Colors: Purple Color

ന്യൂഡൽഹി
കേരളത്തിൽ എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു. സ്വർണക്കടത്തിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും നടത്തുന്ന വിനാശകരമായ നീക്കത്തെ കേരളജനത പരാജയപ്പെടുത്തുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ കമ്യൂണിക്കെയിൽ പറഞ്ഞു. കൺസൾട്ടൻസി, വിദേശഫണ്ട്‌ വിവാദങ്ങളിൽ പുതുതായി ഒന്നുമില്ലെന്നും ഇക്കാര്യങ്ങളിൽ  പാർടി മുമ്പ്‌ മറുപടി നൽകിയതാണെന്നും യോഗതീരുമാനം വിശദീകരിച്ച്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

സ്വർണക്കടത്ത്‌ പൂർണമായും കേന്ദ്ര അധികാരപരിധിയിലാണ്‌. കസ്‌റ്റംസ്‌ സ്വർണം പിടികൂടിയതിൽ സംസ്ഥാനസർക്കാരിന്‌ ഒന്നും ചെയ്യാനില്ല. നയതന്ത്ര ബാഗ്‌ സംവിധാനംവഴി‌ സ്വർണം കടത്തിയതിനെക്കുറിച്ച്‌ വിശദ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി കേന്ദ്രത്തിന്‌ കത്തെഴുതി. പാർലമെന്റ്‌ പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന എൻഐഎ അന്വേഷണം നടത്തുന്നു‌. കുറ്റക്കാരെ എൻഐഎ കണ്ടെത്തി ശിക്ഷിക്കട്ടെ. ഇപ്പോൾ നിഗമനങ്ങളിൽ എത്തേണ്ടതില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയത്ത്‌ യുഡിഎഫും ബിജെപിയും ഒന്നുചേർന്ന്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ഏതെങ്കിലും രീതിയിൽ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല. അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റ്‌ ചോദ്യങ്ങൾ ഉയർത്തുന്നതിൽ കാര്യമുണ്ടായിരുന്നു–-‌ യെച്ചൂരി പ്രതികരിച്ചു.

ബിഹാറിൽ ഡിജിറ്റൽ വോട്ടെടുപ്പിനെ‌ എതിർക്കും
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി–-ജെഡിയു സഖ്യത്തെ പരാജയപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ഇതിനായി ഇതര ശക്തികളുമായി യോജിച്ചുനീങ്ങുമെന്ന്‌ സിപിഐ എം, സിപിഐ, സിപിഐ എംഎൽ പാർടികൾ സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. നീതിപൂർവമായ തെരഞ്ഞെടുപ്പ്‌ അസാധ്യമാക്കുന്ന ഡിജിറ്റൽ പ്രചാരണം, ഡിജിറ്റൽ വോട്ടെടുപ്പ്‌ എന്നിവയെ ശക്തിയായി എതിർക്കും.

രാജസ്ഥാനിൽ ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടനീക്കം പരാജയപ്പെടുത്താൻ വേണ്ട നിലപാട്‌ സിപിഐ എം എംഎൽഎമാർ സഭയിൽ സ്വീകരിക്കും. രാജ്യ താൽപ്പര്യങ്ങൾക്ക്‌ ഹാനികരമായ വിധത്തിൽ മോഡിസർക്കാർ അമേരിക്കയുടെ വിധേയപങ്കാളിയായി മാറുന്നു.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും പൊതുവിതരണ സമ്പ്രദായത്തെയും തകർക്കുന്ന പരിഷ്‌കാരമാണ്‌ കേന്ദ്രം കാർഷികമേഖലയിൽ നടപ്പാക്കുന്നതെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി യെച്ചൂരി പറഞ്ഞു.

 

കൊച്ചി > സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'യൂത്ത് ഫോർ ഇന്ത്യ' പരിപാടിക്ക് ആവേശകരമായ പ്രതികരണം. ഡിവൈഎഫ്‌ഐ കേരള ഫെയ്‌‌സ്‌ബുക്ക് പേജിലൂടെ ലൈവായി നടന്ന പരിപാടി ഒരു മണിക്കൂറിനുള്ളിൽ നാലര ലക്ഷത്തിലേറെ കാഴ്‌ച്ചക്കാരാണ് ഉണ്ടായത്. ശനിയാഴ്‌ച്ച രാത്രി ഏഴ് മണിക്കാണ് 'മതരാഷ്‌ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പരിപാടി ആരംഭിച്ചത് എട്ട് മണിയായപ്പോൾ തന്നെ ഒരു ലക്ഷത്തിലേറെ ലൈക്കുകൾ ലൈവ് വീഡിയോക്ക് ലഭിച്ചു. അൻപതിനായിരത്തോളം പേർ പരിപാടി തത്സമയം കാണുവാൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ.

