലും വാഴയെപ്പറ്റി പരാമർശമുണ്ട്.
മ്യൂസേസിയേ (Musace) സസ്യ കുംബത്തിൽപ്പെട്ട വാഴയുടെ ശാസ്ത്രനാമം മ്യൂസ പാരഡൈസിയാക്ക (Musa Paradisiaca) എന്നാണ്.


സസ്യ വിവരണം
ഇന്തോ - മലയൻ പ്രദേശങ്ങളാണ് വാഴയുടെ ജന്മദേശമായി പരിഗണിക്കുന്നത്.
ഉഷ്ണമേഖലയിലും ശീതോഷ്ണ മേഖലയിലുമായി നൂറ്റിമുപ്പതിൽ പരം രാജ്യങ്ങളിൽ വ്യാപകമായി വാഴ കൃഷി ചെയ്തു വരുന്നു. ബ്രസീൽ ആണ് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യം.
ഏറ്റവും വലിയ ഓഷധിയാണ് വാഴ. ഏകദേശം മൂന്ന് മീറ്ററോളം ഉയരത്തിൽ വളരാൻ വാഴക്ക് കഴിയും. രണ്ടു വർഷമാണ് ഇതിന്റെ പരമാവധി ആയുസ്സ്. വാഴയെ മരത്തിന്റെ വിഭാഗത്തിൽ പെടുത്താൻ കഴിയില്ലെങ്കിലും ഇവക്ക് പാളികളുള്ള തായ്ത്തടിയുണ്ട്. ഈ പാളികളെ വാഴപ്പോളകൾ എന്ന് പറയുന്നു. ഉൾഭാഗത്തേക്ക് ചെല്ലുന്തോറും പാളികൾ മൃദയവായി രിക്കും. തായ്ത്തടിയുടെ കേന്ദ്രഭാഗത്ത് അൽപ്പം കട്ടികൂടിയതും മാംസളമായതുമായ ഒരു തണ്ട് ഉണ്ട്. ഇതിനെ വാഴക്കാമ്പ് എന്നു വിളിക്കാം. ഭൂമിക്കടിയിലുള്ള വാഴയുടെ കാണ്ഡഭാഗത്തേയും കുലയേയും ബന്ധിപ്പിക്കുന്നത് ഈ കാമ്പാണ്. . ഇതിന്റെ പച്ചനിറത്തിലുള നീളമുള്ള ഇലകൾക്ക് മൂന്ന്മീറ്റർ വരെ നീളവും അറപത് സെ.മീറ്റർ വരെ വീതിയുമുണ്ടാകും. ഓരോ ഇലയും രണ്ടു മാസത്തിനുളിൽ ഉണങ്ങുകയും പകരം ഇലകൾ വളർന്നു വരികയും ചെയ്യുന്നു. വാഴ നട്ട് ഇന മനുസരിച്ച് ആറ് മുതൽ പത്ത് മാസത്തിനകം അത് പുഷ്പിക്കുന്നു. അതായത് കുല പ്രത്യക്ഷപ്പെടുന്നു. ഇലകളുടെ ഉത്ഭവസ്ഥാനത്ത് നിന്നാണ് പൂക്കൾ അടങ്ങിയ കൂമ്പ് പുറത്തേക്ക് വരുന്നത്. പർപ്പിൾ നിറത്തിൽ അറ്റം കൂർത്ത് ഏകദേശം വലിയ പൂമൊട്ടിന്റെ ആകൃതിയാണ് വാഴക്കൂമ്പിന്. ഇതിനുള്ളിലുള്ള പാളികൾക്കിടയിലാണ് പൂക്കൾ സ്ഥിതി ചെയ്യുന്നത്. പൂക്കൾ വിരിയുമ്പോൾ അതിനെ പൊതിഞ്ഞ കൂമ്പിന്റെ പാളികൾ കൊഴിഞ്ഞു പോകുന്നു. വാഴ ജീവിത ചക്രത്തിൽ ഒരു പ്രാവശ്യം മാത്രമേ പുഷ്പിക്കുകയുള്ളൂ. അതിനു ശേഷം നശിച്ചു പോകുന്നു.
മണ്ണം കാലാവസ്ഥയും
സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ വരെ ഉയരമുളള പ്രദേശങ്ങളിൽ വാഴ കൃഷി ചെയ്യാമെങ്കിലും ഉയരം കൂടുതലുള്ള സ്ഥലങ്ങളിൽ വളർച്ച തൃപ്തികരമാകില്ല. വളർച്ചക്ക് ഏറ്റവും അനുയോജ്യമായ താപനില 27 ഡിഗ്രി ഇ ആണ്. നല്ല വളക്കൂറുള്ള മണ്ണം ആവശ്യത്തിന് ജല ലഭ്യതയുളള പ്രദേശങ്ങളാണ് ഏറ്റവും ഉത്തമം.

