എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 

99.26 ശതമാനം വിജയം

തിരുവനന്തപുരം>  ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം 99.26 ആണ്. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 99.46 ശതമാനം ആയിരുന്നു വിജയശതമാനം. കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

 44,363 വിദ്യാര്‍ഥികൾ ഇത്തവണ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%.

എസ്‌എസ്‌എൽസി സേ പരീക്ഷ ജൂലൈയില്‍

തിരുവനന്തപുരം> എസ്‌ എസ്‌ എൽ സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷ വ്യാഴം മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂലായിൽ നടത്തും. ഇതിന്റെ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം.

 

എസ്എസ്എല്‍സി പരീക്ഷ വിജയികള്‍ക്ക് അഭിനന്ദനം; ഉപരിപഠനത്തിന് യോ​ഗ്യത നേടാൻ സാധിക്കാത്തവർ നിരാശരാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പങ്കെടുത്ത നാലുലക്ഷത്തിൽപരം വിദ്യാർത്ഥികളിൽ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഈ അധ്യയന വർഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിൻ്റെ മാറ്റു വർധിപ്പിക്കുന്നു.

എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

 

 

സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം വൈകരുത്‌; അവ നീതിപൂർവ്വമാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം> ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ജീവനക്കാരെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സര്‍ക്കാര്‍ ജീവനക്കാർക്കുള്ളത്‌. . ഭരണ നിര്‍വ്വഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതുമാക്കാന്‍ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വ്വീസ്ആവശ്യമാണ്‌.
ഈ ഘട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ജൂൺ 15 മുതൽ സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനകളുടെയും സഹകരണം ആവശ്യമാണ്‌.

നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ ഭൂരിഭാഗവും ഇ -ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജീവനക്കാരുടെ സഹകരണമുണ്ടായാല്‍ ഇത് നടപ്പാക്കാനാവും.
ഓരോ ഓഫീസിലും നിലവിലുള്ള പെന്റിംഗ് ഫയലുകളുടെ എണ്ണം ആദ്യം തയ്യാറാക്കണം.  ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം.  ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണം.

ഹൈക്കോടതിയിലും മറ്റു കോടതികളിലും ഉണ്ടാകുന്ന കേസുകളിലെ വിധിന്യായങ്ങള്‍ സമയപരിധിക്കകത്ത് നടപ്പാക്കാത്ത സ്ഥിതി ചിലപ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കേണ്ട വീഴ്ചയായാണ് .   കോടതി കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേല്‍നോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാന്‍ വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫീസിലും പ്രത്യേക സംവിധാനമൊരുക്കണം.

ആസൂത്രണ പ്രക്രിയയും ഭരണ നിര്‍വ്വഹണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ നേട്ടങ്ങള്‍ നാം കാണുന്നുമുണ്ട്. സിവില്‍ സര്‍വ്വീസിന് പുതിയ ഊര്‍ജ്ജം പകരുവാനായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) രൂപീകരിക്കുകയും അതിലേക്ക് ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്.

 പൊതുസമൂഹത്തിന്റെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും പ്രതിനിധികള്‍ എന്ന നിലയില്‍ ജീവനക്കാർക്ക്‌ ഭാരിച്ച ഉത്തരവാദിത്വമാണ് സമൂഹത്തോടുള്ളത്. ഈ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയകരമാക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ സഹകരണവും സംഘടന എന്ന നിലയിലുള്ള കൂട്ടായ സഹകരണവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും 
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചയ്യുന്നത് തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഉത്തരങ്ങളിൽ വ്യക്തയില്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പത്തുമണിക്കൂറാണ് ചോദ്യം ചെയ്തത്. തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാൽ ഇന്ന് വീണ്ടും ചൊദ്യംചെയ്യുകയാണെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത്. ഇഡി അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃ്ത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മഹിളാ കോൺഗ്രസ് പ്രവർത്തകരെയടക്കം പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. കോൺഗ്രസ് നേതൃത്വത്തെ കേന്ദ്ര എജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധിക്കുന്നത്.
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി 2010ൽ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തതിലാണ് അന്വേഷണം.
2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് ഏറ്റെടുത്തത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യൻസ്വാമിയാണ് 2013ൽ പരാതി നൽകിയത്. മുടങ്ങിപ്പോയ നാഷണൽ ഹെറാൾഡ് പത്രം പുനരാരംഭിക്കുന്നതിന് കോൺഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ എജെഎല്ലിന് അനുവദിച്ചത് നിയമവിരുദ്ധമാണെന്നുമാണ് പരാതി. നാളെ രാജ്യത്തെ മുഴുവൻ സംസ്ഥാന രാജഭവനിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചായി പ്രഖ്യാപിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാർ ക്യാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യും. മലബാറിലെ രോഗികൾക്ക് ഏറെ ആശ്വാകരമാകുന്ന തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളത്.