മലയാള മനോരമയുടെ നേതൃത്വത്തിൽ അരങ്ങേറിയ പ്രചണ്ഡമായ പ്രചരണത്തിന് തക്ക മറുപടിയാണ് യുവാക്കൾ പരിപാടിയിലെ പങ്കാളിത്തം കൊണ്ട് നൽകിയത്. പരിപാടിക്ക് 'ലൈക്കും ഷെയറും തേടി ഡിവൈഎഫ്‌ഐ' എന്ന് പരിഹാസ രൂപേണയാണ് മനോരമ കഴിഞ്ഞ ദിവസം നൽകിയ വാർത്ത. നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകൾക്കും നൽകിയതു പോലെയുള്ള നിർദേശങ്ങളാണ് ഡിവൈഎഫ്‌ഐ ഈ പരിപാടിക്കും കീഴ്ഘടകങ്ങൾക്ക് നൽകിയത്. അതിനെയാണ് പുതിയ കണ്ടെത്തലായി മനോരമ ലേഖകൻ ജയചന്ദ്രൻ ഇലങ്കത്ത് അവതരിപ്പിച്ചത്. ഫെയ്‌‌സ്‌ബുക്കിൽ ഇല്ലാത്ത 'ഡിസ് ലൈക്ക്' ഓപ്ഷനെക്കുറിച്ച് പോലും മനോരമ നുണ ചമക്കുകയും ചെയ്തു.

ശനിയാഴ്ച്ച രാത്രി ഏഴ് മണിക്കാണ് പരിപാടി ആരംഭിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ സജീഷ് നന്ദിയും പറഞ്ഞു.

 

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അനുകൂല നിലപാടുമായി യൂത്ത് കോൺഗ്രസ്. ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോൺഗ്രസ് എംഎൽഎയും വക്താവുമായ രൺദീപ് സിംഗ് സുർജേവാല, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരുടെയൊക്കെ പ്രസ്താവനകൾ പേജിൽ പങ്കുവച്ചിട്ടുണ്ട്

കാലങ്ങളായി രാജ്യത്ത് മാനവികത പടർത്താനുള്ള ചരടായി രാമൻ നിലകൊണ്ടിട്ടുണ്ട്. രാമദേവൻ ഒരു ആശ്രയവും സമർപ്പണവുമാണ്.’ ഒരു പോസ്റ്റിൽ യൂത്ത് കോൺഗ്രസ് പറയുന്നു. രാമൻ എല്ലാവർക്കും ഉള്ളതാണെന്നും ഗാന്ധി തൻ്റെ പ്രാർത്ഥനാ മന്ത്രത്തിൽ പോലും രാമനെയാണ് സ്മരിച്ചിരുന്നതെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു.

നേരത്തെ, രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. രാമൻ എല്ലാവർക്കുമൊപ്പം ഉണ്ടെന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പ്രിയങ്ക ഗാന്ധി കുറിച്ചു

“ധീരതയും ത്യാഗവും ലാളിത്യവും പരിത്യാഗവും സമർപ്പണവുമാണ് ദീനബന്ധു രാമൻ എന്ന പേരിൻ്റെ കാതൽ. രാമൻ എല്ലായിടത്തും എല്ലാവരിലും ഉണ്ട്. രാമദേവൻ്റെയും സീതാദേവിയുടെയും സന്ദേശവും അനുഗ്രഹവും കൊണ്ട്, ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമാണ്.”- പ്രിയങ്ക ഗാന്ധി കുറിച്ചു.

 

നാളെയാണ് രാമക്ഷേത്രത്തിൻ്റെ ഭൂമിപൂജ. ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിയ്ക്കും.ക്ഷേത്ര നിർമാണ ആരംഭ ചടങ്ങുകൾ അന്തർ ദേശീയ തലത്തിൽ തന്നെ വൻ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് ആണ് ചടങ്ങുകൾ നടക്കുക.

