Colors: Orange Color


മലബാറിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ആസ്ഥാനമാകാൻ ചിറക്കൽ
ചിറക്കൽ
1949 ആഗസ്ത് 16ന് ചിറക്കൽ എലിമെന്ററി സ്‌കൂളിൽ നടന്ന ഐതിഹാസിക തെരഞ്ഞെടുപ്പ് മോസ്‌കോ റേഡിയോയിലൂടെ ലോക വാർത്തയായതാണ് ചിറക്കൽ പഞ്ചായത്തിന്റെ പ്രാധാന്യം.
കോലത്തുനാടിന്റെ താവഴിയായ ചിറക്കൽ രാജവംശത്തിന്റെയും ചരിത്രശേഷിപ്പ് പേറുന്ന ഭൂമിക ദേശീയ സ്വാ തന്ത്ര്യ പ്രസ്ഥാനത്തിന്റെയും പിന്നീട് കമ്യൂണിസ്റ്റ് പാർടിയുടെയും വിളനിലമായി മാറുകയായിരുന്നു. 1949 ജൂലൈയിലാണ് ചിറക്കൽ പഞ്ചായത്ത് രൂപം കൊണ്ടത്.
കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ ഡിസംബറിൽ അധികാരമൊഴിഞ്ഞ ഭരണസമിതിയുടേത്. . സമഗ്ര നെൽകൃഷി വികസന പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 40 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കി. സദാ ഉപ്പുവെള്ളം കയറുന്ന കാട്ടാമ്പള്ളി മേഖലയിൽ മൂന്നിടത്ത് വിസിബി സ്ഥാപിച്ചതിലൂടെ 25 ഏക്കറിൽ കൈപ്പാട് കൃഷി ചെയ്യാനായി. 12 ഏക്കർ തരിശുഭൂമിയിൽ പച്ചക്കറി കൃഷി ചെയ്തു. ഒരേക്കറിൽ സ്‌കൂൾ പച്ചക്കറിയും.
ചിറക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയത് ശ്രദ്ധേയ ചുവടുവയ്പ്. സായാഹ്ന ഒപിയും പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിക്ക് മന്നയിൽ ഒമ്പതു ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചു.
50 ലക്ഷം രൂപ ചെലവിൽ ആവിഷ്‌കരിച്ച കുന്നുംകൈ പട്ടികജാതി വ്യവസായ എസ്റ്റേറ്റ് യാഥാർഥ്യമായി. ചിറക്കൽ ബ്രിക്സ് എന്ന ബ്രാൻഡിലുള്ള സിമന്റ് കട്ട നിർമാണ യൂണിറ്റും എടുത്തുപറയാവുന്ന നേട്ടം. ലൈഫ് ഭവന പദ്ധതി മാതൃകാപരമായി നടപ്പാക്കാനായി. ഇ എം എസ് ഭവനപദ്ധതിയുടെ ഭാഗമായി 43 വീട് നിർമിച്ചു നൽകി. സ്‌കൂളുകൾ ഹൈടെക് നിലവാരത്തിലേക്ക് ഉയരുകയാണ്. കാട്ടാമ്പള്ളി ജിഎം യുപി സ്‌കൂളിൽ രണ്ട് കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു. സാമ്പത്തിക പരിമിതികൾക്കിടയിലും ഇടറോഡുകൾ പോലും ടാർ ചെയ്ത് മിനുക്കി.
