Colors: Purple Color

കഴിഞ്ഞ 18 മാസങ്ങൾക്കിടെ ഫേസ്ബുക്ക് പരസ്യങ്ങൾക്കായി ഏറ്റവുമധികം തുക മുടക്കിയത് ഭരണകക്ഷിയായ ബിജെപി. ‘സാമൂഹ്യ പ്രശ്നങ്ങൾ, തെരഞ്ഞെടുപ്പുകൾ, രാഷ്ട്രീയം’ എന്നീ വിഷയങ്ങളിലായി 4.61 കോടി രൂപയാണ് ബിജെപി മുടക്കിയത്. രണ്ടാം സ്ഥാനത്തുള്ള പ്രതിപക്ഷ പാർട്ടി കോൺഗ്രസ് മുടക്കിയത് 1.84 കോടി രൂപ മാത്രമാണ്. 2019 ഫെബ്രുവരി മുതൽ 2020 ഓഗസ്റ്റ് 24 വരെയുള്ള കണക്കാണിത്.

കാശ് ചെലവഴിച്ച ആദ്യ പത്ത് പരസ്യദാതാക്കളിൽ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്. രണ്ട് കമ്മ്യൂണിറ്റി പേജുകൾ ഉൾപ്പെടെയാണ് ഇത്. ഡല്‍ഹിയിലെ ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ അഡ്രസ്സാണ് ഇവരിൽ മൂന്നു പേർ നല്‍കിയിരിക്കുന്നത്. ‘ഭാരത് കെ മാൻ കി ബാത്ത്’ എന്ന ഫേസ്ബുക്ക് പേജ് ചലവഴിച്ചിരിക്കുന്നത് (2.24 കോടി രൂപയാണ്. ‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി’ (1.39 കോടി രൂപ), വാർത്താ മാധ്യമ വെബ്സൈറ്റ് എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന ‘നേഷൻ വിത്ത് നമോ’ (1.28 കോടി രൂപ), ബിജെപി നേതാവും മുൻ എംപിയുമായ ആർ കെ സിൻ‌ഹയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പേജ് (65 ലക്ഷം രൂപ) എന്നിങ്ങനെയാണ് മറ്റ് മൂന്നു പേജുകൾ പരസ്യത്തിനായി ചെലവഴിച്ചിരിക്കുന്ന തുക. ആകെ 10.17 കോടി രൂപയാണ് ബിജെപിക്കുള്ള ഫേസ്ബുക്ക് പരസ്യത്തിനായി ഈ പേജുകൾ ചെലവഴിച്ചിരിക്കുന്നത്. ഇത് ആദ്യ 10 പേജുകൾ ആകെ ചെലവഴിച്ച തുകയായ 1.81 കോടിയുടെ 64 ശതമാനം വരും. 2019 ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന പൊതു തെരഞ്ഞെടുപ്പും ഈ കാലയളവിൽ പെടും.

2019 ജനുവരിയിലാണ് ‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി’, ‘ഭാരത് കെ മാൻ കി ബാത്ത്’ എന്നീ പേജുകൾ ക്രിയേറ്റ് ചെയ്യപ്പെട്ടത്. രണ്ട് മാസങ്ങൾക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്.ഇന്ത്യയിൽ ബിജെപി അനുകൂല നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത് വിവാദമായിരുന്നു.

തിരുവനന്തപുരം:

സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് സര്‍ക്കാരിനെതിരെ നീങ്ങണമെന്ന കെപിസിസി പ്രസിഡന്റ് നടത്തിയ ആഹ്വാനം വലിയ കലാപാഹ്വാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കെപിസിസി അധ്യക്ഷൻ വിളിച്ച യോഗം ജനാധിപത്യ പ്രക്രിയയിലെ ഗുരുതര പ്രശ്നമാണ്. സർക്കാർ ഉദ്യോഗസ്ഥരോട് വഞ്ചിക്കണം എന്നാവശ്യപ്പെടുകയാണ്. ഉദ്യോഗസ്ഥൻ ഉത്തരവാദിത്തം പാലിക്കാൻ ബാധ്യസ്ഥരാണ്.എല്ലാം ചോർത്താൻ പറയുന്നത് വലിയ രീതിയിലുള്ള കലാപ ആഹ്വാനം. ഈ നിലപാട് ഉണ്ടാകാൻ പാടില്ലാത്തതാണ്. മുല്ലപ്പള്ളിയുടെ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇത് ജനങ്ങള്‍ക്കും നാടിനും എതിരെയുള്ള ആഹ്വാനമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷത്തെ യുഡിഎഫിൽ തിരികെ എത്തിക്കാനുള്ള പെടാപ്പാടിൽ കോൺഗ്രസ്‌ നേതൃത്വം. ജോസ്‌ പക്ഷത്തെ ഒരു കാരണവശാലും യുഡിഎഫിൽ തിരികെ കയറ്റരുതെന്ന്‌ പി ജെ ജോസഫും മധ്യസ്ഥചർച്ചയ്‌ക്ക്‌ ഇല്ലെന്ന്‌ മുസ്ലിംലീഗും നിലപാട്‌ കടുപ്പിച്ചതോടെ ഒത്തുതീർപ്പ്‌ ശ്രമങ്ങൾക്ക്‌ തിരിച്ചടിയായി. 

