കണ്ണൂരിൽ വീണ്ടും വൻ എം.ഡി.എം.എ. വേട്ട

കണ്ണൂർ :കണ്ണൂരിൽ വീണ്ടും വൻ ലഹരി വേട്ട കണ്ണൂർഎക്സൈസ് റേഞ്ചും എക്സൈസ് ഐ ബി യും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെ 9 മണിയോടെ യശ്വന്ത് പുര – കണ്ണൂർ ട്രെയിനിൽ നിന്നുമാണ് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന677 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്..പ്രതി രക്ഷപ്പെട്ടു. ലഹരിമരുന്ന് ബാംഗ്ലൂരിൽ നിന്ന് കടത്തിയതെന്നാണ് സൂചന.
കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്ത്, കണ്ണൂർ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്‌പെക്ടർ ശശി എൻ കെ, കണ്ണൂർ ഐ ബി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് , പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ എം.കെ, പ്രവീൺ എൻ വി, കണ്ണൂർ ഐ ബി പ്രിവന്റീവ് ഓഫീസർ ദിലീപ് സി വി, റെയിൽവെ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ എം.കെ, കണ്ണൂർ എക്സൈസ് റേഞ്ചിലെ
സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പിപി,സജിത്ത് എം, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, നിഖിൽ.പി, അജിത്ത് സി എന്നിവരാണ് റെയ്ഡ് നടത്തി ലഹരിമരുന്ന് പിടികൂടിയത്.കഴിഞ്ഞ ദിവസം തീവണ്ടിയാത്രക്കാരനായ കോഴിക്കോട്താമരശേരി സ്വദേശിയായ എൻ.എം ജാഫറിൽ (43) നിന്ന് റേഞ്ച്എക്സൈസ് സംഘം ലക്ഷങ്ങൾ വിലമതിക്കുന്ന 600 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു.

 

കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം> സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്‌ക്കാൻ വിവരങ്ങൾ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രത്യേക മോണിറ്റർ സ്ഥാപിക്കുന്നതാണ്.

പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു രോഗി 108 ആംബുലൻസിൽ പ്രവേശിക്കപ്പെട്ടാൽ രോഗിയുടെ വിവരം, അപകട വിവരം, രോഗിയുടെ അവസ്ഥ, ആംബുലൻസ് വരുന്നതിന്റെ വിവരം, ആശുപത്രിയിൽ എത്തുന്ന സമയം എന്നിവയെല്ലാം മോണിറ്ററിൽ തത്സമയം തെളിയും. ഇതിലൂടെ ആശുപത്രിയിലുള്ളവർക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും സാധിക്കും. കൺട്രോൾ റൂമിൽ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കനിവ് 108 ആംബുലൻസിൽ വിളിക്കുന്ന ആളിന്റെ ലൊക്കേഷൻ തിരിച്ചറിയാനുള്ള സംവിധാനവും ആരംഭിക്കുന്നതാണ്. 108ലേക്ക് വിളിക്കുമ്പോൾ വിളിക്കുന്ന ആളിന്റെ ഫോണിലേക്ക് ഒരു മെസേജ് വരും. ആ മെസേജിൽ ക്ലിക്ക് ചെയ്‌താൽ കൺട്രോൾ റൂമിന് അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരങ്ങൾ ലഭ്യമാകും. ഈ വിവരങ്ങൾ ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലൻസിൽ എത്തുന്നു. ഇതിലൂടെ വഴിതെറ്റാതെ വേഗത്തിൽ സ്ഥലത്തെത്താൻ സാധിക്കുന്നു.
സേവനം ആരംഭിച്ച് 3 വർഷം പിന്നിടുമ്പോൾ 5,86,723 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ നടത്തിയത്. ഇതിൽ 3,45,447 ട്രിപ്പുകൾ കോവിഡ് അനുബന്ധ സേവനങ്ങൾക്ക് വേണ്ടിയായിരുന്നു. കോവിഡ് കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ ഓടിയ ട്രിപ്പുകളാണ് അധികം. 42,862 ട്രിപ്പുകളാണ് ഇതിൽ ഓടിയത്. 34,813 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകാൻ കനിവ് 108 ആംബുലൻസുകൾ ഓടിയപ്പോൾ 30,758 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകുവാൻ വേണ്ടിയായിരുന്നു.
ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങൾ 27,802, ഉദര സംബന്ധമായ അത്യാഹിതങ്ങൾ 21,168, പക്ഷാഘാതം സംബന്ധമായ അത്യാഹിതങ്ങൾ 13,790, ജെന്നി സംബന്ധമായ അത്യാഹിതങ്ങൾ 9,441, ഗർഭ സംബന്ധമായ അത്യാഹിതങ്ങൾ 8,624, വിഷബാധ സംബന്ധമായ അത്യാഹിതങ്ങൾ 7,870, മറ്റ് അത്യാഹിതങ്ങൾ 44,148 ഉൾപ്പടെ നിരവധി വിവിധ അത്യാഹിതങ്ങളിൽപ്പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ (84,863) കനിവ് 108 ആംബുലൻസുകൾ ഓടിയത്. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉൾപ്പടെ 70 പേരുടെ പ്രസവനങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
ഓരോ 108 ആംബുലൻസും നിയന്ത്രിക്കുന്നത് പരിചയ സമ്പന്നരായ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ചേർന്നാണ്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് സെന്ററിലേക്കാണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങൾ, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലൻസ് വിന്യസിക്കുന്നതാണ് രീതി.

