Colors: Purple Color

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സദുദ്ദേശപരമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അങ്ങനെയാണെങ്കിൽ സർക്കാരിനെ അറിയിക്കാമായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.

സിബിഐയെ കാണിച്ചു സിപിഐഎമ്മിനെ വിരട്ടേണ്ട എന്നും ബിജെപിയുടെ മുൻപിൽ ഇടതുപക്ഷ സർക്കാർ കീഴടങ്ങില്ലെന്നും സിബിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. ബിജെപിയുടെ തീരുമാനം നടപ്പിലാക്കുകയാണ് സിബിഐ അന്വേഷണം. അഗ്‌നിശുദ്ധി വരുത്താനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ വിജിലൻസിന് അവസരം കൊടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

സ്വർണക്കടത്ത് കേസ് ബിജെപിയിലെത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി തുടങ്ങിയെന്നും കോടിയേരി ആരോപിച്ചു. ഉദ്യോഗസ്ഥരെ മാറ്റുന്നത് ആരാണെന്നും അദ്ദേഹം ചോദിക്കുന്നു. ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കുന്നതിനെതിരായി ഇടപെടലുണ്ടായി. കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്നും അതുകൊണ്ടാണ് ടൈറ്റാനിയം കേസിൽ സിബിഐ അന്വേഷണം വരാത്തതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

വെഞ്ഞാറമ്മൂട് കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന അഭിപ്രായമില്ല. കാരണം അത് കോൺഗ്രസുകാർ നടത്തിയതെന്ന് ഉറപ്പാണ്. ഗൂഡാലോചന മാത്രമേ ഇനി കണ്ടെത്താനുള്ളൂ. അത് നന്നായി നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ അക്രമ ആൾക്കൂട്ടസമരം നടത്തിയ യുഡിഎഫ് ‌എല്ലാം അവസാനിപ്പിച്ച്‌ തടിയൂരി. അനുയായികൾക്കും നേതാക്കൾക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ് പിന്മാറ്റം‌. ആൾക്കൂട്ട സമരത്തിൽനിന്ന്‌ യുഡിഎഫ്‌ പിൻമാറിയെന്ന്‌‌ പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തലയും ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചു.  യുഡിഎഫ്‌ നേതാക്കളുമായി ആലോചിച്ചാണ്‌ പ്രത്യക്ഷസമരം വേണ്ടെന്ന്‌ തീരുമാനിച്ചതെന്ന്‌  ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുമായി രാവിലെ  സംസാരിച്ചു. കോവിഡ്‌ വ്യാപനത്തിന്റെ ഗുരുതര സാഹചര്യം ബോധ്യപ്പെട്ടു.  ചൊവ്വാഴ്‌ചത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. കോവിഡ്‌ പ്രതിരോധത്തിൽ  സർക്കാരുമായി യോജിച്ച്‌ പോകും.  അഞ്ചിന്‌ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ യുഡിഎഫ്‌ നടത്താൻ തീരുമാനിച്ച  സമരം ഒഴിവാക്കിയതായും ചെന്നിത്തല പറഞ്ഞു.

കോവിഡ് വ്യാപനം ആശങ്കയുണർത്തുംവിധം വർധിക്കുന്നതിനിടെയാണ്‌ ‌സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ആൾക്കൂട്ടസമരം ആരംഭിച്ചത്‌. സെക്രട്ടറിയറ്റ്‌ പരിസരം‌ സമരകേന്ദ്രമായി‌. മാസ്‌ക്‌ ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമായിരുന്നു സമരം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌‌ ഉൾപ്പെടെ നിരവധി പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. സമരം നിയന്ത്രിച്ച നൂറിലേറെ പൊലീസ്‌ ഉദ്യോഗസ്ഥരും രോഗബാധിതരായി.

ആരോപണങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു. കെട്ടിപ്പൊക്കിയ മനക്കോട്ടകൾ കൺമുന്നിൽ തകർന്നു. ജനങ്ങളും മുഖംതിരിച്ചതോടെ സമരം പിൻവലിച്ച്‌ തടിയൂരുകയാണ്‌ യുഡിഎഫ്‌. കേരളത്തിൽ ഇത്രമേൽ പരിഹാസ്യമായ സർക്കാർ വിരുദ്ധ സമരം അത്യപൂർവം.

 
കോവിഡ്‌കാലത്ത്‌ ആദ്യം സ്‌പ്രിങ്ക്‌ളർ കരാറിനെതിരായാണ്‌ സമരം ആരംഭിച്ചത്‌. പിന്നീട്‌, സ്വർണക്കടത്തിന്റെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞ്‌ സമരം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരത്തിലൂടെ ഓരോ ദിവസവും രോഗികൾ വർധിച്ചു. ആരോഗ്യപ്രവർത്തകരും പൊലീസുകാരുമുൾപ്പെടെ രോഗബാധിതരായി.ഷോർട്ട്‌‌ സർക്യൂട്ട്‌ കാരണം സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായപ്പോൾ അക്രമസമരത്തിലേക്ക്‌ യുഡിഎഫ്‌ കടന്നു. കൂട്ടിന്‌ ബിജെപിയും. ഇത്‌ പൊളിഞ്ഞതോടെ ഖുർആന്റെ പേരിലായി സമരം. എന്നാൽ, വിശുദ്ധ ഗ്രന്ഥത്തെ രാഷ്‌ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തുവന്നതോടെ അത്‌ വിട്ടു. പിന്നീട്‌, സ്വർണക്കടത്തിലേക്ക്‌ യുടേൺ അടിച്ചു.

ഇങ്ങനെയിരിക്കെയാണ് ജനങ്ങൾ തങ്ങൾക്കെതിരെ തിരിയുന്നുവെന്ന്‌ യുഡിഎഫ്‌ മനസ്സിലാക്കിയത്‌. അതോടെ അപ്രതീക്ഷിതമായി സമരം നിർത്തി തടിയൂരി. കെഎസ്‌യു പ്രസിഡന്റിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതും അദ്ദേഹം വ്യാജ പേരിൽ പരിശോധന നടത്തിയ സംഭവവും യുഡിഎഫിന്‌ നാണക്കേടായി.  

തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിന്റെ അച്ഛൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചതും കടുത്ത വിമർശനമുയർത്തി. കേരളത്തിൽ കോവിഡ്‌കാലത്ത്‌ എൽഡിഎഫും സിപിഎ എമ്മും കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സമരം നടത്തിയിട്ടുണ്ട്‌. കേന്ദ്ര സർക്കാരിനെതിരെ സിപിഐ എം വീടുകൾ കേന്ദ്രീകരിച്ച്‌ നടത്തിയ സമരത്തിൽ അണിചേർന്നത്‌ 25 ലക്ഷം പേരാണ്‌.

തിരുവനന്തപുരം
കോൺഗ്രസിൽ നീറിപ്പുകയുകയായിരുന്ന ഗ്രൂപ്പ്‌ പോര്‌ പരസ്യ ഏറ്റുമുട്ടലിലേക്ക്‌ നീങ്ങിയതോടെ മുസ്ലിംലീഗ്‌ അടക്കമുള്ള ഘടക കക്ഷികളുടെ നെഞ്ചിടിപ്പ്‌ ഉയരാൻ തുടങ്ങി.  ആശങ്കയും നിരാശയും മുസ്ലിംലീഗ്‌ മറച്ചുവയ്‌ക്കുന്നില്ല.  കൂടിയാലോചനപോലും കൂടാതെ ബെന്നി ബഹനാനെ യുഡിഎഫ്‌ കൺവീനർ സ്ഥാനത്തുനിന്ന്‌ മാറ്റിയതിൽ ലീഗിനും ആർഎസ്‌പിക്കും എതിർപ്പുണ്ട്‌. 