മാലിന്യ ശേഖരണത്തിനായി എല്ലാ വാർഡുകളിലും ഹരിത കർമസേന രൂപീകരിച്ചു. ഉറവിട മാലിന്യ സംസ്‌കരണത്തിനായി വീടുകളിൽ 1165 പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചു. 150 ബയോഗ്യാസ് പ്ലാന്റ്, 1108 റിങ് കമ്പോസ്റ്റ് എന്നിവയുമുണ്ട്. പുതിയതെരു മാർക്കറ്റിൽ ജൈവ മാലിന്യസംസ്‌കരണത്തിനായി പത്ത് ലക്ഷം രൂപ ചെലവിൽ തുമ്പൂർമുഴി കമ്പോസ്റ്റ് പിറ്റ് സ്ഥാപിച്ചതും വികസനവഴിയിലെ നാഴികക്കല്ലാണ്.. എ സോമന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കഴിഞ്ഞ ഡിസംബറിൽ സ്ഥാനമൊഴിഞ്ഞത്.
അധികാരമേറ്റത് മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലാണ് പുതിയ ഭരണ സമിതി. പി ശ്രുതി പ്രസിഡന്റും പി അനിൽകുമാർ വൈസ് പ്രസിഡന്റുമായുള്ള ഭരണ സമിതിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ചെറുശ്ശേരി സ്മാരകം ഉൾപ്പെടെ മലബാറിന്റെ സാംസ്‌കാരിക പൈതൃക നിർമാണത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ അംഗീകാരം കൂടി ലഭ്യമായ അവസരം കൂടിയാണിത്. മാറുന്ന കാലത്തെ നൂതന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് ഭരണ സമിതി. 23 അംഗ ഭരണ സമിതിയിൽ 15 സിപിഐഎം അംഗങ്ങളും നാല് കോൺഗ്രസ് പ്രതിനിധികളുമാണ്. 2 പേർ മുസ്ലീലീഗിനും ഓരോ ആൾ വീതം സിപിഐയുടെയും ബിജെപിയുടെയും പ്രതിനിധികളാണ്.

നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വ്യാപകം
പികെ ബൈജു
കണ്ണൂർ
നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് വ്യാപകം. കോവിഡിന്റെ മറവിലാണ് ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. കേരളത്തിലെ ഉൽപാദനത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി എത്തുകയാണ്.
ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഗ്ലാസ് പോലുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് നല്ല നിലയിൽ കുറഞ്ഞിരുന്നു. ശക്തമായ ഇടപെടലും വ്യാപകമായ ബോധവൽക്കരണവുമായിരുന്നു ഇതിന് കാരണം. കോവിഡ് വന്നതോടെ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ, കുപ്പി ഗ്ലാസുകൾ പൊതു ഇടങ്ങളിൽ ഉപയോഗിക്കുന്നത് കുറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക് സഞ്ചികൾ തിരിച്ചെത്തി. ഇതിലും മാരകമായ പിവിസി ഫ്‌ളക്‌സ് ബോർഡുകൾ വ്യാപകമായി തിരികെ എത്തി എന്നുള്ളതാണ്. കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്തുളള ഉപയോഗം സംസ്ഥാനത്ത് വ്യാപിച്ചിരുന്നു. തദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇത് കർശനമായ പരിശോധനക്ക് വിധേയമായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പോടെ അയഞ്ഞു. ഇത് മുതലെടുത്താണ് ഇപ്പോൾ പിവിസി ഫ്‌ളക്‌സ് വ്യാപകമാകുന്നത്. വൻകിട ഹോർഡിംഗുകൾ പോലും തിരിച്ചെത്തുകയാണ്.
പിവിസി ഫ്‌ളക്‌സിന് പകരം പോളി എത്തിലീൻ ഉപയോഗിച്ചാൽ നല്ല ഭംഗിയിൽ പ്രിന്റ് ചെയ്യാൻ പറ്റും. നിരക്കിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും പോളി എത്തിലീൻ പുനസംസ്‌കരിച്ച് ഉപയോഗിക്കാൻ പറ്റും. ദേശീയ ഗെയിംസിൽ കേരളത്തിൽ വ്യാപകമായി ഇതായിരുന്നു ഉപയോഗിച്ചത്.