 

ഇരിക്കൂറിൽ വനിതകൾക്കായി അപ്പാരൽ പാർക്ക് ഒരുങ്ങുന്നു
 
സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അപ്പാരൽ പാർക്ക് നിർമ്മിക്കുന്നു. ഇതിനായി മലപ്പട്ടം ടൗണിൽ കെട്ടിടം നിർമ്മിക്കും. പ്രവൃത്തി വേഗത്തിൽ ആരംഭിച്ച് ഒരു വർഷത്തിനകം പാർക്ക് യാഥാർഥ്യമാക്കും.
വനിതകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനമാണ് ലക്ഷ്യം. ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22, 2022-23 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. 
മലപ്പട്ടത്തെ 60 സെന്റ് സ്ഥലത്താണ് 750 ചതുരശ്ര അടിയിൽ  ഒരുനില കെട്ടിടം നിർമ്മിക്കുക. ഹാളും ശുചിമുറി ബ്ലോക്കുമാണ് ഇവിടെയുണ്ടാവുക. യൂനിറ്റുകൾ വർധിക്കുന്നതനുസരിച്ച് ഇരുനില കെട്ടിടമായി മാറ്റും. ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന കുടുംബശ്രീ പ്രവർത്തകരുടെ യൂണിറ്റാണ് പാർക്കിൽ പ്രവർത്തിക്കുക. ഒരു യൂനിറ്റിൽ മൂന്നു മുതൽ ആറ് പേർ വരെ ഉണ്ടാകും. ആദ്യഘട്ടത്തിൽ 15 പേർക്കും ഭാവിയിൽ 100 പേർക്കും തൊഴിൽ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആധുനിക രീതിയിലുള്ള തയ്യൽ യന്ത്രങ്ങളും അനുബന്ധ വസ്തുക്കളും ആദ്യഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നൽകും. വനിതകൾക്കായുള്ള വസ്ത്രങ്ങളാണ് തുടക്കത്തിൽ നിർമിക്കുക. ഇതിനായുള്ള തുണിത്തരങ്ങളും ലഭ്യമാക്കും. ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ സഹായത്തോടെ തെരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും സെക്രട്ടറി വൈസ് ചെയർമാനുമായ ബ്ലോക്ക് വ്യവസായ വികസന സൊസൈറ്റിയുടെ കീഴിലാണ് അപ്പാരൽ പാർക്കിലെ യൂണിറ്റുകൾ പ്രവർത്തിക്കുകയെന്ന് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് പറഞ്ഞു.
 

 

പോപ്പുലർ ഫ്രണ്ട്‌ നേതാക്കൾ ഏഴ്‌ ദിവസം എൻഐഎ കസ്‌റ്റഡിയിൽ; കോടതിവളപ്പിൽ മുദ്രാവാക്യം

കൊച്ചി > എൻഐഎ പരിശോധനയിൽ അറസ്‌റ്റ്‌ ചെയ്‌ത പോപ്പുലർ ഫ്രണ്ട്‌ നേതാക്കളെ കോടതി ഏഴ്‌ ദിവസത്തെ കസ്‌റ്റഡിയിൽവിട്ടു. കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതികള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളിച്ചതിനെതിരെ പ്രതികള്‍ക്ക് കോടതിയുടെ താക്കീതുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രമുഖരെ ലക്ഷ്യം വെച്ച് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു.