താനറിയാതെ യുഡിഎഫിൽ ഇലയനങ്ങില്ലെന്ന്‌ കരുതിയിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഏറെ ക്രുദ്ധനാണ്‌. ജോസ്‌ കെ മാണി പക്ഷത്തെ തിരികെ എത്തിക്കാൻ നടത്തിയ ശ്രമം മനപ്പൂർവം വിഫലമാക്കിയെന്നാണ്‌ കുഞ്ഞാലിക്കുട്ടി കരുതുന്നത്‌. അതിനു പിന്നാലെയാണ്‌ എം എം ഹസ്സനെ കൺവീനറാക്കാൻ ഹൈക്കമാൻഡിന്‌ ശുപാർശ നൽകിയശേഷം ബെന്നി ബഹനാനോട്‌ രാജി ആവശ്യപ്പെട്ടത്‌. ജോസ്‌ കെ മാണിയുടെ കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയെന്ന്‌ ബെന്നി ബഹനാനെക്കൊണ്ട്‌ പരസ്യമായി പറയിപ്പിച്ചത്‌ രഹസ്യ അജൻഡയുടെ ഭാഗമാണെന്നാണ്‌ കുഞ്ഞാലിക്കുട്ടി കരുതുന്നത്‌. വി എം സുധീരനെ പുകച്ച്‌ പുറത്തുചാടിച്ചശേഷമാണ്‌ എം എം ഹസ്സനെ ഇടക്കാല കെപിസിസി അധ്യക്ഷനാക്കിയത്‌. ഇതിൽ അരിശമുള്ള വി എം സുധീരൻ വിഭാഗം ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്‌. ഹൈക്കമാൻഡിനു മുമ്പിൽ പരാതിയുമായി ടി എൻ പ്രതാപൻ ചെന്നത്‌ ഇതിന്‌ തെളിവാണ്‌.

 


 

 

എം എം ഹസ്സന്‌ പകരക്കാരനായി വന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പരമ്പരാഗത ഗ്രൂപ്പുകൾക്കു പുറമെ സ്വന്തം ഗ്രൂപ്പ്‌ കരുപ്പിടിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. കെപിസിസി പുനഃസംഘടനയിലടക്കം ഈ ഗൂഢലക്ഷ്യം അദ്ദേഹം പുറത്തെടുത്തു. ഗ്രൂപ്പുകളുടെ ഭാഗമായി നിന്നവരുൾപ്പെടെ നിരവധി ഭാരവാഹികളെ മുല്ലപ്പള്ളി സ്വന്തംനിലയ്‌ക്ക്‌ കുത്തിത്തിരുകി. ഇതുകൂടാതെ ഹൈക്കമാൻഡിൽ പിടിയുള്ള കെ സി വേണുഗോപാലും അനുയായികളെ ഉൾപ്പെടുത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർപോലും കാണാത്ത പട്ടികയാണ്‌ പുറത്തിറങ്ങിയത്‌.

പുനഃസംഘടനയ്‌ക്കെതിരായ എംപിമാരുടെ പരാതിയിൽ കഴമ്പുണ്ടെന്ന്‌ എഐസിസി നേതൃത്വം വിലയിരുത്തിയതോടെ കെപിസിസി നേതൃത്വം അങ്കലാപ്പിലാണ്‌. ഏതാനും പേരെക്കൂടി ഉൾപ്പെടുത്തി തർക്കംതീർക്കാനുള്ള ഫോർമുലയാണ് മുല്ലപ്പള്ളി മുന്നോട്ടുവയ്‌ക്കുന്നത്‌.

തിരുവനന്തപുരം
ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും നാടകീയ രാജിക്ക്‌‌ പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ അഞ്ച്‌ കോൺഗ്രസ്‌ എംപിമാർ കൂടി. ‌പുനഃസംഘടനയ്‌ക്ക്‌ എതിരെ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്‌, കെ സുധാകരൻ, ആന്റോ ആന്റണി, എം കെ രാഘവൻ, ടി എൻ പ്രതാപൻ എന്നിവർ‌ ഹൈക്കമാൻഡിന്‌ പരാതി നൽകി‌.  