 

ഇനങ്ങൾ.
കേരളത്തിലാണ് പൊതുവെ വാഴയിനങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇവയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്ന ചിലയിനങ്ങളൊഴിച്ച് പലതും ഇന്ന് വംശമറ്റ് പോയ് കൊണ്ടിരിക്കുകയാണ്.
വാഴയിനങ്ങളെ പൊതുവെ പഴയിനം (ഠമയഹല ്മൃശലശേല െ), പച്ചക്കറിയിനം (രൗഹശിമൃ്യ ്മൃശലശേല െ) എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്. ഈ രണ്ട് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഇനങ്ങളെ 'ഡ്യുവൽ പർപ്പസ് ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ കൃഷി ചെയ്യുന്ന വാഴയിനങ്ങളിൽ അറപത് ശതമാനവും നേന്ത്രൻ ഇനങ്ങളാണ്. ഇത് പഴത്തിനും കറി വെക്കുന്നതിനും ഒരുപോലെ അനുയോജ്യമാണ്. നേന്ത്രനിൽ തന്നെ പത്തോളം വ്യത്യസ്ഥ ഇനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
നെടു നേന്ത്രൻ, സാൻസിബാർ, ചെങ്ങാലിക്കോടൻ, മഞ്ചേരി നേന്ത്രൻ, ബിഗ് എബാംഗ, ക്വിന്റൽ നേന്ത്രൻ എന്നിവയാണ് പ്രധാന നേന്ത്രൻ ഇനങ്ങൾ .
മോൺസ് മേരി, ഗ്രോമിഷൽ,റോബസ്റ്റ, ജയന്റ് ഗവർണ്ണർ , ഡ്വാർഫ് കാവൻഡിഷ് , കദളി, ചെങ്കദളി, പൂവൻ, പാളയംകോടൻ അഥവാ മൈസൂർ, ഞാലിപ്പൂവൻ അഥവാ നെയ് പൂവൻ, അമൃത സാഗർ, ഗ്രോസ്മിഷൽ,
കർപ്പൂരവള്ളി, പൂങ്കള്ളി , അടുക്കൻ അഥവാ കുന്നൻ , കൂമ്പില്ലാക്കണ്ണൻ എന്നിവ പഴത്തിനായി ഉപയോഗിക്കുന്ന ചെറു പഴങ്ങളാണ്.
മൊന്തൻ , തെഴുതാണി, പേയൻ, ബത്തീസ, കാഞ്ചി കേല, നേന്ത്രപ്പടത്തി എന്നിവ കറിക്കായ് ഇനങ്ങളാണ്.
കൃഷി രീതി*
ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികൾ തയ്യാറാക്കണം. വാഴയിനം, ഭൂഗർഭ ജലനിരപ്പ് എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും. പൊതുവെ 50 സെ.മീറ്റർ വീതം നീളം, വീതി, താഴ്ചയുളള കുഴികളാണ് ആവശ്യം. താഴ്ന്ന പ്രദേശങ്ങളിൽ തട്ടുകളാക്കിയോ കൂന കൂട്ടിയോ വേണം കന്നു നടാൻ. ഏറ്റവും ഉയർന്ന ജലനിരപ്പിൽ നിന്നും ഒരടിയെങ്കിലും പൊങ്ങി നിൽക്കത്തക്ക ഉയരത്തിൽ വാരങ്ങളും കൂനകളും തയ്യാറാക്കണം.
പരമ്പരാഗതമായി വാഴക്കന്ന് ഉപയോഗിച്ചാണ് വാഴകൃഷി ചെയ്യുക.

