ഉണരുന്ന കാർഷിക മേഖല
നമ്മുടെ നാടിന്റെ പഴയ കാല ക്ഷേമൈശ്വരങ്ങളുടെ ആധാരശില കാർഷിക മേഖലയുടെ അഭിവൃദ്ധി തന്നെയായിരുന്നു. നമ്മുടെ കാർഷികോൽപ്പന്നങ്ങളുടെ പെരുമയിലായിരുന്നു വിദേശ വ്യാപാര ബന്ധങ്ങൾ തഴച്ചുവളർന്നത്. ആ കാർഷിക സംസ്‌കൃതിയിൽ നിന്നെല്ലാം വഴിമാറിയ സംസ്ഥാനം ഒരു കൺസ്യൂമർ സ്റ്റേറ്റ് എന്ന നിലയിൽ ചുവടുറപ്പിച്ചു. അടുക്കളത്തോട്ടങ്ങളും പുരയിട കൃഷിയുമൊക്കെ അന്യംനിന്നപ്പോൾ കൃഷിയിടങ്ങളും കൃഷിയും തരിശിടങ്ങൾക്ക് വഴി മാറി. ഇപ്പോൾ ഈ ലോക് ഡൌണിന്റെ ദുരിത കാലത്ത് മറ്റിടങ്ങളിൽ നിന്നും കാർഷികോൽപ്പന്നങ്ങളുടെ ഒഴുക്ക് കുറഞ്ഞതോടെ സ്വന്തം നാടിന്റെ കാർഷിക സാധ്യതകളിലേക്ക് നമ്മുടെ നാടിന്റെയാകെ ശ്രദ്ധ ചെന്നെത്തുകയാണ്.
തരിശ് ഭൂമികളെല്ലാം കൃഷി ഭൂമിയാക്കുക എന്ന വലിയ സ്വപ്നമാണ് നമ്മുടെ സർക്കാർ മുന്നോട്ട് വെച്ചത്.' സുഭിക്ഷ' എന്ന പേരിൽ 3860 കോടി രൂപയുടെ പദ്ധതികളാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പിലാക്കിയത്. വിപുലമായ പ്രവർത്തനം വഴി കാർഷിക കാർഷികാനുബന്ധ മേഖലകളിൽ വരുമാനം ഉയർത്തുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയുമാണ് കർമ്മ പദ്ധതികളിലൂടെ ലക്ഷ്യമിട്ടത്. വളരെ ആവേശപൂർവ്വമാണ് ജനങ്ങളാകെ ഈ പദ്ധതികളിൽ അണിനിരന്നത്. ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും മികച്ച രീതിയിൽ വർദ്ധിപ്പിക്കുന്നതിനും സാധിച്ചുവെങ്കിലും ഭക്ഷ്യ സുരക്ഷ സ്ഥായിയായി ഉറപ്പു വരുത്താൻ പദ്ധതിയുടെ തുടർച്ച അനിവാര്യമാണ്.
കാർഷിക മേഖലയുടെ തളർച്ചയുടെ പ്രധാനപ്പെട്ട പ്രത്യാഘാതം ഭക്ഷ്യ പരാശ്രയത്വമാണ്. മിക്ക കാർഷിക വസ്തുക്കളും കേരളത്തിന് പുറത്താണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. നമുക്ക് വേണ്ട ഭക്ഷണത്തിന്റെ
നല്ലപങ്കും ഉൽപ്പാദിപ്പിക്കുവാനുള്ള സാഹചര്യങ്ങൾ നിലവിലുള്ളപ്പോഴാണ് ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നതെന്നോർക്കണം. നമ്മുടെയൊക്കെ ഇഷ്ടാഹാരമായ അരി കഷ്ടിച്ചു രണ്ടു മാസക്കാലത്തേക്ക് ആവശ്യമായത് മാത്രമേ നാം ഇവിടെ ഉൽപ്പാദിപ്പിക്കുന്നുള്ളൂ. പച്ചക്കറികളാവട്ടെ ആവശ്യത്തിന്റെ പകുതി മാത്രവും. പയർ വർഗ്ഗങ്ങളുടെ കാര്യമാണെങ്കിൽ രണ്ടു ശതമാനത്തിന് താഴെയും. ഇതെല്ലാം നമ്മുടെ പരാശ്രയത്തിന്റെ ഉദാഹരണങ്ങൾ മാത്രം. എന്നാൽ കഴിഞ്ഞ നാല് - അഞ്ച് വർഷക്കാലത്തെ കണക്കുകളെടുത്ത് പരിശോധിച്ചാൽ മുമ്പെങ്ങുമില്ലാത്ത വിധം പച്ചക്കറികളുടേയും പയർ വർഗ്ഗങ്ങളുടേയും, ധാന്യ വർഗ്ഗങ്ങളുടേയും കാര്യത്തിൽ ആശാവഹമായ മുന്നേറ്റം ഉണ്ടാക്കുവാൻ സാധിച്ചതായി കാണാം.