മകൾക്ക് ബിസിനസ് തുടങ്ങാൻ മുഖ്യമന്ത്രി സഹായം തേടി'; സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ, ഇന്നും സംസ്ഥാനത്ത് പ്രതിഷേധം
വിമാനത്തിലെ അക്രമം പ്രതികൾക്ക് ജാമ്യമില്ല 

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്. മകൾക്ക് വേണ്ടി മുഖ്യമന്ത്രി തന്നോട് സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വപ്നാ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് തുടങ്ങുന്നതിന് സഹായം നൽകുന്നതിനായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മകൾക്ക് ഐടി കമ്പനി തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ സഹായം തേടിയതായും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ശിവശങ്കറും നളിനി നേറ്റോയും ചർച്ചയിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അക്രമണത്തിന് മുതിർന്നവർക്ക് കുരുക്ക് മുറുകുകയാണ്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി വിമാനക്കമ്പനി ഇൻഡിഗോ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോർട്ട് നൽകി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. പ്രതികളുടെ ജാമ്യാപേഷ കോടതി ഇന്ന് തള്ളി. രൂക്ഷമായ വിമർശനമാണ് കോടതി വിഷയത്തിൽ പ്രതികരിച്ചത്.
വിമാനത്തിനുളളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക സംഘം യോഗം ചേർന്ന് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഡികെ പൃഥീരാജ്, വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർ ടി സതികുമാർ, കൂത്തുപറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ പിഎ ബിനുമോഹൻ, മട്ടന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം കൃഷ്ണൻ എന്നിവടരങ്ങുന്നതാണ് സംഘം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് തലസ്ഥാന നഗരത്തിലെ കലാസാംസ്‌കാരിക പ്രവർത്തകർ മാനവീയം വീഥിയിൽ ഒത്തുചേർന്നു.
മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷനായി. കെ ആർ അജയൻ, എം കെ രാജേന്ദ്രൻ, അനിൽ കുരിയാത്തി, മനു മാധവൻ, പി സി അരവിന്ദ് എന്നിവർ സംസാരിച്ചു. ബീന മാനവീയം സ്വാഗതവും സുനിൽ പട്ടിമറ്റം നന്ദിയും പറഞ്ഞു.


ഓണക്കാല വിപണി ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂന്നുപെരിയയിലെ മാവിലായി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥലത്ത് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പതിനാലാം പഞ്ചവൽസര പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തെരെഞ്ഞെടുത്ത 545 കർഷക ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നുപെരിയയിൽ 10 കർഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ 6000 തൈകൾ നട്ടുപിടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, എൻ പി ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പഞ്ചായത്ത് അംഗം കെ വി സവിത, മാവിലായി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കരുണാകരൻ, സെക്രട്ടറി കിൻസ് വർഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി എൻ സതീഷ ബാബു എന്നിവർ സംസാരിച്ചു.


വയോജനങ്ങളോടുള്ള അതിക്രമം: ബോധവത്കരണവുമായി സാമൂഹ്യനീതി വകുപ്പ് 

വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടിയും ജില്ലയിലെ ബി പി എൽ കുടുംബാംഗങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നതിന്റെ വിതരണോദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
110 പേർക്കാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന വിഷയത്തിൽ തളിപ്പറമ്പ് മെയിന്റനൻസ് ട്രിബ്യൂണൽ പ്രതിനിധി ഹാഷിം ചെറിയാണ്ടീലകത്തും എൽഡർലൈൻ സേവനങ്ങൾ എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പ് ഫീൽഡ് റെസ്‌പോൺസ് ഓഫീസർ കെ എസ് വിഷ്ണുവും ക്ലാസെടുത്തു. വയോജന മേഖലയിലും ഭിന്നശേഷി മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള സഹചാരി അവാർഡ് വിതരണവും നടന്നു. മികച്ച എൻ സി സി യൂനിറ്റായി മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിനെയും മികച്ച എൻ എസ് എസ് യൂണിറ്റായി തലശ്ശേരി ബ്രണ്ണൻ ഹയർസെക്കണ്ടറി സ്‌കൂൾ യൂനിറ്റിനെയും തെരഞ്ഞെടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ ഫ്‌ളാഷ് മോബും കലക്‌ട്രേറ്റ് മൈതാനിയിൽ അരങ്ങേറി.

കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ ഒരാഴ്ച പ്രത്യേക യജ്ഞം 
സംസ്ഥാനത്ത് ജൂൺ 16 വ്യാഴാഴ്ച മുതൽ 6 ദിവസങ്ങളിൽ പ്രിക്കോഷൻ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് പ്രിക്കോഷൻ ഡോസ് വീട്ടിലെത്തി നൽകുന്നതിനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിന് സൂപ്പർവൈസറി പരിശോധനകൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.
18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്സിനെടുത്തത്. 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 84 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 59 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 20 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.ശുചിത്വ സാഗരം-സുന്ദര തീരം:
ജൂൺ 19ന് കടലോര നടത്തം

കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ഭാഗമായി ജൂൺ 19 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംലടിപ്പിക്കും. പദ്ധതിയുടെ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്തിൽ ചേർന്നു.
കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യശേഖരണം, പുനരുപയോഗം, തുടർ ക്യാമ്പയിൻ എന്നിവ നടപ്പാക്കും. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുക.