തിരുവനനന്തപുരം
   ചാതുര്‍വര്‍ണ്യത്തിന്റെയും അന്ധവിശ്വാസത്തിന്റെയും യാഥാസ്ഥികതയുടെയും ഇരുട്ട്നിറഞ്ഞ ഭൂതകാലത്തില്‍ നിന്നും പുരോഗമനചിന്തയുടെ വെളിച്ചമുള്ള ഭാവിയിലേക്കാണ് രാജ്യം നീങ്ങേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'യൂത്ത് ഫോര്‍ ഇന്ത്യ' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
   പുരോഗമന ആശയം എത്തിയില്ലെങ്കില്‍ വികസനത്തിന് പകരം വിനാശമായിരിക്കും നേരിടേണ്ടിവരിക. വര്‍ഗീയതക്കും ജാതീയതക്കും മതരാഷ്ട്രവാദങ്ങള്‍ക്കുമെതിരായ യുവജനങ്ങളെ അണിനിരത്തുക എന്ന നിര്‍ണായക ദൗത്യമാണ് ഡിവൈഎഫ്ഐയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
   വര്‍ഗീയതക്കും വംശീയതക്കും വിഘടനവാദത്തിനുമെതിരെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ പൊരുതിയ ചരിത്രമുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്ന് പിണറായി പറഞ്ഞു. ഖാലിസ്ഥാന്‍ വിഘടനവാദത്തിനെതിരായ പോരാട്ടത്തിനിടയില്‍ ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍പോലും രക്തസാക്ഷിത്വംവരിച്ചു. അസമിലും കശ്മീരിലുമൊക്കെ വര്‍ഗീയവാദത്തില്‍ വേരുകളുള്ള വിഘടനപ്രസ്ഥാനങ്ങള്‍ക്കെതിരെ ത്യാഗോജ്വലമായ പോരാട്ടമാണ് ഡിവൈഎഫ്ഐ നടത്തിയത്.
    ഇന്ത്യന്‍ സ്വാതന്ത്ര്യസരമ ചരിത്രത്തില്‍ ഒരുപങ്കും വഹിക്കാത്ത സംഘപരിവാറിനും അതിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്കും സ്വാതന്ത്യത്തിനായുള്ള ജനമുറ്റേങ്ങളുടെ ത്യാഗപൂര്‍ണമായ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും കയ്യൊഴിയാന്‍ അവര്‍ക്ക് മടിയുണ്ടാകുകയുമില്ല. അതിനാല്‍ ജനങ്ങളുടെ വലിയ ജാഗ്രതയാണ് ഈ സാഹചര്യത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
   പാര്‍ലമെന്ററി സംവിധാനത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായംകൊണ്ട് പകരംവെക്കാനും നിയമസംവിധാനത്തെ ഏകസിവില്‍കോഡ് കൊണ്ട് പകരംവെക്കാനുമൊക്കെയുള്ള വാദങ്ങള്‍ ശ്രദ്ധിക്കണം. അതിന്റെയൊക്കെ പിന്നിലുള്ള പ്രേരകഘടകം വൈവിധ്യത്തിലെ ഏകത്വത്തിലൂന്നിയുള്ള ജനാധിപത്യത്തിന്റെ താല്‍പര്യങ്ങളാണോ എന്ന് പരിശോധിക്കണം. പലവിധത്തിലുള്ള ജീവിതരീതികളും ഭാഷയും മതവും സംസ്കാരവും ഒക്കെയുള്ള രാജ്യമാണിത്. വൈവിധ്യം തകര്‍ന്നാല്‍ ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ തകരും. ബഹുവര്‍ണശബളമായ സാംസ്കാരിക വൈവിധ്യമാണ് നമുക്കുള്ളത്. അതാണ് ലോകം ഇന്ത്യയില്‍ കാണുന്ന വലിയ പ്രത്യേകത. ആ വൈവിധ്യത്തെ ഏകശിലാരൂപത്തിലുള്ള ഒരു മതം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ സംസ്കാരം കൊണ്ടോ തകര്‍ന്ന് പോകുന്നത് ഇന്ത്യ എന്ന് വികാരമാണ്.
   വിവിധ മതങ്ങളില്‍പ്പെട്ടവരും ഒരു മതത്തിലും പെടാത്തവരുമൊക്കെ കൂട്ടായി പൊരുതിയാണ് സ്വാതന്ത്യം നേടിത്തന്നത്. ആ സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ പങ്കിനെ തമസ്കരിക്കാന്‍ ശ്രമം നടക്കുന്നു. കാര്യമായ പങ്കൊന്നുമില്ലാത്ത ഒരു പ്രത്യേക രാഷ്ട്രീയത്തിന് സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശം കല്‍പ്പിച്ച് കൊടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ഇതിനനുസൃതമായ രീതിയില്‍ ചരിത്രംതന്നെ ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കാന്‍ ദേശീയ ചരിത്ര ഗവേഷണ കൗണ്‍സില്‍ അടക്കമുള്ളവയെ ദുരുപയോഗിക്കുന്നു. ഇത്തരം ചരിത്രരചനകള്‍ മതരാഷ്ട്ര നിര്‍മാണത്തിനുള്ള സാംസ്കാരിക മൂലധനമാണെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ ഇവരുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരായ വ്യാപകമായ ജാഗ്രത മതേതരമനസുകളില്‍ ഉണര്‍ന്നുവരുന്നുണ്ട് എന്നത് ശുഭോതര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.
   മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ തകൃതിയായി നടക്കുന്നുണ്ട്. യുവാക്കള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്ന് തെറ്റിധരിപ്പിക്കാനും ശ്രമംനടക്കുന്നുണ്ട്. ഇങ്ങനൊരു പ്രതീതി ഉണ്ടാക്കാന്‍ ഒരുപ്രമുഖ മാധ്യമം ഒരു പംക്തി തന്നെ തുറന്നിട്ടുണ്ട്. എന്നാല്‍, ഈ സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ വരെയായി 1,33,132 പേര്‍ക്കാണ് പിഎസ്സി വഴി നിയമനം നല്‍കിയത്. 3668 റാങ്ക് ലിസ്റ്റുകള്‍ ഇക്കാലയളവില്‍ പിഎസ്സി പ്രസിദ്ധീകരിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എല്‍ഡിഎഫ് യാഥാര്‍ത്ഥ്യമാക്കി. ഐടി രംഗത്തടക്കം പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. യുഡിഎഫ് കാലത്തെ സ്റ്റാര്‍ട്ട്അപ്പുകള്‍ 300 മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ 2200 സ്റ്റാര്‍ട്ട്അപ്പുകളാണ് നാല് വര്‍ഷം കൊണ്ട് ആരംഭിച്ചത്. ഇന്‍ക്യുബേറ്ററുകളുടെ എണ്ണം 18ല്‍ നിന്ന് 42 ആയി ഉയര്‍ത്തി.  ഇത്തരം കാര്യങ്ങള്‍ തമസ്കരിച്ചുകൊണ്ടാണ് നിയമനമില്ല എന്ന് നിയമനം മരവിപ്പിച്ച ചരിത്രമുള്ളവര്‍ മുറവിളി കൂട്ടുന്നത്. ഇതിന്റെ കള്ളിവെളിച്ചത്താക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണം, മുഴുവന്‍ യുവാക്കള്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയാതെവരുന്നത് രാജ്യത്ത് നടപ്പിലാക്കിപോരുന്ന വികല സാമ്പത്തിക നയങ്ങള്‍ മൂലമാണ്, ആ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തിക്കൊണ്ട് കൂടിവേണം യുവാക്കളെ ബോധവത്കരിക്കേണ്ടത്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് യുവാക്കള്‍ പ്രതിജ്ഞ ചെയ്യണമെന്നും പിണറായി പറഞ്ഞു.
 