 

നല്ല മാതൃവാഴയിൽ നിന്നും ടിഷ്യൂകൾച്ചർ
സാങ്കേതിക വിദ്യയിലൂടെ ഉൽപ്പാദിപ്പിച്ചെടുത്ത തൈകളും നമ്മുടെ നാട്ടിൽ വാഴകൃഷിക്കായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം തൈകൾ മാതൃസസ്യത്തിന്റെ തനതായ ഗുണങ്ങൾ പ്രകടിപ്പിക്കും. ഇവ ഒരു പോലെ വളരുകയും ഒരേ സമയത്ത് ഒരേ വലുപ്പത്തിലുളള കുലകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യും.
മണ്ണിൽ നിന്നും ധാരാളം പോഷകങ്ങൾ വലിച്ചെടുത്ത് വളരുന്ന ഒരു വിളയാണ് വാഴ. തുടർച്ചയായി ഒരു സ്ഥലത്ത് വാഴ കൃഷി നടത്തുമ്പോൾ ഫലപുഷ്ടി അതിവേഗം നഷ്ടപ്പെടുന്നതായി കാണാം. വാഴ നടുന്ന സമയത്തോ അല്ലെങ്കിൽ ഒരു മാസത്തിനുളളിലോ പത്ത് കി.ഗ്രാം കാലിവളമോ, പച്ചില യോ ഒരു വാഴക്ക് എന്ന തോതിൽ ചേർത്ത് കൊടുക്കണം. അമ്ല രസമുള്ള മണ്ണിൽ അര കി.ഗ്രാം മുതൽ ഒരു കി.ഗ്രാം വരെ കുമ്മായം നടുന്ന അവസരത്തിൽ നൽകുകയും വേണം.
ഇതിന് പുറമെ നേന്ത്രൻ ഇനങ്ങൾക്ക് 190: 115: 300 ഗ്രാം എന്ന അളവിൽ എൻ.പി.കെ. പോഷകങ്ങൾ അഞ്ച് - ആറ് തവണകളായി നൽകാം. മറ്റുളള ഇനങ്ങൾക്ക് 100: 200 : 400 എന്ന തോതിലാണ് എൻ.പി.കെ. പോഷകങ്ങൾ നൽകേണ്ടത്. ഇത് രണ്ട് തുല്യ തവണകളായി നട്ട് രണ്ടാം മാസവും നാലാം മാസവും നൽകുന്നതിനാണ് കേരള കാർഷിക സർവ്വകലാശാല ശുപാർശ ചെയ്യുന്നത്.
വീട്ടുവളപ്പിലെ കൃഷിക്ക് ലഭ്യമായ ഏത് തരം ജൈവ വളങ്ങളും ചേർത്ത് കൃഷി വിജയകരമാക്കാനാവും. ചാണകം, കോഴിവളം, കംബോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങളും പിണ്ണാക്ക്, എല്ലുപൊടി, മത്സ്യവളം, പച്ചില വളങ്ങളുമെല്ലാം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. ജൈവ വളങ്ങളുടെ ശരിയായ അടിത്തറയിൽ വേണം വാഴക്ക് രാസവളങ്ങൾ നൽകാൻ.
നേന്ത്രൻ വാഴകൾ തമ്മിൽ 2 മീറ്റർ അകലം കിട്ടത്തക്കവിധം നടാം.
വാഴകൃഷിക്ക് പ്രത്യേകിച്ച് നേന്ത്രന് നല്ല കുല ലഭിക്കുവാൻ
ക്രമമായുള്ള ജലസേചനം അനുപേഷണീയമാണ്. വേനൽ മാസങ്ങളിൽ മൂന്ന് ദിവസത്തിലൊരിക്കൽ ഒരു വാഴക്ക് 40 ലിറ്റർ വെള്ളം എന്ന തോതിൽ നനക്കണം.
കാറ്റടിച്ച് ഒടിയാതിരിക്കാനായി വാഴക്ക് താങ്ങ് ആവശ്യമാണ്.
വാഴയിലെ മിക്ക ഇനങ്ങളും നട്ട് പത്ത് മാസം കൊണ്ട് വിളവ് നൽകുന്നവയാണ്.

