ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന
ബി.ജെ.പി നേതാക്കൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നു എന്ന
വിമര്‍ശനങ്ങള്‍ക്കിടെ, വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി നേതാവിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കലും ഇന്‍സ്റ്റഗ്രാമിലും ബിജെപി എംഎല്‍എ ടി രാജാ സിങ്ങിന് വിലക്ക് ഏര്‍പ്പെടുത്തിയതായി ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.

അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ പേരിലാണ് നടപടിയെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും രാജാസിങ്ങിനെതിരായ നടപടി അതിന്റെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഭരണകക്ഷിക്ക് അനുകൂലമായാണ് ഫെയ്‌സ്ബുക്ക് നയങ്ങള്‍ നടപ്പാക്കുന്നതെന്ന്, വോള്‍ സ്ട്രീറ്റ് ജര്‍ണല്‍ നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമത്തിനെതിരെ രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് രാജാ സിങ്ങിന് എതിരായ നടപടി.