സംസ്ഥാനത്ത് 36 സ്ഥാപനങ്ങളാണ് പിവിസി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇവരുടെ കൈവശം ഇപ്പോഴും വലിയ തോതിൽ സ്റ്റോക്കുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അനധികൃതമായ സ്വാധീനം ചെലുത്തിയാണ് ഇവരുടെ നേതൃത്വത്തിലുള്ള കച്ചവടം. ഫുഡ്‌ബോൾ കാലമായതോടെ നഗരത്തിലും ഗ്രാമങ്ങളിലും വലിയ തോതിൽ ബോർഡുകൾ വരാനിരിക്കെയാണ് പിവിസി ഫ്‌ളക്‌സ് ടീമിന്റെ ഇടപെടൽ ശക്തമാകുന്നത്.
റീസൈക്ലിംഗ് ചെയ്യാൻ സാധിക്കുന്ന 100 ശതമാനം കോട്ടൺ ഉപയോഗിക്കുന്ന പോളി എത്തിലീൻ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ ശക്തമായി ഇടപെടണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. അതൊടൊപ്പം അനധികൃത പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ശക്തമായ നടപടിയും സ്വീകരിക്കണം.

ബി എഡ് ഫലം വൈകുന്നു വിദ്യാർത്ഥികൾ ആശങ്കയിൽ
കണ്ണൂർ
കണ്ണൂർ സർവ്വകലാശാല ബിഎഡ് ഫളം വൈകുന്നതിൽ വിദ്യാർത്ഥികൾക്ക് ആശങ്ക. ഏപ്രിൽ 13 ന് പരീക്ഷ പൂർത്തിയായ ബി.എഡ് പരീക്ഷാ ഫലം രണ്ട് മാസമായിട്ടും മൂല്യനിർണ്ണയം പോലും തുടങ്ങിയിട്ടില്ല. പി.എസ്.സി. സോഷ്യൽ സയൻസ് ,ഡൽഹി സബോർഡിനേറ്റ് സർവ്വീസ് ആർമി സ്‌കൂൾ കഴക്കൂട്ടം സൈനിക സ്‌കൂൾ എന്നിവടങ്ങളിലേക്ക് ആയിരക്കണക്കിന് ഒഴിവുകളിലേക്ക് വിജ്ഞാപനം വന്നു കഴിഞ്ഞു. ജൂൺ അവസാനവും ജുലായ് ആദ്യവാരത്തിലുമാണ് മിക്കതിന്റേയും അപേക്ഷിക്കാനുള്ള അവസാന തീയതികൾ കൂടാതെ നിരവധി എയ്ഡഡ് വിദ്യാലയങ്ങളിലും ജൂൺ അവസാന വാരത്തിലേക്ക് ഇന്റർവ്യൂ നിശ്ചയിച്ചിട്ടുണ്ട്. പിജിയും നെറ്റും കെടെറ്റും പാസായവർക്ക് ബി.എഡ് റിസൽട്ട് പ്രസിദ്ധീകരിക്കാത്തതു കൊണ്ട് മാത്രം അവസരം നഷ്ടപ്പെടുകയാണ്.
അടുത്തിടെ പൂർത്തിയായ പ്ലസ് ടു എസ് എസ് എൽ സി മൂല്യനിർണ്ണയം തുടങ്ങിക്കഴിഞ്ഞു. എന്നിട്ടും ബി എഡിന്റെ മൂല്യ നിർണയം നടത്താത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്.