മധുരം ഈ വിജയം: എസ്എസ്എൽസി പരീക്ഷയിൽ ജില്ല വീണ്ടും ഒന്നാമത് 99.77 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല.
99.77 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ 167 സ്‌കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ 35,249 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 35,167 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4158 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
കണ്ണൂർ ജില്ലയിലെ വിജയ ശതമാനം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് മുഖാന്തിരം, കണ്ണൂർ ഡയറ്റ് സ്റ്റെപ്‌സ് എന്ന പേരിൽ പ്രത്യേക പഠന സഹായി തയ്യാറാക്കിയിരുന്നു. മുന്നേറാം ആത്മവിശ്വാസ ത്തോടെ എന്ന പേരിലുള്ള ക്യാമ്പയിൻ പ്രവർത്തനം വിജയ ശതമാനം ഉയർത്തുന്നതിന് സഹായകരമായി. കണ്ണൂർ ജില്ലയുടെ അഭിമാനം ഉയർത്തുന്നതിന് മുന്നിൽ നിന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് മുന്നിൽ നടന്ന അനുമോദന പരിപാടിയിൽ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

പഴയങ്ങാടി സബ് ട്രഷറി കെട്ടിടം 21ന് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 21 ന് രാവിലെ 9.30ന്
ധനകാര്യ വകുപ്പ് മന്ത്രി
കെ എൻ ബാലഗോപാൽ നിർവഹിക്കും.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2.43 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
4150 ച.മീ വിസ്തീർണത്തിൽ
രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ
ഇടപ്പാടുകാർക്ക് മികച്ച സേവനം നൽകുന്നതിനുള്ള കൗണ്ടറുകൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, ടോയ്‌ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഇൻകലാണ് കെട്ടിട നിർമ്മാണ നിർവഹണം നടത്തിയത്.
39 വർഷമായി മാടായി ബാങ്കിന്റെ അധീനതയിലുള്ള വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിച്ചു വരുന്നത്.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എരിപുരം പബ്ലിക് ലൈബ്രറിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം വി ജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ ഗീത, സി.പി മുഹമ്മദ് റഫീഖ്, പി കെ വിശ്വനാഥൻ, ജസീർ അഹമ്മദ് ,എൻ വി രാമകൃഷ്ണൻ , പി.നാരായണൻകുട്ടി, പി.അബ്ദുൾ ഖാദർ, ടി.വി ഗണേഷൻ, വി മണികണ്ഠൻ, എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറി ഓഫീസർ ഹൈമ കെ.പി സ്വാഗതവും, സബ് ട്രഷറി ഓഫീസർ ടിവി തിലകൻ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എം വിജിൻ എം എൽ എ കൺവീനർ ടിവി തിലകൻ എന്നിവരെ തീരുമാനിച്ചു.
 
ഖേലോ ഇന്ത്യ യൂത്ത് ഗെയിം 2021 കേരളത്തിനുവേണ്ടി
 സ്വർണ്ണ മെഡൽ നേടിയ കെ. സിദ്ധാർഥിനെ വാരം രണ്ടാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരേഷ് ബാബു എളയാവൂർ ( DCC ജനറൽ സെക്രട്ടറി ) അനുമോദിച്ചു. ചടങ്ങിൽ ബൂത്ത്‌ പ്രസിഡന്റ്‌ ദിനേശൻ പണിക്കർ, പി. എ. ഹരി, രമേശൻ നായർ, സനിഷ. സി. പി, ധനേശൻ. കെ, എം. ഹരീന്ദ്രൻ, അശ്വന്ത്. പി എന്നിവർ സംസാരിച്ചു.
 
 

സ്വപ്‌‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ് കിരൺ മൊഴി നൽകി


 

കൊച്ചി> സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ് കിരൺ എറണാകുളം പൊലീസ് ക്ലബ്ബിലെത്തി മൊഴി നൽകി. ഗൂഢാലോചന കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘത്തിനുമുന്നിലാണ്‌ മൊഴി നൽകിയത്‌. ബുധൻ ഉച്ചയ്‌ക്ക്‌ എത്തിയ ഷാജ്‌കിരണിന്റെ മൊഴിയെടുക്കൽ രാത്രിവരെ നീണ്ടു.
തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിശദമായി അന്വേഷകസംഘത്തെ അറിയിച്ചെന്നും വിശദമായ മൊഴി എടുക്കണം എന്ന് അറിയിച്ചതിനാലാണ് എത്തിയതെന്നും ഷാജ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്. ഇതിനകത്തു തന്നെ പെടുത്തിയിരിക്കുകയാണെന്നും ഷാജ് പറഞ്ഞു. ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും പ്രതികളല്ലെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ്‌ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്‌.

 


സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ. ഇന്ന് 3419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ. ജില്ലയിൽ പ്രതിദിന കൊവിഡ് 1000 കടന്നു. 1072 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 604 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി.
കേരളത്തിൽ ജൂൺ 16 മുതൽ 6 ദിവസങ്ങളിൽ കൊവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 16, 17, 20, 21, 23, 24 എന്നീ തീയതികളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വീട്ടിലെത്തി നൽകാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.