കോഴിക്കോട്‌
മുസ്ലിംലീഗ്‌ എവിടെയുണ്ടോ, അവിടെ ഫണ്ട്‌ പിരിവുണ്ട്‌. വെട്ടിപ്പും തട്ടിപ്പും കൂടപ്പിറപ്പും. കത്വ ഫണ്ട്‌ വെട്ടിപ്പ്‌ ചർച്ചയായതിനു‌ പിറകെ ‌ യൂത്ത്‌‌ലീഗ്‌ ഇസ്‌ഹാഖ്‌ കുടുംബ സഹായ നിധി‌യിൽ ക്രമക്കേടെന്നാണ്‌ വാർത്ത. 

കെഎംസിസിയുടെ കോവിഡ്‌ ഫണ്ട്‌ സമാഹരണത്തെച്ചൊല്ലി തമ്മിലടിച്ചതാണ്‌ മറ്റൊരു  നാണക്കേട്‌. ലീഗ്‌ചരിത്രത്തിൽ  കുപ്രസിദ്ധമായ  ‌ വെട്ടിപ്പാണ്‌ ‌ ഗുജറാത്ത്‌ ഫണ്ട്‌. 2002 ലായിരുന്നു അത്‌. തട്ടിപ്പ്‌ ചോദ്യംചെയ്‌ത യൂത്ത്‌‌ലീഗ്‌ നേതാവ്‌ കെ ടി ജലീലിനെ പുറത്താക്കിയതായിരുന്നു ഇതിനെതിരായ ഏക നടപടി. ചെന്നൈയിലെ പ്രളയം,1989 -ലെ  ഭഗൽപൂർ കലാപ ഫണ്ട്‌, 2004 -ലെ സുനാമി എന്നുതുടങ്ങി ബർമയിലെ റോഹിങ്ക്യൻ അഭയാർഥികൾക്കായുള്ളതടക്കം എത്ര ഫണ്ടുകൾ വിവാദത്തിലാണെന്നതിന്‌ ‌കണക്കില്ല.  ഇരകളെ മാത്രമല്ല, രക്തസാക്ഷികളെ വഞ്ചിച്ച ചരിത്രവും ലീഗിന്‌ സ്വന്തം‌.

 

1980 ലെ അറബിഭാഷാ സമരത്തിൽ‌ മരിച്ച മജീദ്‌, റഹ്മാൻ, കുഞ്ഞിപ്പ എന്നിവർക്കായി നടത്തിയ ധനസമാഹരണത്തെക്കുറിച്ചും  പരാതി ഉയർന്നതാണ്‌. ഇതൊന്നും നിഷേധിക്കാനാകാതിരുന്ന ലീഗ്‌ നേതൃത്വം കത്വ ഫണ്ടിനെക്കുറിച്ചും ‌ പ്രതികരിക്കുന്നില്ല.

ഇരയുടെ കുടുംബത്തെയും പറ്റിച്ചു
കത്വ ഇരയുടെ കുടുംബത്തിന്‌ നൽകാൻ യൂത്ത്‌ ലീഗ്‌ പിരിച്ച അഞ്ച്‌ ലക്ഷംരൂപ കൊടുത്തില്ലെന്ന്‌ തെളിയിച്ച്‌ ബാങ്ക്‌ രേഖയും. പെൺകുട്ടിയുടെ രക്ഷിതാവിന്റെ 2018 ഏപ്രിൽ മുതൽ ഈ മാസംവരെയുള്ള ബാങ്ക്‌ ഇടപാട്‌ വിവരങ്ങൾ സ്വകാര്യ ചാനൽ പുറത്തുവിട്ടു‌. അഞ്ച്‌ ലക്ഷം രൂപ ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ല. 2018 മെയ്‌ 16ന്‌ അക്കൗണ്ടിൽ പണം നിക്ഷേപിച്ചെന്നായിരുന്നു‌ യൂത്ത്‌ ലീഗിന്റെ‌ അവകാശവാദം. തട്ടിപ്പ്‌ തെളിഞ്ഞതോടെ ഒരു വ്യക്തിവഴിയാണ്‌ പണം കൈമാറിയതെന്ന വാദവുമായി‌ യൂത്ത്‌ ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ രംഗത്തെത്തി.

 

എന്നാൽ, രണ്ട്‌ ലക്ഷം രൂപയിൽ കൂടുതലുള്ള തുക ചെക്ക്‌ വഴിയോ ഡിജിറ്റൽ ഇടപാട്‌ വഴിയോ മാത്രമേ കൈമാറാനാകൂ.
മാത്രമല്ല, യൂത്ത്‌ ലീഗുകാരിൽ നിന്ന്‌ ഇതുവരെ പണമൊന്നും ലഭിച്ചിട്ടില്ലെന്ന്‌ ഇരയുടെ കുടുംബാംഗങ്ങൾ വാർത്താ ചാനലുകളോട്‌ പ്രതികരിച്ചു.