കേരളത്തിന്റെ സമഗ്ര വികസനം കാർഷിക മേഖലയെ ഒഴിച്ചു നിർത്തി ചിന്തിക്കാനാവില്ലെന്ന് ഇന്നെല്ലാവരും തിരിച്ചറിയുന്നുണ്ട്. വർദ്ധിച്ചു വരുന്ന ഉൽപ്പാദനച്ചെലവ് കാർഷിക മേഖലയിൽ നിലയുറപ്പിക്കുന്നതിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ അവലംബിച്ചാലേ കാർഷികോൽപ്പാദനം സുസ്ഥിരമായി നിലനിൽക്കൂ. മണ്ണിന്റേയും പരിസ്ഥിതിയുടേയും സഹജമായ ഗുണങ്ങൾ നിലനിർത്തുകയും ഉൽപ്പാദനത്തിനുസൃതമായി വർദ്ധിപ്പിക്കുകയും വേണം.
സംസ്ഥാനത്തെ വയലേലകളിലെ തരിശ്ശിടലിന് കുറവ് വന്നിട്ടുണ്ടെങ്കിലും വലിയൊരു ഭാഗം പാടശേഖരങ്ങൾ പലവിധ കാരണങ്ങളാലും ഇന്നും തരിശായി കിടക്കുന്നുണ്ട്. ഇതിനുള്ള കാരണങ്ങൾ പ്രാദേശികമായി കണ്ടെത്തി പ്രശ്‌നങ്ങൾ പരിഹരിച്ച് കൃഷിയോഗ്യമാക്കാനാവണം. നെൽകൃഷിക്ക് ശേഷം തരിശിടുന്ന വയലേലകളിൽ പച്ചക്കറികളും , പയർ വർഗ്ഗങ്ങളും ചെറു ധാന്യങ്ങളും കൃഷി ചെയ്യാനുളള സാഹചര്യമൊരുക്കണം.
സംസ്ഥാനത്തിലെ ലക്ഷക്കണത്തിനുള്ള പുരയിടങ്ങളെയാകെ പോഷകത്തോട്ടങ്ങളാക്കി മാറ്റാനാവണം. മിക്ക പുരയിടങ്ങളിലേയും പ്രത്യേകിച്ചും തെങ്ങു മാത്രമുള്ള കൃഷിയിടങ്ങളിലെ മണ്ണും സൂര്യപ്രകാശവും അറപതു ശതമാനത്തിലേറെ പാഴായിപ്പോകുകയാണ്. നഷ്ടപ്പെടുന്ന ഈ പ്രകൃതിവിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അനുയോജ്യമായ ഇടവിളകളും മിത്ര വിളകളുമെല്ലാമായി ഓരോ പുരയിടങ്ങളേയും വിഭവ സ്രോതസ്സുകളായി മാറ്റാനാവണം. കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടേയും അതിജീവനത്തിന് അവശ്യം വേണ്ടുന്ന വിഭവങ്ങൾ ലഭ്യമാക്കുക എന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പാക്കുവാനുമാകണം. ഇതോടൊപ്പം ഓരോ പുരയിടങ്ങളിലേയും ജൈവ വൈവിധ്യം പരമാവധി നിലനിർത്തുക എന്ന മഹത്തായ ലക്ഷ്യം കൂടി സാധിതമാകുന്നു.

ഭക്ഷ്യവിഭവങ്ങളിലെ ഏറ്റവും പ്രധാന ഘടകമായ ഇലക്കറികൾ ഓരോ കുടുംബത്തിനും ആവശ്യമായത് അതത് പുരയിടങ്ങളിൽ തന്നെ ഉൽപ്പാദിപ്പിക്കണം. ഇവ പോഷക പ്രധാനങ്ങളായ ഭക്ഷ്യ വസ്തു മാത്രമല്ല, നമ്മുടെ ശരീരത്തിനാവശ്യമുളള പ്രതിരോധ ശക്തിയും നൽകുന്നു. ഇപ്പോൾ ആരോഗ്യ ശാസ്ത്രം നിർദ്ദേശിക്കുന്നത് ഇലക്കറികൾ പരമാവധി നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ്. ടെറസ് കൃഷിയും മുറ്റത്തെ ചട്ടികളിലെ കൃഷിയുലുമെല്ലാം ഇത്തരം ചെടികൾ നന്നായി വളരും. കൂടാതെ മൈക്രോ ഗ്രീൻ രീതിയിലും നമുക്ക് ഇലക്കറി വിളകൾ ഉൽപ്പാദിപ്പിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്താനാവും.