ജോസ്‌ വിഭാഗത്തെ മുന്നണിയിൽനിന്ന്‌ പുറത്താക്കിയെന്നു പറഞ്ഞ ‌പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന വാദമാണ്‌ ഇപ്പോൾ ഉയർത്തുന്നത്‌. ഔദ്യോഗിക കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷമാണെന്ന്‌ വന്നതാണ്‌ ചുവടുമാറ്റത്തിന്‌ കാരണം. ജോസ്‌ വിഭാഗത്തിന്‌ മുന്നണി പ്രവേശം നിഷിദ്ധമല്ലെന്നാണ്‌ മുല്ലപ്പള്ളി ബുധനാഴ്‌ച പറഞ്ഞത്‌. ഇതിനിടെയാണ്‌ മധ്യസ്ഥരെ രംഗത്തിറക്കാൻ തീരുമാനിച്ചത്‌. 

 മധ്യസ്ഥ ശ്രമത്തിനില്ലെന്ന്‌ മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞെങ്കിലും അനുകൂല സാഹചര്യമൊരുങ്ങിയാൽ രംഗത്ത്‌ വരുമെന്നാണ്‌ സൂചന. ജോസ്‌ കെ മാണിയുമായി വ്യക്തിപരമായി അടുപ്പമുള്ളവരെ ഇറക്കി മെരുക്കാനാണ്‌ നീക്കം.

അതേസമയം, ഒരു ചർച്ചയ്‌ക്കും ഇല്ലെന്നാണ്‌ പി ജെ ജോസഫ്‌ ആവർത്തിക്കുന്നത്‌. യഥാർഥ കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷമാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പി ജെ ജോസഫ്‌. ജോസഫിനെ തള്ളാനും മടിക്കില്ലെന്ന സൂചനയാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിൽനിന്ന്‌ വരുന്നത്‌. അതിനിടെ ഒപ്പമുള്ള ചില തദ്ദേശ സ്ഥാപന പ്രതിനിധികൾ ഔദ്യോഗിക പക്ഷത്തേക്ക്‌ ചേക്കാറാൻ നീക്കം സജീവമാക്കിയത്‌ ജോസഫ്‌ വിഭാഗത്തെ പ്രതിസന്ധിയിലാക്കി. 

യുഡിഎഫിൽ തിരികെ എത്തിക്കാനുള്ള ശബ്ദങ്ങൾക്ക്‌ ചെവികൊടുക്കാതെ നിൽക്കുകയാണ്‌ ജോസ്‌ വിഭാഗം. പുറത്താക്കിയശേഷം ഇപ്പോൾ പുറകെ കൂടുന്നതിലെ ചതി തിരിച്ചറിയണമെന്ന വാദം ജോസ്‌ പക്ഷത്തെ നേതാക്കൾക്കുണ്ട്‌.