കോൺഗ്രസ്‌ തർക്കത്തിൽ ആശങ്ക പ്രകടമാക്കി മുസ്ലിംലീഗും രംഗത്തുണ്ട്‌‌. ബെന്നി ബഹനാനെ യുഡിഎഫ്‌ കൺവീനർ സ്ഥാനത്തു‌നിന്ന്‌ മാറ്റിയത്‌ ലീഗുമായി‌ ആലോചിച്ചല്ല. ഇക്കാര്യത്തിൽ അതൃപ്‌തി കെപിസിസി നേതൃത്വത്തെ ‌ലീഗ്‌ അറിയിക്കും.

ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിക്കൊപ്പം  ഗ്രൂപ്പുകൾക്കുള്ളിലും അമർഷം നീറിപ്പുകയുന്നു‌. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യമിട്ട്‌ കെ മുരളീധരൻ തുടക്കമിട്ട പടയൊരുക്കം, അഞ്ച്‌ എംപിമാർ കൂടി ചേർന്നതോടെ കൂടുതൽ ശക്തമായി. ഉമ്മൻചാണ്ടിയുടെ പിന്തുണയോടെയാണ്‌ മുരളീധരന്റെ നീക്കമെന്ന്‌‌‌ മുല്ലപ്പള്ളിയുടെ ഒപ്പമുള്ളവർ പറയുന്നു.
രമേശ്‌ ചെന്നിത്തലയുമായി അടുപ്പം പുലർത്തിയതാണ്‌ ബെന്നിക്ക്‌ വിനയായത്‌. ചെന്നിത്തലയുമായി അകന്ന വി ഡി സതീശൻ, കെ മുരളീധരൻ എന്നിവരെ ഉമ്മൻചാണ്ടി വലിച്ചടുപ്പിച്ചത്‌ ഐ ഗ്രൂപ്പിന് ആഘാതമായി‌.

പട്ടിക സംബന്ധിച്ച്‌ തങ്ങളുമായി ചർച്ച നടത്തിയില്ലെന്നാണ്‌‌ കൊടിക്കുന്നിൽ സുരേഷ്‌, കെ സുധാകരൻ എന്നിവരുടെ പരാതി.  മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്ന്‌ ഭാരവാഹികളെ പങ്കിട്ടെന്ന്‌ ഇവർ ഹൈക്കമാൻഡിന്‌ നൽകിയ കത്തിൽ വ്യക്തമാക്കി. പുനഃസംഘടന ഏകപക്ഷീയമെന്ന്‌ ടി എൻ പ്രതാപനും എം കെ രാഘവനും ആന്റോ ആന്റണിയും പരാതി നൽകി. 

അതിനിടെ യുഡിഎഫ്‌ നേതൃപദവിക്കായുള്ള ചെന്നിത്തല–-ഉമ്മൻചാണ്ടി വടംവലിക്കും‌ തീവ്രതയേറി. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി പരമാവധി ശക്തി സംഭരിക്കാനുള്ള ശ്രമത്തിലാണ്‌ എ ഗ്രൂപ്പ്‌. ചെന്നിത്തലയെ തക്കം കിട്ടുമ്പോഴൊക്കെ ദുർബലനാക്കുന്ന ചുവടു‌വയ്‌പും ഇവർ നടത്തുന്നു.

അഭിപ്രായവ്യത്യാസമുണ്ട്‌: കെ മുരളീധരൻ
കോഴിക്കോട്‌
മാധ്യമങ്ങൾ ഉള്ളതിനാലാണ്‌ പാർടി കാര്യങ്ങൾ അറിയുന്നതെന്ന്‌ കെ മുരളീധരൻ എംപി. പാർടിയിൽ കൂടിയാലോചനയില്ല.  പ്രവർത്തനത്തിൽ തൃപ്തിയില്ല. പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ തുടർച്ചയായ നുണ പ്രചാരണങ്ങൾക്കൊടുവിൽ ലൈഫ് മിഷൻ പദ്ധതി വഴി ഭവന–-- ഭൂരഹിതർക്കായി  വടക്കാഞ്ചേരി ചരൽപറമ്പിൽ പണിയുന്ന ഫ്ളാറ്റ് നിർമാണം നിർത്തിവച്ചു. ഫ്ളാറ്റ് നിർമാണ കരാർ ഏജൻസിയായ യൂണിടാക്‌  ഇമെയിൽ വഴി ലൈഫ്‌ മിഷനെ ഇക്കാര്യം അറിയിച്ചു. തിങ്കളാഴ്ച ഫ്ളാറ്റിന്റെ നിർമാണ പ്രവർത്തനം ഒന്നും തന്നെ നടന്നിട്ടില്ല. രാവിലെ പണിക്കെത്തിയ തൊഴിലാളികൾ കൂട്ടത്തോടെ നിരാശരായി മടങ്ങി.

