സാധ്യതകളുടെ കലയാണ് സിനിമ. വെളളിത്തിരയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള സിനിമ, അതിൻറെ പരസ്യത്തിലും കാലത്തിനൊത്ത പുതിയ പരീക്ഷണം നടത്തുന്നു. ഉല്ലാസം സിനിമയുടെ പരസ്യം മാസ്ക്കിൽ പതിപ്പിച്ചു കൊണ്ടാണ് പുതിയ സിനിമാ പരസ്യ പരീക്ഷണം.സിനിമയിലെ നായകനായ ഷെയ്ൻ നിഗത്തിന്റെ വെൽഫയർ അസോസിയേഷനുകൾ വഴി സൗജന്യമായാണ് മാസ്ക്കുകൾ വിതരണം ചെയ്യുന്നത്. ഉല്ലാസം സിനിമയുടെ പ്രധാന പ്രചരണ ഉപാധിയാവുകയാണ് 'ഉല്ലാസം മാസ്ക്കുകൾ'. ഗുണനിലവാരമുള്ള തുണിയിലാണ് ഇവയുടെ നിർമ്മാണം. ഉല്ലാസത്തിന്റെ ചുവടുപിടിച്ച് മലയാള സിനിമയിൽ മാസ്ക്ക് പ്രധാന പ്രചരണ ഉപാധിയാകുമെന്ന് സിനിമയുടെ പ്രൊഡ്യൂസർ ക്രിസ്റ്റി കൈതമറ്റം പറയുന്നു.ലോക്ഡൗണിന് മുൻപു തന്നെ ഉല്ലാസത്തിൻറെ ചിത്രീകരണം ഉൾപ്പടെയുള്ള ജോലികൾ പൂർത്തിയായിരുന്നു. ഇനി സെൻസർഷിപ്പ്  മാത്രമാണ് ബാക്കിയുള്ളത്. ഷെയ്ൻ നിഗം നായകനായും പവിത്ര ലക്ഷ്മി നായികയായും അഭിനയിക്കുന്ന സിനിമയാണ് ഉല്ലാസം. ബോളിവുഡ് മാതൃകയിലുള്ള ലൗവ് സ്റ്റോറിയാണ് സിനിമ പറയുന്നത്. സിനിമ ചിത്രീകരണത്തിന് തയ്യാറാണെങ്കിലും ഓണം റിലീസ് ഉദ്ദേശിക്കുന്നില്ലെന്ന് നിർമ്മാതാവ് പറഞ്ഞു. ഓൺലൈൻ റിലീസിൻറെ സാധ്യതകളും വിലയിരുത്തുന്നുണ്ട്.