ആർഎസ്എസിനുള്ള ഇസ്ലാമിക ബദലെന്ന് ഒളിഞ്ഞും തെളിഞ്ഞും അവകാശപ്പെടുന്ന തീവ്ര മൗലികവാദപ്രസ്ഥാനങ്ങൾക്ക് കേരള മുസ്ലിം സമൂഹത്തിനിടയിൽ കാര്യമായ ഒരു സ്വാധീനവുമില്ല എന്നു തെളിയിക്കുന്നതായിരുന്നു അവർ ആഹ്വാനം ചെയ്ത ഹർത്താലിനു സമുദായത്തിൽ നിന്നു കിട്ടിയ നിരുത്സാഹം.

അവരോട് കൃത്യമായ അകലം പാലിക്കുന്നവരെക്കൊണ്ടു നിറഞ്ഞു കവിഞ്ഞ ഏർണാകുളത്തെ തെരുവീഥികൾ അതിന് അടിവരയിടുകയും ചെയ്തു. ആർ എസ് എസിനു ഭൂരിപക്ഷ സമുദായത്തിലുള്ള സ്വാധീനത്തിന്റെ ഒരംശം പോലും സ്വസമുദായത്തിൽ അവകാശപ്പെടാൻ ഇത്രയൊക്കെയായിട്ടും അവർക്ക് കഴിഞ്ഞിട്ടില്ല എന്നത് വളരെ പ്രധാനമാണ് എന്നു ഞാൻ കരുതുന്നു .ഇനിയും അതങ്ങിനെതന്നെ തുടരേണ്ടതുമുണ്ട് .എന്നാൽ എണ്ണത്തിൽ കുറവാണെങ്കിലും അവർ നിരുപദ്രവകാരികൾ ആണെന്ന് ഞാൻ വിചാരിക്കുന്നില്ല .

കേന്ദ്രത്തിൽ ആർ എസ് എസിനെ അധികാരത്തിൽ വാഴിക്കുന്നതിന് തങ്ങളാലാവുംവിധം സഹായിച്ച ഇക്കൂട്ടർ കേരളത്തിലും അതു നിർവ്വഹിച്ചേ വിശ്രമിക്കൂ എന്ന വാശിയിലാണ്,കേരളത്തിന്റെ മഹത്തായ മാനവികബോധം അതിനനുവദിക്കയില്ലെങ്കിലും .പൗരത്വ പരിഷ്കരണ നിയമവും എൻആർസിയും മുസ്ലിങ്ങളെമാത്രം ബാധിക്കുന്ന പ്രശ്നമല്ല എന്നും അതൊരു മനുഷ്യാവകാശ പ്രശ്നമാണ് എന്നും തിരിച്ചറിഞ്ഞ് ജാതിയോ മതമോ നോക്കാതെ എല്ലാവരും ഒന്നിച്ചു പൊരുതുമ്പോൾ അതിനിടയിലേക്ക് ജയ് ശ്രീരാം വിളിപോലെ അള്ളാഹു അക്ബറിനെ ഒളിച്ചു കടത്തുന്നവർ അമിത് ഷായ്ക്കു വേണ്ടിയാണ് പണിയെടുക്കുന്നത് .അതുകൊണ്ട് ഇന്നേവരെ ചെയ്തതുപോലെ ജിഹാദികളുടെ പൗരത്വവുമായി ബന്ധപ്പെട്ട സമരങ്ങളുമായും കൃത്യമായ നിലപാടോടെ അകലംപാലിക്കുമെന്ന് പ്രഖ്യാപിക്കുന്നു.

Most Read

  • Week

  • Month

  • All