 

ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ 5ജി സേവനം; പ്രധാനമന്ത്രി തുടക്കം കുറിക്കും

 

ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. സ്പെക്ട്രം ലേലത്തില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡേറ്റ നെറ്റ്‍വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. 20 വര്‍ഷത്തേയ്ക്കാണ് സ്പെക്ട്രം നല്‍കിയത്.(5g services will begin from october first in india)അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്‌ദാനം.ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി എത്തുക. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. താരിഫ് പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഫോര്‍ ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക

 

ഭർത്താവിന്റെയും മുൻ കാമുകിയുടെയും കല്ല്യാണം നടത്തിക്കൊടുത്ത്‌ ഭാര്യ

തിരുപ്പതി > ഒരു തെലുങ്ക്‌ സിനിമയ്‌ക്കുള്ള കഥപോലെ നാടകീയമായിരുന്നു കഴിഞ്ഞദിവസം തിരുപ്പതിയിൽ നടന്ന ഒരു വിവാഹം. ഭർത്താവിന്റെയും മുൻ കാമുകിയുടെയും വിവാഹം നടത്തിക്കൊടുത്ത വിമലയാണ്‌ കഥയിലെ താരം. തിരുപ്പതി ജില്ലയിലെ അംബേദ്‌കർ നഗർ സ്വദേശി കല്ല്യാൺ ആണ്‌ കഥാനായകൻ.

രണ്ട്‌ വർഷം മുമ്പാണ്‌ ടിക്‌ടോക്‌ വഴി പരിചയപ്പെട്ട കല്ല്യാണും കടപ്പ ജില്ലയിൽ നിന്നുള്ള വിമലയും തമ്മിൽ വിവാഹിതരാകുന്നത്‌. വിവാഹത്തിന്‌ മുമ്പ്‌ മറ്റൊരു ടിക്‌ടോക്കറായ നിത്യശ്രീയുമായി കല്ല്യാണിന്‌ പ്രണയമുണ്ടായിരുന്നു. ചില കാരണങ്ങളാൽ പിന്നീട്‌ പിരിയുകയായിരുന്നു. കുറച്ചുദിവസം മുമ്പാണ്‌ കല്ല്യാണിനെത്തേടി ഏറെ നാളുകൾക്കുശേഷം നിത്യശ്രീ അംബേദ്‌കർ നഗറിൽ എത്തുന്നത്‌. തന്നെ വിവാഹം കഴിക്കണമെന്നും ഈ ഗ്രാമത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം തിരിച്ചറിഞ്ഞ ഭാര്യ വിവാഹത്തിന്‌ സമ്മതിക്കുകയായിരുന്നു. തങ്ങളുടെ വീട്ടിൽ ഒരുമിച്ച്‌ താമസിക്കാനും സമ്മതിച്ചു. ബുധനാഴ്‌ച ഡക്കിളി ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച്‌ താലികെട്ടിയെങ്കിലും കല്ല്യാണത്തിന്റെ നിയമസാധുതയെക്കുറിച്ച്‌ വ്യക്തത വന്നിട്ടില്ല.

 

