ഹരിതകവചം - ബോധപൂർവ്വ ഇടപെടൽ വേണം
പരിസ്ഥിതിക്കും മനുഷ്യനും കാവലും കരുതലുമാകുകയാണ് മുഖ്യലക്ഷ്യങ്ങളിലൊന്നെന്ന സർക്കാർ നിലപാട് യാഥാർത്ഥ്യമാകണമെങ്കിൽ ബോധപൂർവ്വ ഇടപെടൽ വേണം.
ഭൂമിക്ക് ഹരിതമേലാപ്പൊരുക്കുന്നതിലൂടെ ശുദ്ധവായു, ശുദ്ധജലം എന്നിവ മനുഷ്യന് ഉറപ്പാക്കാൻ കഴിയും. ആഗോളതാപനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ മറികടക്കാനും സാധിക്കും. ഇത് ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം വനത്തെയും വന്യജീവികളെയും സംരക്ഷിക്കും. വനാതിർത്തികളിലെ മനുഷ്യരുടെ ജീവന് സുരക്ഷയുടെ കവചമൊരുക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ' വനംമന്ത്രി എ കെ ശശീന്ദ്രൻ.
ദേശീയ ഹരിത ട്രിബ്യൂണൽ നിലപാട് അനുസരിച്ച്ഭൂവിസ്തൃതിയുടെ 33 ശതമാനം വനഭൂമിയായി നിലനിർത്തണം. കേരളത്തിൽ അത്ഇരുപത്തിയൊമ്പതര ശതമാനമാണ്. മറ്റു സംസ്ഥാനങ്ങൾ കേരളത്തേക്കാൾ പിറകിലാണ്. 33 ശതമാനം ആക്കുകയെന്നത് കേരളത്തെ സംബന്ധിച്ച് സാഹസികമായ തീരുമാനമായിരിക്കും. അവിടെയാണ് വനവൽക്കരണ പരിപാടികളുടെ പ്രസക്തി. വൃക്ഷത്തൈകൾ നട്ടശേഷം ഇവയെ ശരിയായി പരിപാലിക്കണം. പലമാർഗത്തിലൂടെ ഇക്കാര്യം സാധിക്കും. നടുന്ന ഓരോ ചെടിക്കും ഉത്തരവാദിയുണ്ടാകണം. വൃക്ഷത്തൈകളുടെ പരിപാലനവും സംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് മറ്റൊരു മാർഗം. ഇതിലൂടെ തൈകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുറപ്പിൽ കൂടുതൽ ദിനം സൃഷ്ടിക്കാനും കഴിയും. തദ്ദേശ വകുപ്പുമായി ആലോചിച്ച് പദ്ധതി നടപ്പാക്കണം. വിദ്യാലങ്ങളിൽ വിദ്യാവനം, നഗരത്തിൽ പച്ചത്തുരുത്ത്, തീരദേശങ്ങളിൽ കടലാക്രമണംകൂടി തടയാൻ ലക്ഷ്യമിട്ടുള്ള കാറ്റാടി, കണ്ടൽ തൈകൾ വച്ചുപിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളും സർക്കാർ ലക്ഷ്യമിടുന്നത് പ്രാവർത്തികമാക്കാനുള്ള തീവ്രയത്‌ന പരിപാടികളാണ് തയ്യാറാക്കേണ്ടത്.
വന്യജീവികൾ നാട്ടിലിറങ്ങുന്നത് വ്യാപകമാകുന്നത് ഗുരുതര പ്രശ്‌നമാണ്. വിവിധ അസുഖവും വൈറസ് ബാധയും വന്യജീവികളിൽ കാണപ്പെടുന്നുണ്ട്. വലിയ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണിത്. എന്നാൽ, ഈ മേഖലയിൽ പഠനവും ഗവേഷണങ്ങളും കാര്യമായി നടക്കുന്നില്ല. ഫലപ്രദമായ ചികിത്സയുടെ അപര്യാപ്തതയുമുണ്ട്ഇതിന് കേന്ദ്ര സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പദ്ധതി ആസൂത്രണം ചെയ്യണം.