ലോക ഗ്രന്ഥാലായം 28
റഷ്യൻ സ്റ്റേറ്റ് ലൈബ്രറി
പികെ ബൈജു
കണ്ണൂർ
റഷ്യൻ സ്റ്റേറ്റ് ലൈബ്രറി (ആർഎസ്എൽ) റഷ്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ്, ലോകത്തിലെ രണ്ടാമത്തെ വലിയ ലൈബ്രറി. 1862 ൽ സ്ഥാപിതമായ ഇത് മോസ്‌കോ പബ്ലിക്, റുമിയാൻസെവ് മ്യൂസിയങ്ങളുടെ ഭാഗമായിരുന്നു. റഷ്യയിൽ പുറത്തിറങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും നിയമപരമായ ഡെപ്പോസിറ്റ് പകർപ്പുകൾ സ്ഥാപിതമായ നിമിഷം മുതൽ ലൈബ്രറിക്ക് ലഭിക്കുന്നു. 1924 ജനുവരി 24 ന് വി. ഐ. ലെനിൻ റഷ്യൻ ലൈബ്രറി എന്ന് പുനർനാമകരണം ചെയ്തു. 1925 ഫെബ്രുവരി 6 ന് ഇത് സോവിയറ്റ് യൂണിയന്റെ വി. ഐ. ലെനിൻ സ്റ്റേറ്റ് ലൈബ്രറിയായി രൂപാന്തരപ്പെട്ടു , 1992 ജനുവരി 22 മുതൽ ഇത് റഷ്യൻ സ്റ്റേറ്റ് ലൈബ്രറിയാണ്.
ഇപ്പോൾ റഷ്യൻ സ്റ്റേറ്റ് ലൈബ്രറി 47 ദശലക്ഷത്തിലധികം പുസ്തകങ്ങളും രേഖകളും പുരാവസ്തുക്കളും സൂക്ഷിക്കുന്നു. പ്രതിവർഷം എട്ട് ലക്ഷത്തോളം ആളുകൾ ലൈബ്രറി സന്ദർശിക്കുകയും ഏകദേശം ആയിരത്തോളം പുതിയ ലൈബ്രറി ടിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. ആർഎസ്എല്ലിൽ 36 റീഡിംഗ് റൂമുകളുണ്ട്, ഒരേ സമയം ആയിരത്തി അഞ്ഞൂറ് ആളുകൾക്ക് ജോലിചെയ്യാം. റഷ്യയിലോ 14 വയസ്സിന് മുകളിലുള്ള മറ്റ് സംസ്ഥാനങ്ങളിലോ ഉള്ള ഏതൊരു പൗരനും ലൈബ്രറിയുടെ ഉപയോക്താവാകാം.
ലൈബ്രറിയുടെ ശേഖരങ്ങൾ വലുതാക്കുക മാത്രമല്ല, കഴിയുന്നതും ആക്‌സസ് ചെയ്യാവുന്നതും, അപൂർവവും മൂല്യവത്തായതുമായ പതിപ്പുകൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് പ്രധാനമാണ്. ആർഎസ്എൽ ഇലക്ട്രോണിക് ലൈബ്രറിയിൽ ഡിജിറ്റൈസേഷനും മെറ്റീരിയലുകളുടെ സ്ഥാനവും ഈ ജോലികൾ പരിഹരിക്കുന്നു. പ്രബന്ധാവതരണത്തിന്റെ 90%, ആദ്യകാല അച്ചടിച്ച പുസ്തകങ്ങൾ, കാർട്ടോഗ്രാഫിക് ശേഖരത്തിൽ നിന്നും യൂണിവേഴ്‌സൽ ശേഖരത്തിൽ നിന്നുമുള്ള രേഖകൾ, സംഗീത ശേഖരത്തിന്റെ 80% ത്തിലധികം പൊതുസഞ്ചയത്തിലാണ്. പകർപ്പവകാശമുള്ള പ്രമാണങ്ങളിലേക്കുള്ള പ്രവേശനം ലൈബ്രറി പരിസരത്ത് നിന്ന് മാത്രമേ സാധ്യമാകൂ.
റഷ്യൻ ഫെഡറേഷന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം 2014 അവസാനം റഷ്യൻ സ്റ്റേറ്റ് ലൈബ്രറിയെ ദേശീയ ഇലക്ട്രോണിക് ലൈബ്രറിയുടെ (നെൽ) ഓപ്പറേറ്ററായി നിയമിച്ചു. സംയോജിത പോർട്ടലിലൂടെയും തിരയൽ സംവിധാനത്തിലൂടെയും പ്രധാന റഷ്യൻ ലൈബ്രറികളുടെ ശേഖരങ്ങളിലേക്ക് വായനക്കാർക്ക് സൗജന്യമായി പ്രവേശിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആധുനിക പ്രോജക്റ്റാണ് നെൽ.
