പുതിയ ബഹിരാകാശ വാഹനത്തിന് കൽപന ചൗളയുടെ പേരിടാൻ അമേരിക്ക. രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും പേര് നൽകുക. കൽപന ചൗള നൽകിയ സംഭാവനകൾക്ക് ബഹുമതിയായാണ് പേരിടൽ. ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് കൽപന.

എൻ ജി 14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും പേടകം യാത്ര തിരിക്കുക. സെപ്റ്റംബർ 29ന് വെർജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയിൽ നിന്നായിരിക്കും യാത്ര. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം 3,629 കിലോഗ്രാം സാധനസാമഗ്രികളുമായി എൻ ജി14 സ്‌പേസ് സ്റ്റേഷനിലേക്കെത്തും.

 

എസ് എസ് കൽപന ചൗള എന്നാണ് വാഹനത്തിന് പേരിടുകയെന്നും മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശദൗത്യത്തിന് കൽപന നൽകിയ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും അമേരിക്കൻ ബഹിരാകാശപ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോർത്ത്‌റോപ് ഗ്രൂമാൻ അധികൃതർ പറഞ്ഞു. നാസയിൽ ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശ യാത്രികയായ കൽപന ചൗളയെ ബഹുമാനിക്കുന്നുവെന്നും കമ്പനി. കൊളംബിയ ബഹിരാകാശ പേടകത്തിൽ കൽപന നടത്തിയ പഠനം ബഹിരാകാശ യാത്രികന്റെ ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിക്കുന്ന കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും കമ്പനി ട്വീറ്ററിൽ വ്യക്തമാക്കി.

2003ൽ ആണ് ബഹിരാകാശ യാത്രക്കിടെ കൽപന ചൗള മരണമടഞ്ഞത്. കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ കൽപനയ്‌ക്കൊപ്പം ആറ് യാത്രികരും മരിച്ചിരുന്നു.

Most Read

  • Week

  • Month

  • All