ജോസുമായി ചർച്ചയ്‌ക്കില്ല: കുഞ്ഞാലിക്കുട്ടി
കേരള കോൺഗ്രസ്‌ ജോസ്‌ കെ മാണി വിഭാഗവുമായി ചർച്ചക്ക്‌ മുസ്ലിംലീഗില്ലെന്ന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി  കെ കുഞ്ഞാലിക്കുട്ടി എംപി. നേരത്തെ ചർച്ചയ്‌ക്ക്‌  മുൻകൈയെടുത്തിരുന്നു. അത്‌ വിജയംകണ്ടില്ല. ഇനി യുഡിഎഫ്‌ യോഗം ചേർന്നശേഷമേ ഇക്കാര്യത്തിൽ മുന്നോട്ട്‌ പോകൂവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ എ ഗ്രൂപ്പ്‌ യോഗം ഇന്ന്‌ കോട്ടയത്ത്‌
കോൺഗ്രസ്‌ എ ഗ്രൂപ്പ്‌  യോഗം വ്യാഴാഴ്‌ച കോട്ടയത്ത്‌ ചേരും. ഉമ്മൻചാണ്ടി എംഎൽഎയായതിന്റെ സുവർണജൂബിലി ആഘോഷിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാനെന്ന പേരിലാണ്‌ യോഗം‌.   ഡിസിസി ഓഫീസിൽ യോഗം ചേരുമെന്നാണ്‌ നേതാക്കളെ അറിയിച്ചിട്ടുള്ളത്‌. ഉമ്മൻചാണ്ടിയുടെ അടുത്ത അനുയായികളായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെ സി ജോസഫ്‌, ഡിസിസി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ജൂബിലി ആഘോഷത്തിന്‌ ഐ ഗ്രൂപ്പിന്‌ താൽപ്പര്യമില്ലെങ്കിലും  പരിപാടിയുമായി മുന്നോട്ടുപോകാനാണ്‌ എ ഗ്രൂപ്പ്‌ തീരുമാനം‌. പ്രതിപക്ഷ നേതാവ്‌  രമേശ്‌ ചെന്നിത്തല പരാജയമാണെന്നും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ്‌ എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. അതിന്‌ കളമൊരുക്കാൻ‌ ജൂബിലി ആഘോഷത്തെ ഉപയോഗിക്കണമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ഗ്രൂപ്പ്‌ മാനേജർമാർ. കെപിസിസി അനുമതിയില്ലെങ്കിലും ആഘോഷവുമായി മുന്നോട്ട്‌ പോകാനാണ്‌ ധാരണ.അതേസമയം എ ഗ്രൂപ്പിലും പഴയതും പുതിയതുമായി രണ്ട്‌ വിഭാഗങ്ങൾ രൂപപ്പെട്ടിട്ടുണ്ട്‌. ഉമ്മൻചാണ്ടി  യോഗത്തിനെത്താൻ സാധ്യതയില്ല

 

തൃശൂർ > വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ലാറ്റ് നിർമാണത്തിന്റെ പേരിൽ മാനഹാനി വരുത്തിയതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്  അനിൽ അക്കര എംഎൽഎക്ക്  മന്ത്രി എ സി മൊയ്‌തീൻ വക്കീൽ നോട്ടീസ് അയച്ചു. മാതൃഭൂമി ചാനലിനും പത്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷനുവേണ്ടി യുഎഇ റഡ് ക്രസന്റ് എന്ന സംഘടന  സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്‌ലാറ്റ് സമുച്ചയ നിർമാണത്തിന്റെ ഇടനിലക്കാരനായി  മന്ത്രി എ സി മൊയ്‌തീൻ അഴിമതി നടത്തിയെന്നാണ് അനിൽ അക്കര അപകീർത്തിപ്പെടുത്തിയത്. 140 യൂണിറ്റുള്ള ഭവനസമുച്ചയത്തിൽ നാലുകോടിയുടെ അഴിമതി നടന്നതായും ഇതിൽ രണ്ടുകോടി മന്ത്രി എ സി മൊയ്തീന്  കൈമാറിയെന്നുമാണ് അപകീർത്തിപ്പെടുത്തിയത്.

 

2020  ആഗസ്‌ത് 15ലെ മാതൃഭൂമി വാർത്താ ചാനലിലും ആഗസ്‌ത് 14ലെ മാതൃഭൂമി പത്രത്തിലും അപകീർത്തിപരമായ വാർത്ത വന്നു. ഈ വാർത്തയ്‌ക്കെതിരെ അനിൽ അക്കര എംഎൽഎ,  മാതൃഭൂമി ചാനൽ അവതാരിക സ്‌മൃതി പരുത്തിക്കാട്, മാതൃഭൂമി  ന്യൂസ് ചാനൽ എഡിറ്റർ  ഉണ്ണി ബാലകൃഷ്‌ണൻ, മാതൃഭൂമി പത്രം പ്രിന്ററും പബ്ലീഷറുമായ എം എൻ രവിവർമ എന്നിവർക്കെതിരെയാണ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്  വക്കീൽ നോട്ടീസ്  അയച്ചത്.