2017 ജനുവരി മുതൽ ആർഎസ്എല്ലിന് അച്ചടിച്ച പ്രസിദ്ധീകരണങ്ങളുടെയും പ്രബന്ധ പ്രബന്ധങ്ങളുടെയും ഇലക്ട്രോണിക് ലീഗൽ ഡെപ്പോസിറ്റ് പകർപ്പുകൾ ലഭിക്കാൻ തുടങ്ങി.
ലൈബ്രറി വികസിപ്പിക്കുകയും വായനക്കാരുമായി പുതിയ ആശയവിനിമയത്തിനായി നോക്കുകയും ചെയ്യുന്നു. ആർഎസ്എൽ ശേഖരങ്ങളിൽ ഏറ്റവും മികച്ചതും രസകരവുമായത് എക്‌സിബിഷനുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 2016 ൽ റഷ്യൻ സ്റ്റേറ്റ് ലൈബ്രറി പ്രധാന എക്‌സിബിഷനുകൾക്കായി പുതിയ മ്യൂസിയം സ്ഥലം ഇവാനോവ്‌സ്‌കി ഹാൾ തുറന്നു. ഓരോ പ്രദർശനത്തിനും ലെക്ചർ ടൂർ, ഉല്ലാസ പരിപാടി എന്നിവയുണ്ട്. നിങ്ങൾക്ക് ബുക്ക് ഡിപ്പോസിറ്ററി, ബുക്ക് മ്യൂസിയം എന്നിവയിലേക്ക് ഒരു ടൂർ നടത്താനും പ്രധാന കെട്ടിടത്തിന്റെ പരിസരത്തിലൂടെ നടക്കാനും കഴിയും. ലൈബ്രറി നൈറ്റ്, ലൈബ്രറിഡേ, ഓപ്പൺ ഡോർസ് ഡേ വിദഗ്ധരുടെ പരമ്പരാഗത ഇവന്റുകളെക്കുറിച്ചും എല്ലാവരേയും ലൈബ്രറിയുടെ പ്രവർത്തനങ്ങളുമായി പരിചയപ്പെടാ സൗകര്യമുണ്ട്.
ശേഖരങ്ങൾ
റഷ്യൻ സ്റ്റേറ്റ് ലൈബ്രറി ലോകത്തിലെ 367 ഭാഷകളിലെ തനതായ ആഭ്യന്തര, വിദേശ ശേഖരങ്ങൾ ഉൾക്കൊള്ളുന്നു. എല്ലാ ഹോൾഡിംഗുകളുടെയും വലുപ്പം 47.4 ദശലക്ഷം ഇനങ്ങൾ കവിയുന്നു, അവയിൽ മൂന്ന് ദശലക്ഷം പ്രത്യേകിച്ചും വിലയേറിയ പതിപ്പുകളും മറ്റ് രേഖകളും ആണ്.
കാറ്റലോഗുകൾ
റഷ്യൻ ഭാഷയിലും മറ്റ് ഭാഷകളിലും വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഉൾപ്പെടെ എല്ലാത്തരം ഇനങ്ങളെയും കുറിച്ചുള്ള പൊതുവായ രേഖകൾ ജനറൽ ഡിജിറ്റൽ കാറ്റലോഗ് നൽകുന്നു. ആർഎസ്എല്ലിന്റെ ജനറൽ ഡിജിറ്റൽ കാറ്റലോഗിലേക്കുള്ള പ്രവേശനം എല്ലാ ഇൻറർനെറ്റ് ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാണ്. നിങ്ങൾക്ക് മുഴുവൻ കാറ്റലോഗിലൂടെയും തിരയാൻ കഴിയും അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗ ഇനങ്ങൾക്കായി നിങ്ങളുടെ തിരയൽ ഇനിപ്പറയുന്ന ഉപ കാറ്റലോഗുകളിലേക്ക് പരിമിതപ്പെടുത്താം.