വീടും ഭൂമിയുമില്ലാതെ കാലങ്ങളായി  ഷെഡുകളിലും കൂരകളിലും കഴിയുന്നവർക്കായാണ് സർക്കാർ ഇടപെട്ട് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് ഒരുക്കുന്നത്.  നിർമാണം പുരോഗമിക്കുന്നതിനിടെ, സ്ഥലം എംഎൽഎ അനിൽ അക്കര സർക്കാരിനെതിരെയും നിർമാണ കമ്പനിക്കെതിരെയും തുടർച്ചയായി അപവാദ പ്രചാരണം നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെയും അനിൽ അക്കരയുടെയും കള്ളപ്രചാരണങ്ങളിൽ മനംമടുത്താണ്  കരാറുകാർ പണി നിർത്തിവച്ചത്.ഡിസംബറിൽ  ഫ്ളാറ്റ് ഭവനരഹിതർക്ക്‌ കൈമാറാനിരിക്കുകയായിരുന്നു.ഫ്ളാറ്റിനായി കാത്തിരുന്ന 140 കുടുംബങ്ങളുടെ പ്രതീക്ഷക്കുമേലും കരിനിഴൽ വീണു. കോവിഡ് പ്രതിസന്ധികാലത്ത് തൊഴിലെടുത്തിരുന്ന 350 ഓളം പേരുടെ തൊഴിലും നഷ്ടപ്പെട്ടു.

ന്യൂഡൽഹി
ജനദ്രോഹ കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യമെമ്പാടും തുടരുന്നു. ഇന്ത്യാഗേറ്റിന്‌ സമീപം യുവാക്കൾ ട്രാക്ടർ കത്തിച്ച്‌ പ്രതിഷേധിച്ചു. രക്തസാക്ഷി ഭഗത്‌സിങ്ങിന്റെ 113–-ാം ജന്മവാർഷികമായ തിങ്കളാഴ്‌ച അഖിലേന്ത്യ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബഹുരാഷ്ട്ര കോർപറേറ്റുകൾക്കും കേന്ദ്രസർക്കാർ നയങ്ങൾക്കും‌ എതിരായ പ്രതിഷേധദിനമായി ആചരിച്ചു. കർണാടകത്തിൽ ബന്ദ്‌ ആചരിച്ചു.

രാവിലെ ഏഴേകാലോടെയാണ്‌ ഇന്ത്യാഗേറ്റിന്‌ സമീപം വാഹനത്തിൽ കൊണ്ടുവന്ന ട്രാക്ടർ കത്തിച്ചത്‌. ഫയർഫോഴ്‌സ്‌ എത്തിയാണ്‌ തീകെടുത്തിയത്‌. പഞ്ചാബുകാരായ അഞ്ച്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു.  ഭഗത്‌സിങ്ങിന്റെ ജന്മഗ്രാമമായ ഖത്‌കർ കലാനിൽ പഞ്ചാബ്‌ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർസിങ്ങും മന്ത്രിമാരും‌ സത്യഗ്രഹം അനുഷ്‌ഠിച്ചു. രാജ്യം കൊള്ളയടിക്കാൻ കാർഷികബിസിനസുകാർക്ക് മോഡിസർക്കാർ അവസരം ഒരുക്കിയിരിക്കയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്രനിയമങ്ങൾ മറികടക്കാൻ ആവശ്യമായ നിയമനിർമാണം നടത്താനുള്ള സാധ്യത പരിശോധിക്കാൻ കോൺഗ്രസ്‌ ഭരണത്തിലുള്ള സംസ്ഥാനങ്ങളോട്‌ പാർടി അധ്യക്ഷ  സോണിയ ഗാന്ധി നിർദേശിച്ചു.