താൻ വിദ്യാർഥി പ്രസ്ഥാനം മുതൽ പൊതുരംഗത്ത് കളങ്കരഹിതമായ പ്രർത്തനമാണ് നടത്തിയിട്ടുള്ളത്. രാഷ്ട്രീയത്തിന് അതീതമായി തന്റെ പൊതുസമ്മതിക്ക് ഇടിവ് വരുത്താൻ ഉദ്ദേശിച്ചാണ്,  അസത്യമാണെന്ന് അറിഞ്ഞിട്ടും അനിൽ അക്കര അപകീർത്തിപരമായ പരാമർശം നടത്തിയത്.  നോട്ടീസ് കൈപറ്റി  ഒരാഴ്ചക്കകം നാലുകക്ഷികളും അപകീർത്തിപരമായ പ്രസ്താവന നിരുപാധികം പിൻവലിക്കണം. വാർത്ത  തുല്യപ്രാധാന്യത്തിൽ തിരുത്തായി പ്രസിദ്ധീകരിക്കണം. വീ‌ഴ്‌ച വരുത്തിയാൽ അപകീർത്തിക്ക്  ക്രിമിനൽ ഫയലാക്കുമെന്നും അറിയിച്ചാണ് അഡ്വ. കെ ബി മോഹൻദാസ് മുഖേന  നോട്ടീസ് അയച്ചത്.

 

എൽഡിഎഫിന്റെ തുടർഭരണം ചെറുക്കാനുള്ള ശിഥിലീകരണ പ്രവർത്തനമാണ്‌ ബിജെപിയുമായി ചേർന്ന്‌ യുഡിഎഫ്‌ നടത്തുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ്‌ ഭരിച്ചാൽ കേരളം മുടിഞ്ഞുപോകണമെന്ന്‌ ആഗ്രഹിക്കുന്ന നശീകരണ പ്രതിപക്ഷമാണിത്‌. അന്ധമായ ഇടതുപക്ഷ വിരോധം കാരണം അവരുടെ മനസ്സ്‌ മരവിച്ചിരിക്കുകയാണ്‌. സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യം പൂർണമായും മറന്ന യുഡിഎഫും കോൺഗ്രസും എല്ലാ കാര്യത്തിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നത്. അതേസമയം, സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് പ്രതികരിക്കുന്നില്ല. ജിഎസ്ടി  കുടിശ്ശിക  കേന്ദ്രം നികത്താതെ കടം വാങ്ങാനാണ് പറയുന്നത്. സാമ്പത്തികനില ദുർബലപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിന്‌ യുഡിഎഫ്‌ കൂട്ടുനിൽക്കുന്നു.

എൽഡിഎഫ്‌ സർക്കാർ പ്രഖ്യപിച്ച 100 ദിന പദ്ധതികളെക്കുറിച്ച് യുഡിഎഫിന്റെ നിലപാടെന്താണെന്നും കോടിയേരി ചോദിച്ചു. 88 ലക്ഷം കുടുംബത്തിനാണ്‌ നാലുമാസം സൗജന്യമായി ഭക്ഷധാന്യം നൽകുന്നത്‌. നാലുലക്ഷം വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്‌ നൽകുന്നു. 45,000 ഹൈടെക്‌ ക്ലാസ്‌മുറിയായി. ക്ഷേമപെൻഷൻ 1400 രൂപയാക്കി. 30,000 ഐടി ബിരുദധാരികൾക്ക്‌ ജോലി നൽകി. സ്റ്റാർട്ടപ്പുകൾ 300ൽനിന്ന്‌ 2300 ആയി. പൊതുമേഖലാ സ്ഥാപനങ്ങൾ 131 കോടി നഷ്ടത്തിൽനിന്ന്‌ 258 കോടി രൂപയുടെ ലാഭത്തിലേക്കെത്തി. എൽഡിഎഫ്‌ അല്ലായിരുന്നു ഭരണത്തിലെങ്കിൽ തിരുവനന്തപുരം വിമാനത്താവളം ഇതിനകം അദാനി കൈയടക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം  ജനങ്ങൾ തിരിച്ചറിയുന്നതിലുള്ള അസ്വസ്ഥത പ്രതിപക്ഷത്തിനുണ്ട്‌.

 ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ നുണപ്രചാരണ കോലാഹലം സൃഷ്ടിച്ച്‌ എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടം തമസ്കരിക്കാൻ ആസൂത്രിത ശ്രമമാണ്‌ നടത്തുന്നത്‌. ഒരുവശത്ത്‌ മുസ്ലിംതീവ്രവാദ ശക്തികളുമായും മറുവശത്ത്‌ ഹിന്ദുത്വ വർഗീയ കക്ഷികളുമായും കോൺഗ്രസ്‌ കൂട്ടുകൂടുന്നു. ഇക്കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ പാർടി സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

കൊലയാളികളെ കോൺഗ്രസ്‌ മഹത്വവൽക്കരിക്കുന്നു
വെഞ്ഞാറമൂട്‌ രക്തസാക്ഷികളെ അധിക്ഷേപിക്കുന്ന കോൺഗ്രസ്‌ കൊലയാളികളെ മഹത്വവൽക്കരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌  കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അക്രമകാരികൾക്ക് പരസ്യമായ പ്രോത്സാഹനമാണ് കോൺഗ്രസ് നൽകുന്നത്. ഗാന്ധിജിയുടെ ചിത്രത്തിന്‌ മുന്നിലിട്ട്‌ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയത്‌ കോൺഗ്രസിന്റെ അപചയത്തിന്‌ തെളിവാണ്‌. കൊലപാതകത്തെ തള്ളിപ്പറയാൻ പോലും തയ്യാറാകാത്ത കോൺഗ്രസ്‌ നിലപാട്‌ അപലപനീയമാണെന്നും‌ കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത്‌ അക്രമസംഭവങ്ങൾ കുറവാണ്‌. ഈ അംഗീകാരം ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ സംഭവങ്ങൾ. സ്വൈരജീവിതം തകർക്കാൻ പലയിടത്തും ആക്രമണം നടത്തുകയാണ്‌. നാടിന്റെ സമാധാനം തകർത്ത്‌ വികസനം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചെന്ന കള്ളപ്രചാരണം പൊളിഞ്ഞത്‌ കോൺഗ്രസിന്റെ തന്ത്രം വ്യക്തമാക്കുന്നതാണ്‌. സ്വയം വീട്‌ ആക്രമിച്ചത്‌ സിപിഐ എമ്മിന്റെ അക്രമമായി ചിത്രീകരിക്കാൻ എന്തെല്ലാം പ്രചാരണങ്ങളാണ്‌ നടത്തിയതെന്ന്‌ കോടിയേരി ചോദിച്ചു.
 
 

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ച പാലക്കാട് പട്ടാന്പിയിലെ യൂത്ത് ലീഗ് നേതാവ് ഹക്കിം പട്ടാന്പി ലീഗ് ബന്ധമുപേക്ഷിച്ചു. സിപിഐഎംകാരനായ പ്രതിയെന്ന തരത്തില്‍ നടത്തിയ വ്യാജ പ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച് ഡിവൈഎഫ്‌ഐയില ചേര്‍ന്നത്.

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫോട്ടോ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ പ്രചാരണം നടത്തിയത്. മുതുതല പഞ്ചായത്ത് മുസ്ലീം യൂത്ത്
ലീഗ് വര്‍ക്കിംഗ് കമ്മറ്റി അംഗവും കൊടുമുണ്ട ശാഖ വൈസ് പ്രസിഡന്റുമായ ഹക്കിം പട്ടാമ്പിയുടെ ഫോട്ടോ ചാനല്‍ ചര്‍ച്ചയിലും സമൂഹ മാധ്യമങ്ങളിലും വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു.

 

നേരത്തെ ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹക്കിം ഒരു വര്‍ഷം മുന്പാണ് യൂത്ത് ലീഗില്‍ ചേര്‍ന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരിക്കുന്‌പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമുപയോഗിച്ചായിരുന്നു

സിപിഐഎംകാരനായ പ്രതിയെന്ന തരത്തില്‍ പ്രചാരണം നടത്തിയത്. വ്യാജ പ്രചാരണത്തിനെതിരെ യുഡിഎഫ് നേതാക്കളെയും മുസ്ലിംലീഗ് നേതാക്കളെയും സമീപിച്ചെങ്കിലും അനുകൂല നിലപാടെടുത്തില്ലെന്നും ഇതേ തുടര്‍ന്ന് മുസ്ലീംലീഗുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും
ഹക്കീം പട്ടാമ്പി പറഞ്ഞു.

ഡിവൈഎഫ്‌ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഹക്കീം പട്ടാമ്പിയെ ജീല്ലാ സെക്രട്ടറി ടിഎം ശശി സ്വീകരിച്ചു. വെഞ്ഞാറമൂട് കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് കുപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍
പറഞ്ഞു.

സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചക്കിടെയും നടത്തിയ വ്യാജ പ്രചാരണത്തില്‍ ഹക്കിം നല്‍കിയ പരാതിയില്‍ പട്ടാന്പി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

Most Read

  • Week

  • Month

  • All