 
 
 
 
ReplyForward

രമേശ് ചെന്നിത്തലയുടെ ആർഎസ്എസ് ബന്ധം ആവർത്തിച്ചും മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ തള്ളിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സുരക്ഷാ ഉദ്യോഗസ്ഥൻ ആർഎസ്എസിന്റെ മുൻ ശാരീരിക് പ്രമുഖായത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മും ആർഎസ്എസും യോജിക്കുന്നെന്ന വിഡ്ഢിത്തം മുല്ലപ്പള്ളിയല്ലാതെ ആരെങ്കിലും പറയുമോയെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചോദിച്ചു.

സർക്കാരിനെ അട്ടിമറിക്കാൻ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ആർഎസ്എസിനെ പലവിധത്തിൽ സഹായിച്ചു. കോൺഗ്രസ് അനുകൂലികളായ നിരവധി പേരുണ്ടായിട്ടും പഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായി ആർഎസ്എസ് ശാരീരിക് പ്രമുഖിനെ നിയമിച്ചു. ചെന്നിത്തലയോടുള്ളത് വ്യക്തിപരമായ എതിർപ്പല്ലെന്നും രാഷ്ട്രീയ നിലപാടാണെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസ് നിലപാട് തെറ്റെന്ന് ബോധ്യപ്പെട്ടപ്പോൾ എസ്ആർപി പതിനെട്ടാം വയസിൽ കമ്യൂണിസ്റ്റായതാണ്. മറ്റ് പാർട്ടികളിൽ നിന്ന് ആളുകൾ വന്നാണ് സിപിഐഎം വികസിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് ആർഎസ്എസ് ബന്ധമുണ്ടെന്ന നട്ടാൽകുരുക്കാത്ത നുണ കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്നു പറയുന്നത് ശരിയല്ല.

