സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് ആദരം അർപ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. അകാലത്തിൽ അണഞ്ഞു പോയ പ്രതിഭ എന്നാണ് സച്ചിയെ അനുസ്മരിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാലിന്‍റെ പ്രതികരണം.മലയാളത്തിലെ ഒരുപിടി മികച്ച വാണിജ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സച്ചി, മമ്മൂട്ടിയുമായി ഡബിൾസ് മോഹൻലാലും ഒന്നിച്ച് റണ്‍ ബേബി റൺ എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വിമൻസ് കോളജിൽ പഠിക്കാൻ എത്തുന്ന ആദ്യത്തെ പുരുഷ വിദ്യാർത്ഥിയുടെ കഥ പറഞ്ഞ് 2007ൽ ചോക്ലേറ്റുമായാണ് സച്ചിദാനന്ദൻ എന്ന അഭിഭാഷകൻ സച്ചിയായി കൂട്ടുകാരൻ സേതുവുമൊത്ത് മലയാള സിനിമയിലേക്ക് വന്നത്.ഇരുവരുടേതുമായി റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു. 2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം 'റൺ ബേബി റൺ' 2012ലെ വമ്പൻ ഹിറ്റായിരുന്നു. വൻ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒരുമിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്‌.പിന്നീട് ഏതാണ്ട് മൂന്നു വർഷത്തിന് ശേഷം, 2015ലാണ് സച്ചി സ്വതന്ത്ര സംവിധായകനായത്. ആദ്യ സിനിമയിലെ നായകൻ പൃഥ്വിരാജ് തന്നെയായിരുന്നു അനാർക്കലി എന്ന സിനിമയിലെ നായകൻ. ഒപ്പം ബിജു മേനോനും. 2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയുമാണ്' അവസാന ചിത്രം.മലയാള സിനിമയിലെ വാണിജ്യ വിജയങ്ങളുടെ ശില്പിയായ സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ (48) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇടുപ്പെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കവെ ഹൃദയാഘാതം ഉണ്ടായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മരിച്ചു