പശുപരിപാലനം, ആട് വളർത്തൽ, കോഴി വളർത്തൽ , മത്സ്യ കൃഷി എന്നിവയും സാദ്ധ്യമായ ഇടങ്ങളിൽ പുരയിട കൃഷിയുമായി ചേർത്ത് വെച്ച് ആദായകരമായി നടത്താനാവണം. ഭൂപരിഷ്‌ക്കരണം സൃഷ്ടിച്ച സാമൂഹ്യമാറ്റത്തിന് പിന്നാലെ ചെറിയ കൃഷിയിടങ്ങളെ കേന്ദ്രീകരിച്ചുള്ള ഉൽപ്പാദന വിപ്ലവത്തിന് അനുകൂലമായ കളമൊരുക്കണം.ചെറുകിട കൃഷിയിടങ്ങളിൽ ഉൽപ്പാദനവും വരുമാനവും ഉറപ്പാക്കുന്ന തരത്തിലുള്ള ഫലപ്രദമായ ഇടപെടലുകളാണാവശ്യം.
ഒരു വിളയിൽ നിന്നും പരമാവധി ലാഭം എന്ന സങ്കൽപ്പത്തേക്കാൾ വിവിധ വിളകളിലൂടെയും സംരംഭങ്ങളിലൂടെയും സ്ഥായിയായ വരുമാനം എന്ന സമീപനത്തിന് ഊന്നൽ നൽകണം. ജൈവ വൈവിധ്യ സംരക്ഷണത്തോടൊപ്പം ഉൽപ്പന്നത്തിന്റെ മൂല്യവർധനവിലൂടെ വരുമാനം വർദ്ധിപ്പിക്കുന്നതും പരിസ്ഥിതിയും സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതുമാകണം കൃഷിരീതികളെല്ലാം. പരമ്പരാഗതമായ കാർഷിക സങ്കേതങ്ങളിൽ മാത്രം നിലയുറപ്പിക്കാതെ പുതിയ സാദ്ധ്യതകളെയെല്ലാം ഉൾക്കൊള്ളാനാവണം.
സസ്യവളർച്ചക്കാവശ്യമായ പോഷകങ്ങളും ജലവുമൊക്കെ ആവശ്യാനുസരണം ലഭ്യമാക്കുന്ന കൃത്യതാ കൃഷി അഥവാ പ്രസിഷ്യൻ ഫാമിങ്ങ്, കൃഷിക്ക് വേണ്ട ഘടകങ്ങൾ ശാസ്ത്രീയമായി ക്രമീകരിക്കാവുന്ന പോളി ഹൗസുകളിൽ നടത്തുന്ന സംരക്ഷിത കൃഷി, കാലാവസ്ഥാ ഭേദമന്യേ എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന മഴ മറ കൃഷി, വിവിധ നിലകളിലാക്കി കാർഷികോൽപ്പാദനം നടത്തുന്ന ഹൈടെക്ക് വെർട്ടിക്കൽ ഫാമിങ്ങ്, അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ്, എയ്‌റോപോണിക്‌സ് തുടങ്ങിയ മണ്ണില്ലാ കൃഷിരീതികൾ എന്നിവക്കെല്ലാം ഇന്ന് ഏറെ സ്വീകാര്യത വർദ്ധിച്ചു വരികയാണ്.
ചെറുകിട കർഷകരേയും, കർഷക തൊഴിലാളി കളേയും നൂതന കാർഷിക സാങ്കേതിക വിദ്യകളിൽ വൈദഗ്ദ്ധ്യമുള്ളവരാക്കേണ്ടതുണ്ട്. ആധുനിക കാർഷിക സങ്കേതങ്ങളിൽ അറിവ് പകർന്ന് അതിലൂടെ അവർക്ക് ഉയർന്ന വരുമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പു വരുത്താനാകണം. ജീവാണുവള നിർമ്മാണം, ഹൈടെക്ക് രീതിയിലുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനം, വിവിധതരം കം ബോസ്റ്റ് നിർമ്മാണം, ജൈവ സസ്യസംരക്ഷണ മരുന്നുകളുടെ നിർമ്മാണം, അക്വേറിയം, ഫിഷ് ബ്ലീഡിങ്ങ് തുടങ്ങിയ വിവിധ സംരംഭങ്ങൾ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.
കൃഷിയിൽ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം ഉൽപ്പാദനാന്തര വരുമാനം വർധിപ്പിക്കുവാനുളള ഇടപെടലുകൾക്കും മുന്തിയ പരിഗണന നൽകണം. ഉൽപ്പന്ന സംസ്‌ക്കരണവും മൂല്യവർദ്ധനയും വൈവിധ്യവൽക്കരണവും വിപണനവും ഉൾപ്പെടുന്ന പ്രവർത്തനങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കണം.
കൃഷി, മൃഗപരിപാലനം, മത്സ്യോൽപ്പാദനം, മാംസം, മുട്ട ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ അർത്ഥപൂർണ്ണവും പ്രായോഗികവുമായ പാരസ്പര്യങ്ങൾ ഉണ്ടാവണം.