സ്വർണക്കടത്ത് കേസ് കോടതി പരിശോധിക്കട്ടെ. പാർട്ടിക്ക് യാതൊരു ബേജാറുമില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ ബിജെപിക്കും കോൺഗ്രസിനും ബൂമറാങ്ങാകുമെന്നും കോടിയേരി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരേയും മാറ്റേണ്ട സാഹചര്യമില്ല. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പുനരന്വേഷണം വേണമോയെന്ന് സർക്കാർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ ഓഗസ്റ്റ് 23ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിപിഐഎം സത്യഗ്രഹം സംഘടിപ്പിക്കും. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സത്യഗ്രഹം. വൈകിട്ട് നാല് മുതൽ നാലര വരെ 20 ലക്ഷം പേരെ പങ്കെടുപ്പിച്ചാകും പ്രതിഷേധമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ആർഎസ്എസിനെ എല്ലാക്കാലത്തും കോൺഗ്രസ് സഹകരിപ്പിച്ചിട്ടുണ്ടെന്നും ആർഎസ്എസിനെ നേരിടാൻ കോൺഗ്രസിനു സാധിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ. ബിജെപിയും കോൺഗ്രസും കേരളത്തിൽ ഒത്തുകളിക്കുന്നുവെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിനെ കോൺഗ്രസ് എന്തുകൊണ്ട് എതിർക്കുന്നില്ലെന്നും കോടിയേരി ചോദിച്ചു.

നരേന്ദ്രമോഡി ഭരണം രാജ്യത്തിന്റെ യഥാർഥ ചരിത്രം കീഴ്‌മേൽ മറിക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  സ്വാതന്ത്ര്യലബ്ധിയുടെ 75 വർഷത്തെ പ്രയാണത്തിനിടയിലെ ഏറ്റവും ഭീഷണമായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്‌. ആഗസ്‌ത്‌ 15ഉം ആഗസ്‌ത്‌ അഞ്ചും തമ്മിലുള്ള ഏറ്റുമുട്ടലാണ് അരങ്ങേറുന്നതെന്നും യെച്ചൂരി പറഞ്ഞു. ഐഎൻഎൽ അഖിലേന്ത്യാ കമ്മിറ്റി ‘ഭരണഘടനയെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന പ്രമേയത്തിൽ നടത്തിയ ദേശീയ വെബിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ മൗലിക ചട്ടക്കൂട് തകർക്കുകയാണ് ഹിന്ദുത്വ ഭരണകൂടം.  സംഘപരിവാർ വിഭാവനംചെയ്യുന്ന ഹിന്ദുരാഷ്ട്രം ഭരണഘടനക്കും ഇന്ത്യയുടെ ആത്മാവിനും എതിരാണ്. ആഗസ്‌ത്‌ അഞ്ചിന് മോഡി ശിലാന്യാസം നടത്തിയത് യഥാർഥ ഭക്തർ ആരാധിക്കുന്ന രാമന്റെ പേരിലുള്ള രാമക്ഷേത്രത്തിനല്ല.  സകല വിഭവങ്ങളും കോർപറേറ്റുകൾക്ക് കൊള്ളിയടിക്കാൻ വിട്ടുകൊടുത്ത സർക്കാരാണ് ‘ആത്മനിർഭർ ഭാരതി’ന്റെ പേരിൽ വാചാടോപം നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷനായി. സിപിഐ നേതാവ് ആനി രാജ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, അഡ്വ. രശ്‌മിത രാമചന്ദ്രൻ, പി സി കുരീൽ, ഡോ. എം എ അമീൻ, കെ എസ് ഫക്രുദ്ദീൻ,  മുനീർ ശെരീഫ്, കാസിം ഇരിക്കൂർ, അഡ്വ. മനോജ് സി നായർ, അഡ്വ. ശഹീദ് അലി, കുഞ്ഞാവൂട്ടി എ കാദർ എന്നിവർ പങ്കെടുത്തു. അഹമ്മദ് ദേവർകോവിൽ സ്വാഗതവും മുസമ്മിൽ ഹുസൈൻ നന്ദിയും പറഞ്ഞു.

 

Most Read

  • Week

  • Month

  • All