വെർച്വൽ ഇൻഫർമേഷൻ സേവനം
വെർച്വൽ ഇൻഫർമേഷൻ സേവനത്തിലെ ജീവനക്കാർ ലൈബ്രറിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും സാഹിത്യം തിരഞ്ഞെടുക്കുന്നതിന് സഹായിക്കുകയും ചെയ്യും.
തുറക്കുന്ന സമയം
റഷ്യൻ സ്റ്റേറ്റ് ലൈബ്രറി തിങ്കൾ മുതൽ ശനി വരെ 9:00 മുതൽ 20:00 വരെ തുറന്ന് ഞായറാഴ്ച അടച്ചിരിക്കും. ആർഎസ്എല്ലും മാസത്തിലെ അവസാന തിങ്കളാഴ്ച അടച്ചിരിക്കും.
റഷ്യൻ ഫെഡറേഷനിലെ അല്ലെങ്കിൽ 14 വയസ് മുതൽ മറ്റൊരു രാജ്യത്തിലെ ഓരോ പൗരനും ലൈബ്രറിയിൽ ചേരാനും ലൈബ്രറി റീഡർ ആകാനും കഴിയും.
ആർഎസ്എൽ വകുപ്പുകളും സേവനങ്ങളും ആറ് വ്യത്യസ്ത വിലാസങ്ങളിലാണ്.
ലൈബ്രറിയുടെ സ്റ്റോക്ക് ഉപയോഗിക്കാൻ ലൈബ്രറി കാർഡ് നേടണം.
ആർഎസ്എൽ 'പഷ്‌കോവ് ഡോം' പബ്ലിഷിംഗ് 1998 ൽ ലൈബ്രറിയുടെ പബ്ലിഷിംഗ് ഡിപ്പാർട്ട്മെന്റിന്റെ നിയമപരമായ പിൻഗാമിയായി ആരംഭിച്ചു. ലൈബ്രറി സയൻസസിൽ സാഹിത്യം പ്രസിദ്ധീകരിക്കുന്നതിനുള്ള പാരമ്പര്യം വികസിപ്പിച്ചെടുക്കുമ്പോൾ, അതിന്റെ പ്രസിദ്ധീകരണ പോർട്ട്ഫോളിയോ ഫെയ്സ്സിമൈൽ, റീപ്രിന്റ് ചെയ്ത അപൂർവതകൾ, ഇതുവരെ പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തുപ്രതികളുടെ പ്രസിദ്ധീകരണങ്ങൾ, ആർക്കൈവ് പ്രമാണങ്ങൾ എന്നിവയിലേക്ക് അത് വ്യാപിപ്പിച്ചു.
റഷ്യൻ സ്റ്റേറ്റ് ലൈബ്രറി (എഫ്എസ്‌ഐ) ആർട്‌സ്, ലൈബ്രേറിയൻഷിപ്പ്, ഗ്രന്ഥസൂചിക, തുടങ്ങിയവയെക്കുറിച്ചുള്ള പ്രത്യേക ജേണലുകളും മാസികകളും പ്രസിദ്ധീകരിക്കുന്നു. ജേണലുകളും മാസികകളും സബ്‌സ്‌ക്രിപ്ഷൻ പതിപ്പുകളായി വിതരണം ചെയ്യുന്നു.