 പോഷക , ഔഷധ ഗുണങ്ങൾ
വാഴപ്പഴത്തിൽ 68 മുതൽ 74 ശതമാനം വരെ ജലാംശമാണ്. അന്നജം 29 ശതമാനം, മാംസ്യം 1.2 ശതമാനം, കൊഴുപ്പ് 0.4 ശതമാനം, ഡയറ്റിനാരുകൾ 0.3 മുതൽ 0.8 ശതമാനം വരെ അടങ്ങിയിട്ടുണ്ട്.
100 ഗ്രാം പഴത്തിൽ 27 മി.ഗ്രാം മഗ്‌നീഷ്യം, 35 മി.ഗ്രാം കാൽസ്യം, 34 മി.ഗ്രാം ഫോസ്ഫറസ്, 358 മി.ഗ്രാം പൊട്ടാസ്യം, 0.15 മി.ഗ്രാം സിങ്ക്, 0.8 മി.ഗ്രാം ഇരുമ്പ് എന്നീ ലവണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ജീവകം ബി വിഭാഗത്തിലെ തയാമിൻ, റൈബോഫ്‌ളേവിൻ, നിയാസിൻ എന്നിവയും ജീവകം സിയും കാണപ്പെടുന്നു. 100 ഗ്രാം വാഴപ്പഴം 115 കലോറി ഊർജ്ജം ശരീരത്തിന് പ്രധാനം ചെയ്യുന്നു. വാഴയുടെ കാമ്പിലും കൂമ്പിലും അന്നജത്തിന് പുറമെ ധാരാളം ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്.
കുട്ടികൾക്ക് ആദ്യമായി കൊടുക്കുന്ന കട്ടിയുളള ആഹാരമാണ് നേന്ത്രപ്പഴം. കുട്ടികൾക്കും രോഗികൾക്കും വൃദ്ധർക്കും ഒരുപോലെ ഭക്ഷ്യയോഗ്യമാണ് വാഴപ്പഴം. വിളഞ്ഞ നേന്ത്രക്കായ് കനം കുറച്ചരിഞ്ഞ് വെയിലത്തുണക്കിപ്പൊടിച്ച് കൊച്ച് കുഞ്ഞുങ്ങൾക്ക് കുറുക്കിക്കൊടുക്കുന്നത് ആരോഗ്യദായകമാണ്. ഇത് വയറുവേദന, വയറിളക്കം, ആമാശയവ്രണം, മൂത്രരോഗങ്ങൾ എന്നിവക്ക് പ്രതിവിധിയാണ്.
വാഴപ്പഴത്തിൽ പെക്റ്റിൻ അടങ്ങിയിരിക്കുന്നതിനാൽ പഴം ദഹനസഹായിയും ഒപ്പം ശരീരത്തിലടിയുന്ന ദോഷകരമായ ഘനലോഹങ്ങളുടെ സാന്നിദ്ധ്യം ഒഴിവാക്കാനും സഹായിക്കുന്നു.
ആമാശയത്തിലുണ്ടാകുന്ന അൾസറിന് പരിഹാരമായി പഴുക്കാത്ത പച്ചക്കായ് കഴിക്കാൻ ശുപാർശ ചെയ്യാണ്ട്.
നിരവധി ചർമ്മസംബന്ധമായ പ്രശ്‌നങ്ങൾക്കും വാഴപ്പഴം പ്രതിവിധിയാണ്.
വൈവിദ്ധ്യമേറിയ ഒട്ടേറെ ഉപയോഗങ്ങൾ വാഴ കൊണ്ട് നമുക്കുണ്ട്. പച്ചക്കായാണെങ്കിൽ ഉപ്പേരി, കൊണ്ടാട്ടം, ബേബി ഫുഡ് എന്നിവയും പഴത്തിൽ നിനും ഫിഗ് , ഹൽവ, ക്യാൻഡി , പ്രിസർവ് , ഫ്രൂട്ട് ബാർ, ജ്യൂസ്, ജാം, വൈൻ, തേൻ എന്നിവയും വാഴക്കാമ്പ് കൊണ്ട് ജ്യൂസ്, അച്ചാർ, ക്യാൻഡി എന്നിവയും തയ്യാറാക്കുന്നുണ്ട്.
ഇതിന്റെ കാമ്പും കൂമ്പും മാണവും എല്ലാം പോഷകസമ്പന്നമായ ഭക്ഷ്യ വസ്തുക്കളാണ്.
വാഴ നാരിൽ നിന്ന് ബാഗുകൾ, മാറ്റുകൾ , മറ്റു അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നുണ്ട്.

 

Most Read

  • Week

  • Month

  • All