വർഗ്ഗീയകലാപമുണ്ടാക്കാനുള്ള വർഗ്ഗീയ തീവ്രവാദ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം: സിപിഐഎം
കണ്ണൂർ
ഹർത്താലിന്റെ മറവിൽ ജില്ലയിൽ വ്യാപകമായി ആക്രമണങ്ങൾ സംഘടിപ്പിച്ച പി.എഫ്.ഐ നടപടി അപലപനീയമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മിന്നൽ ഹർത്താൽ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. വർഗ്ഗീയകലാപമുണ്ടാക്കാനുള്ള വർഗ്ഗീയ തീവ്രവാദ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കാനും, മതസൗഹാർദം സംരക്ഷിക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി ബഹുജനങ്ങളോട് അഭ്യർത്ഥിച്ചു.
മിന്നൽ ഹർത്താലിന്റെ മറവിൽ വ്യാപകമായി ആക്രമണങ്ങൾ സംഘടിപ്പിച്ച പി.എഫ്.ഐയും ഹർത്താലിനെ എതിർത്തുകൊണ്ട് ഭീഷണിയും ആക്രമണവും സംഘടിപ്പിച്ച ആർ.എസ്.എസും ഒരേതൂവൽ പക്ഷികളാണ്. കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും, ചരക്ക് ലോറികൾക്കും, കടകൾക്കും, ഓഫീസുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും നേരെ പി.എഫ്.ഐ ക്രമിനലുകൾ നടത്തിയ അക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. പെട്രോൾ ബോംബ് ഉപയോഗിച്ചാണ് ചിലയിടങ്ങളിൽ ആക്രമണം നടത്തിയത്. ചിലയിടങ്ങളിൽ മിന്നൽ ഹർത്താലിനെതിരെ ബഹുജനങ്ങളും, പോലീസും ഇടപെട്ടത് കൊണ്ട് അക്രമണം തടയാൻ കഴിഞ്ഞു. അല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടായേനേ. മിന്നൽ ഹർത്താൽ ജനങ്ങളെ ദ്രോഹിക്കുന്നതും കോടതിവിധിക്കെതിരെയുമാണ്.
ഹർത്താലിനെ എതിർക്കാനായി രംഗത്ത് വന്ന ആർ.എസ്.എസ്സുകാരാണ് പാറാലിൽ പള്ളിയിൽ നിസ്‌കരിച്ച് വരികയായിരുന്നവരെ മർദ്ദിച്ചത്. പി.എഫ്.ഐ ഹർത്താൽ പരാജയപ്പെടുത്തണമെന്നും അതിനായി ദേശീയതയെ സ്‌നേഹിക്കുന്നവർ പാനൂരിൽ എത്തിച്ചേരണമെന്നും ഒരു യുദ്ധത്തിനാണ് നാം തയ്യാറാകേണ്ടതെന്നുമാണ് യുവമോർച്ച ജില്ലാസെക്രട്ടറി വാട്ട്‌സ്അപ്പ്വഴി സന്ദേശം നൽകിയത്. കടകൾ കയറി ഭീഷണിപ്പെടുത്തിയ പി.എഫ്.ഐയും കടകൾ പൂട്ടിയാൽ സ്ഥിരമായി പൂട്ടേണ്ടി വരുമെന്ന് ഭീഷണി സ്വരത്തിൽ സംസാരിച്ച ആർ.എസ്.എസും നാട്ടിലെ ശത്രുക്കളാണ്. ഈ വർഗ്ഗീയ-തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തുകയും മതസൗഹാർദവും മാനവമൈത്രിയും നാട്ടിൽ ഊട്ടിയുറപ്പിക്കാനും എല്ലാ ജനാധിപത്യ മതേതര വിശ്വാസികളോടും, ബഹുജനങ്ങളോടും എം വി ജയരാജൻ അഭ്യർത്ഥിച്ചു.

 