 

മുണ്ടേരിയിൽ എല്ലാ വീടുകളിലും നെല്ല് വിളയും
ഒരു പിടി വിത്ത് ഒരു പറ നെല്ല്
സ്വന്തം ലേഖകൻ
കണ്ണൂർ
മുണ്ടേരി പഞ്ചായത്തിലെ എല്ലാ വീടുകളിലും നെല്ല് വിളയും. ഓണ ക്കാലമാവുന്നതോടെ വിളഞ്ഞു നിൽക്കുന്ന നെൽപാടമായിരിക്കും ഇവിടത്തെ കാഴ്ച. പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു കാർഷിക സ്വയംപര്യാപ്ത പഞ്ചായത്തായി മാറാനാണ് പദ്ധതി. കരനെൽകൃഷിയിലൂടെ ഇവിടെയുള്ള ആറായിരത്തോളം കുടുംബങ്ങൾ സ്വന്തം വീട്ടുപറമ്പിൽ നെല്ല് വിതയ്ക്കും.
കൊവിഡ് കാലത്ത് സ്വന്തം വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് മുണ്ടേരി പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. 'ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിക്ക് കൃഷിഭവനാണ് നേതൃത്വം നൽകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് നെൽകൃഷിയിൽ ഗണ്യമായ കുറവ് ഈ വർഷം ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി ആ കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യമെന്ന് കൃഷി ഓഫീസർ ടി കൃഷ്ണപ്രസാദ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി നെൽവിത്തുകൾ വീടുകളിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി ഇരുന്നൂറോളം വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജൂൺ 10ന് നടത്തും. ഒരു വാർഡിൽ നിന്ന് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ എട്ട് വീതം വളണ്ടിയർമാരാണ് ഉണ്ടാവുക. 'നമ്മുടെ ഭക്ഷണം നമ്മുടെ വീട്ട് വളപ്പിൽ' ഉൽപാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നെൽകൃഷിക്ക് പുറമെ മറ്റ് ഉൽപന്നങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഓരോ വാർഡിലും ഓരോ ഉൽപ്പന്നം കൃഷി ചെയ്ത് പ്രാദേശിക ചന്തകളിലൂടെ വിൽപ്പന നടത്തി പഞ്ചായത്തിലെ എല്ലാവർക്കും ലഭ്യമാക്കും. വാർഡ് സമിതികൾ, അയൽകൂട്ടം, കുടുംബശ്രീകൾ വഴി എന്നിവരായിരിക്കും ഇതിന് നേതൃത്വം നൽകുക.
നെൽവിത്ത് വിതരണ പരിപാടിയുടെ ഉദ്ഘാടനം മുണ്ടേരി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എ അനിഷ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പി ബാബു, കൃഷി അസിസ്റ്റന്റ് എസ് മിനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പ്രകാശൻ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

മദ്രാസികളായ മലയാളികൾ
ബാലകൃഷ്ണൻ കൊയ്യാൽ
ഡൽഹിയിലെത്തുന്ന മലയാളികളെല്ലാവരും ഉത്തരേന്ത്യക്കാർക്ക് 'മദ്രാസി'കളാണ്. ദേഷ്യം വരുമ്പോൾ 'സാല ' എന്ന ശകാരവാക്കുകൂടി ചേർക്കും - 'സാല മദ്രാസി.' അവരിൽ പലരെയും സംബന്ധിച്ചേടത്തോളം തമിഴ് നാട്ടുകാരും കർണാടകക്കാരും ആന്ധ്രക്കാരുമുൾപ്പെടുന്ന തെക്കെ ഇന്ത്യക്കാർ മുഴുവൻ മദ്രാസികളാണ്. ബ്രിട്ടീഷ് ഭരണകാലത്തെ തെക്കെ ഇന്ത്യൻ ഭൂമി ശാസ്ത്ര ബോധം അവരിപ്പോഴും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നു വ്യക്തം!