 


 

 

സി എച്ച്‌  അന്ന്‌ ചോദിച്ചു ; 500 രൂപ 
കടം തരുമോ?
‘‘വഴിച്ചെലവിന്‌ 500 രൂപ കടം തരുമോ...’’1979 ഡിസംബർ ഒന്നിന്‌ മുഖ്യമന്ത്രിപദം രാജിവച്ച സി എച്ച്‌ മുഹമ്മദ്‌കോയ ആർഎസ്‌പി  നേതാവ്‌ ബേബിജോണിനോട്‌  ചോദിച്ചത്‌ മുസ്ലിംലീഗുകാർ അഭിമാനത്തോടെ അനുസ്മരിക്കാറുണ്ട്‌.
ആവശ്യപ്പെടാതെ അമ്പതിനായിരം രൂപ ഫണ്ട്‌ തന്ന വ്യവസായ പ്രമുഖന്‌  തിരിച്ചുകൊടുത്ത അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പാരമ്പര്യവും ലീഗുകാരുടെ ആവേശചരിത്രം.  എന്നാൽ കത്വയിലെ പിഞ്ചുബാലികയ്ക്കായി പിരിച്ച ഫണ്ട്‌  വെട്ടിപ്പിന്റെ  കഥകൾ പുറത്തുവന്നതോടെ മുസ്ലിംലീഗിന്റെ വഞ്ചനയും തട്ടിപ്പുമാണ്‌ സമൂഹമാധ്യമങ്ങളിലും പുറത്തും  സജീവ ചർച്ച.

‘പെൺവാണിഭക്കേസ്‌ മുതൽ ഇഞ്ചിക്കൃഷി’യുടെ പേരിൽവരെ  കുപ്രസിദ്ധരായ ‌ നേതാക്കളുള്ള ലീഗിനെ ഇപ്പോൾ വേട്ടയാടുന്നത്‌  ബിജെപി ഭരണത്തിൽ ഇരകളാക്കപ്പെട്ട പാവങ്ങളെ കച്ചവടമാക്കി പണം സമ്പാദിച്ച തട്ടിപ്പുകളാണ്‌.

 

ബാങ്ക്‌ രേഖ 
പുറത്തുവിടണം : ഐഎൻഎൽ

കത്വ ഫണ്ട്‌ തട്ടിപ്പുവിവാദത്തിൽ ബാങ്ക്‌ രേഖകൾ പുറത്തുവിടാൻ മുസ്ലീം യൂത്ത്‌ ലീഗ്‌ തയ്യാറാകണമെന്ന്‌ ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എൻ കെ അബ്ദുൾ അസീസ്‌ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തട്ടിപ്പിനെതിരെ പരാതി നൽകുന്നത്‌ പരിഗണനയിലാണ്‌.

മുബീൻ ഫാറൂഖി എന്ന അഭിഭാഷകനാണ്‌ കേസ്‌ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത്‌ എന്ന യൂത്ത്‌ ലീഗ്‌ വാദം ശരിയല്ല. ഇരയ്‌ക്ക്‌ വേണ്ടിയല്ല പ്രതികൾക്ക്‌ വേണ്ടിയായിരുന്നു മുബീന്റെ ഇടപെടലെന്ന്‌ സംശയിക്കണം. പെൺകുട്ടിക്ക്‌ വേണ്ടി ഹാജരായ അഭിഭാഷക ദീപിക സിങ്‌ രാജാവത്തിനെ പല വേദികളിലും കൊണ്ടുവന്ന യൂത്ത് ലീഗ് ഇപ്പോൾ അവരെ തള്ളിപ്പറയുകയാണ്‌. കേസ്‌ കോ ഓർഡിനേഷനാണ്‌ മുബീന്റെ ചുമതല എന്ന വാദവും തെറ്റാണ്‌. കേസുകൾ കോ ഓർഡിനേറ്റ്‌ ചെയ്യാൻ അഭിഭാഷകനെ നിയോഗിക്കുന്ന പതിവില്ല. 

പി കെ ഫിറോസ്‌ ഇപ്പോൾ പറയുന്ന കണക്കും ചന്ദ്രിക പത്രത്തിൽ നേരത്തെ വന്ന കണക്കും തമ്മിൽ പൊരുത്തക്കേടുണ്ട്‌. മലപ്പുറത്തുനിന്ന്‌ ഫണ്ട്‌ പിരിച്ചില്ലെന്നാണ്‌ ഫിറോസ്‌ പറയുന്നത്‌. എന്നാൽ, ചന്ദ്രികയിൽ വന്ന കണക്ക് മറ്റൊന്നാണ്. മലപ്പുറത്തെ നേതാക്കളും വ്യവസായികളും ഫണ്ട്‌ നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ബാങ്ക്‌ രേഖകൾ പുറത്തുവിടാനും  ഫിറോസ്‌ തയ്യാറാകണം. പണം വകമാറ്റിയത്‌ തെളിയിക്കുന്നവർക്ക്‌ ഒരു കോടി രൂപ നൽകാമെന്ന യൂത്ത്‌ ലീഗിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു‌. തെളിവുകൾ നിരത്തി തട്ടിപ്പ്‌ തെളിയിക്കാൻ ഒരുക്കമാണ്‌.  യൂത്ത്‌ ലീഗ്‌ നേതാക്കൾ സംവാദത്തിന്‌ തയ്യാറാകണമെന്നും അബ്ദുൾ അസീസ്‌ ആവശ്യപ്പെട്ടു. ഐഎൻഎൽ സിറ്റി സെക്രട്ടറി സി അബ്ദുറഹീമും പങ്കെടുത്തു.

 

Most Read

  • Week

  • Month

  • All