കർണാടകയിലും പ്രക്ഷോഭത്തീ
കർഷകദ്രോഹ നിയമങ്ങൾക്കെതിരെ കർണാടകത്തിൽ കർഷക  ബന്ദ്‌ പൂർണം. കർഷക സംഘടനകൾ ആഹ്വാനംചെയ്‌ത ബന്ദ്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ താക്കീതായി. കേന്ദ്രസർക്കാർ പാസാക്കിയ കോർപറേറ്റ്‌ അനുകൂല കാർഷിക ബില്ലുകൾക്കും കർണാടക സർക്കാർ പാസാക്കിയ കർഷക വിരുദ്ധ നിയമത്തിനുമെതിരെയാണ്‌ വിവിധ കർഷക സംഘടനകൾ  ‘റെയ്ത്ത, കാർമിക, ദളിത് ഐക്യ ഹൊരാട്ട’ ഫോറത്തിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ ബന്ദ്‌ നടത്തിയത്‌. പലയിടത്തും കർഷകരെ പൊലീസ്‌ കായികമായി നേരിട്ടു. സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തിയ കർഷകരെ തല്ലിച്ചതച്ചു. നിരവധി കർഷകരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. 

കർഷക ഐക്യമുന്നണിക്കു പുറമെ ഇടതുപാർടികൾ, കോണ്‍ഗ്രസ്, ജെഡിഎസ്, തൊഴിലാളി സംഘടനകൾ അടക്കം 108ൽ അധികം പാര്‍ടികൾ പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടും ജനങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി. പ്രതിഷേധത്തിൽ ബംഗളൂരു നഗരം നിശ്‌ചലമായി. വിവിധയിടങ്ങളിൽ പ്രതിഷേധറാലിയും കുത്തിയിരുപ്പ്‌ സമരവും നടന്നു. ദേശീയപാതകളിലെല്ലാം പ്രതിഷേധക്കാർ രാവിലെ തടിച്ചുകൂടി. അഖിലേന്ത്യാ കിസാൻ സഭയും മറ്റ് ഇടത്‌ സംഘടനകളും ഹാസ്സനിലെ ഹേമാവതി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബൈക്ക് റാലിയും നടത്തി. പതിനായിരക്കണക്കിനു കർഷകരാണ്‌ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ അണിചേർന്നത്‌‌.

കർഷകരല്ലാത്തവർക്ക്‌ കാർഷിക ഭൂമി വാങ്ങുന്നതിനുള്ള നടപടി ക്രമം ലളിതമാക്കുന്ന യദ്യൂരപ്പ സർക്കാരിന്റെ ഓർഡിനൻസും‌ കാർഷിക മേഖലയെ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള കേന്ദ്രസർക്കാരിന്റെ കാർഷിക പരിഷ്‌കരണ നിയമവും ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭത്തിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ കർഷക സംഘടനകൾ അറിയിച്ചു.

വേണ്ടിവന്നാൽ കോടതിയിൽ പോകും: സ്റ്റാലിൻ
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ ഡിഎം‌കെയുടെയും ഇടതു പാർടികളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള സഖ്യം തമിഴ്‌നാട്ടിൽ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രത്തിന്റെ വിവാദ തീരുമാനത്തിനെതിരെ വേണ്ടിവന്നാൽ കോടതിയെ സമീപിക്കാൻ തയ്യാറാണെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൽ വ്യക്തമാക്കി. കാഞ്ചീപുരത്ത്‌ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം തയ്യാറാകുമ്പോൾ തമിഴ്‌നാട്‌ സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.‌ തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രത്തിലായി ആയിരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി.

Most Read

  • Week

  • Month

  • All