ഡൽഹിയിലെത്തുന്ന തെന്നിന്ത്യക്കാരോട് ഉള്ളിൽ നേരിയ നീരസം അവിടത്തെ പലരിലും കാണാറുണ്ട്. ഹിന്ദിയിലല്ലാതെ സംസാരിക്കുന്നവരോട് ഈ നീരസം വളരെ പ്രകടമായി കാക്കാറുണ്ടെന്നതും മറ്റൊരു വസ്തുതയാണ്. രാജ്യ തലസ്ഥാന നഗരിയിലെ സങ്കുചിതമായ ഈ പ്രാദേശിക മനോഭാവത്തിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ ജി.ബി. പന്ത് ആശുപത്രിയിലെ മലയാളീ വിലക്ക്. ജൂൺ അഞ്ചാം തീയ്യതിയാണ് ജി.ബി. പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് ് സൂപ്രണ്ട് വിവാദ പരമായ ഉത്തരവ് ഇറക്കുന്നതു്.
രാജ്ഘട്ട് ഭാഗത്തുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. ജോലിക്കിടയിൽപലപ്പോഴും ഇവർ ആശയവിനിമയം നടത്തുന്നതു മലയാളത്തിലാണ്. ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്.
ഇങ്ങിനെ മലയാളത്തിൽ സംസാരിക്കുന്നതിനെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പറഞ്ഞാണ് വിവാദ ഉത്തരവ് ഇറക്കിയത്. ആശുപത്രി നഴ്‌സിങ് സൂപ്രണ്ടാണ് ഉത്തരവിൽ ഒപ്പ് വെച്ചതു്.
ആശുപത്രിക്കുള്ളിൽ മലയാളം കേട്ടു പോകരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം ആയിരിക്കണമെന്നുമാണ് നിർദേശം. നിർദേശം പാലിച്ചില്ലെങ്കിൽകടുത്ത നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയും പ്രസ്തുത ഉത്തരവിലുണ്ട്.
ഡൽഹിയിലെ പ്രധാന ആശുപത്രികളിലെല്ലാം ഭൂരിഭാഗം നർസുമാരും മലയാളികളാണ്. ചില ആശുപത്രികളിൽ അത് 90 ശതമാനത്തിൽ കൂടുതൽ വരും. കോവിഡ് തീവ്രവ്യാപന കാലത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് പ്രവർത്തിക്കുന്നവരോടാണ് ഈ കടുത്ത വിവേചനം.
ഭരണഘടനാവിരുദ്ധവും മനഷ്യത്വരഹിതവുമായ ഉത്തരവിനെതിരെ നഴ്‌സുമാരും അവരുടെ സംഘടനകളും ഉടനെ പ്രതികരിച്ചു. ഡൽഹിയിലെ മലയാളി - സാംസ്‌കാരിക സംഘടനകളും പ്രതിഷേധിച്ചു. സോഷ്യൽ മീഡിയയിൽ വിവാദം കത്തി പടർന്നു. രാഹുൽ ഗാന്ധി, സീതാറാം യേച്ചൂരി, ശശി തരൂർ, എളമരം കരീം, കെ.സി.വേണുഗോപാൽ തുടങ്ങി നിരവധി നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. അതോടെ ഉത്തരവ് പെട്ടെന്നു തന്നെ പിൻവലിക്കുകയും കാരണക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഒരു രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ ഗവണ്മെന്റ് ആശുപത്രിയിൽ സംഭവിക്കാൻ പാടില്ലാത്ത ഭാഷാവിവേചനമാണ് ഡൽഹി ആശുപത്രിയിൽ സംഭവിച്ചത്. ഇത്തരം സംഭവ വികാസങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട ജാഗ്രതയോടെ ഭാഷാ സ്‌നേഹികൾ ഈ വിഷയത്തെ കാണേണ്ടിയിരിക്കുന്നു. മലയാളം സംസാരിക്കുന്നവർക്കു മാത്രമല്ല മറ്റു ഭാഷകൾ മാതൃഭാഷയായുള്ളവർക്കും പ്രവർത്തി സ്ഥലങ്ങളിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകരുതു്.

 

Most Read

  • Week

  • Month

  • All