ദേശീയപാതയിലെ മീഡിയനുകളുടെ അപാകത അടിയന്തിരമായി പരിഹരിക്കണം
 
കണ്ണൂർ പുതിയതെരു മുതൽ ചാല വരെ ദേശീയപാതയിൽ മീഡിയൻ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങൾ കൂടുന്നതിനാൽ അടിയന്തിരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തകർന്ന ഡിവൈഡറുകൾ പുനർനിർമ്മിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് എൻഎച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കുഴികൾ അടക്കുക, മീഡിയനുകൾ പരിഷ്‌ക്കരിക്കുക, റിഫ്‌ളക്ടറുകൾ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടർന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പുതിയതെരു-ചാല ദേശീയപാതയിൽ 63 ഹസാർഡ് മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതൽ താണ വരെ 150 മീഡിയൻ മാർക്കറുകൾ സ്ഥാപിച്ചതായും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. ബാക്കി വരുന്ന മീഡിയൻ മാർക്കറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ദേശീയപാതയിൽ തോട്ടട പോളിടെക്‌നിക്കിന് സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വർഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പറഞ്ഞു.
ആദിവാസി കോളനികളിലുള്ളവർക്ക് ആശ്രയമായ കോളയാട്-പെരുവ-കടൽക്കണ്ടം പാലം നിർമ്മാണത്തിന് യൂസർ ഏജൻസിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ നൽകേണ്ട അപേക്ഷ അടിയന്തിരമായി നൽകണമെന്ന് കെ കെ ശൈലജ ടീച്ചർ എംഎൽഎ നിർദേശിച്ചു. വനഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. പാലം നിർമ്മാണത്തിന് 0.1378 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോർപസ് ഫണ്ടിൽനിന്ന് അനുവദിക്കും. ഇരിക്കൂർ പാലം റോഡിലെ കുഴികൾ ഒരാഴചയ്ക്കകം അടക്കണമെന്നും പുതിയ പാലത്തിനായി ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ആരംഭിക്കണമെന്നും ശൈലജ ടീച്ചർ എംഎൽഎ നിർദേശം പൊതുമരാമത്ത് വകുപ്പിന് നൽകി. 
കണിച്ചാർ, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കും.
ചെറുതാഴം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കട്ടിംഗ് അനുമതിക്ക് സംയുക്ത പരിശോധന പൂർത്തീകരിച്ചു. തുടർനടപടികൾ എൻഎച്ച്എഐ കോഴിക്കോട് റീജ്യനൽ ഓഫീസാണ് സ്വീകരിക്കേണ്ടത്.
പാനൂർ ഫയർ ആൻഡ് റെസ്‌ക്യു സ്‌റ്റേഷൻ താൽക്കാലികമായി പ്രവർത്തിക്കാൻ പോലീസ് സ്‌റ്റേഷൻ വളപ്പിലെ സിഐയുടെ കെട്ടിടം ആറ് മാസത്തേക്ക് അനുവദിച്ചിട്ടും അതിലേക്ക് മാറാത്തതിനാൽ നിലവിലെ ഓഫീസായ പാനൂർ വിശ്രമ മന്ദിരത്തിൽനിന്ന് ഒഴിവാകാൻ കലക്ടർ നിർദേശം നൽകി.
ആലക്കോട് കപ്പണ കോളനിയിൽ കുഴൽക്കിണർ സ്ഥാപിക്കാൻ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാൽ തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ പാപ്പിനിശ്ശേരി പാലത്തിലെ കുഴികൾ അടച്ചതായി കെഎസ്ടിപി അറിയിച്ചു. ഈ റോഡിലെ തെരുവു വിളക്കുകൾ സോളാർ സംവിധാനത്തിൽനിന്ന് മാറ്റി കെഎസ്ഇബിയിലേക്ക് കൈമാറാനായി ഗവ. സെക്രട്ടറി തലത്തിൽ ചർച്ച നടക്കുകയാണ്.
പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ രാത്രി ഏഴിന് ശേഷം ബസുകൾ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സർവീസ് നടത്താത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സർവീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആർടിസി അറിയിച്ചു.
വടവന്തൂർ പാലം നിർമ്മാണം പുനരാരംഭിച്ചു. ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
നിർത്തലാക്കിയ കാലാങ്കി ഏകാധ്യാപക സ്‌കൂൾ നിലവിൽ പ്രവർത്തിക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കാത്തിരിക്കുന്നതായും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
പട്ടുവം കൂത്താട്ട് മലയിടിച്ചിലിൽ അപകട ഭീഷണിയുണ്ടായ പ്രദശത്ത് കോഴിക്കോട് എൻഐടി, ജിയോളജിസ്റ്റ് സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നാല് കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാറിലേക്ക് ശുപാർശ നൽകിയതായി എഡിഎം അറിയിച്ചു. ഇതിൽ രണ്ട് കുടുംബങ്ങളെ കൂടി ഉൾപ്പെടുത്താൻ തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഇ-ലേലം വഴി മാറ്റി തുടങ്ങിയതായി എഡിഎം അറിയിച്ചു. 
ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ 55 പേർക്ക് വാറണ്ടി കാലയളവിന് ശേഷം റിപ്പയറിംഗിനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതായി സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഇതിന് പഞ്ചായത്തുകൾ പ്രൊജക്ട് വെക്കണമെന്ന് കലക്ടർ നിർദേശിച്ചു. 134 പേർക്കാണ് ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയത്. 
ചൊറുക്കള-ബാറുപറമ്പ്-മയ്യിൽ-ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതായും കെആർഎഫ്ബി-പിഎംയു എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, അസി. കലക്ടർ മിസൽ സാഗർ ഭരത്, ഡിപിഒ കെ പ്രകാശൻ, എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
 
ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. രോഗങ്ങൾ കൂടാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലമാണെന്നും പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
എല്ലാ വർഷവും സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയാണ് ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. ശാരീരിക മാനസികാരോഗ്യത്തിനും വളർച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച്  പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്.
സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസവും പോഷകാഹാരവും, സ്ത്രീപക്ഷ ജലസംരക്ഷണ വിതരണ ക്രമം, ഗോത്രവർഗ മേഖലയിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമുള്ള പരമ്പരാഗത ഭക്ഷണക്രമം തുടങ്ങിയവയാണ് ഈ വർഷത്തെ ദേശീയ പോഷണ മാസാചരണത്തിന്റെ ലക്ഷ്യങ്ങൾ.
മാസാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന തലത്തിലും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ പോഷകാഹാര പ്രദർശനവും നടന്നു. 50 ഓളം വിഭവങ്ങൾ പ്രദർശിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. ജില്ലാ ആശുപത്രി ഡയറ്റീഷ്യൻ നിവേദിത രാഹുൽ പോഷണ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എ എച്ച് കൗൺസിലർ അമൽ മരിയ കൗമാര പ്രായക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, പ്രാധാനാധ്യാപകൻ പ്രദീപ് നാറോത്ത്, പ്രിൻസിപ്പൽ കെ സ്വപ്ന, ഡി എം ഒ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് സി ജി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
 
\
 
 
രജിസ്ട്രേഷൻ തുടങ്ങി
 
കരുതലിന്റെ കരം നീട്ടാൻ ചെമ്പിലോട് അൻപ് ആർമി
 
സാന്ത്വന ചികിത്സ, ഗർഭകാല പരിചരണം, പ്രസവ ശുശ്രൂഷ എന്നിവക്കായി ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 'അൻപ് ആർമി' രൂപീകരിക്കുന്നു. അൻപ് ആർമി സേനാംഗങ്ങൾക്കായുള്ള രജിസ്ട്രേഷൻ തുടങ്ങി. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 25 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സേനയിൽ അംഗങ്ങളാവാം. താൽപര്യമുള്ളവർ കുടുബശ്രീ മിഷൻ വഴിയോ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യണം. ഇവരിൽ നിന്ന് മികച്ച പ്രവർത്തനം നടത്താൻ കഴിയുന്നവരെ തെരഞ്ഞെടുക്കും ഇവർക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശീലനം നൽകും. പ്രഷർ പ്രമേഹ പരിശോധന, രോഗീപരിചരണം, എന്നിവയിലാണ് പരിശീലനം നൽകുക. ബോധവത്കരണ ക്ലാസുകളും നടത്തും. പഞ്ചായത്ത് പരിധിയിലെ രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കും. ആദ്യഘട്ടത്തിൽ കിടപ്പ് രോഗികൾക്കാണ്' സേവനം ലഭ്യമാവുക. ഫോൺ വിളിച്ചാലുടൻ വളണ്ടിയർമാർ വീടുകളിലെത്തും.
ഏറെ പേർക്ക് സഹായകരമാവുന്ന ഈ പദ്ധതിക്ക് ഒരു ലക്ഷം രൂപ  വകയിരുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ പറഞ്ഞു. രോഗികൾ ആഗ്രഹിക്കുംവിധം ശ്രദ്ധാപൂർവമായ പരിചരണവും സ്നേഹവും  ഉറപ്പു വരുത്താൻ അൻപ് ആർമി പ്രവർത്തകർക്ക്  കഴിയും വിധമാണ് പരിശീലനം. സെപ്റ്റംബർ അവസാനത്തോടെ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്.
 
ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു
 
കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഈ അധ്യയനവർഷം ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിൽ താൽക്കാലിക ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും സെപ്റ്റംബർ 28ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ. 04972 835106.  
 
വന്യജീവി വാരാഘോഷം; മത്സരങ്ങളിൽ പങ്കെടുക്കാം 
 
ഒക്ടോബർ രണ്ട്  മുതൽ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി  വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി  ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.  അവസാന തീയതി സെപ്റ്റംബർ 30. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി:  9447979082 / 04712360762,   പോസ്റ്റർ ഡിസൈനിംഗ് :  : 9447979028, 0471 2529303, ഷോർട്ട് ഫിലിം   :9447979103 , 0487 2699017, യാത്രാ വിവരണം  (ഇംഗ്ളീഷ്, മലയാളം):  9447979071 , 0497 2760394. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
 
ലഹരി വിമുക്ത കേരളം: ജില്ലാ തല അധ്യാപക പരിശീലനം
 
ലഹരി വിമുക്ത കേരളത്തിനായി ഒക്ടോബർ രണ്ടിന് ജില്ലയിൽ  വിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് തല ബോധവത്കരണ ക്ലാസ് നൽകും. ഇതിനായി ജില്ലാ തല അധ്യാപക പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ കെ രത്‌നകുമാരി അധ്യക്ഷയായി. 
അസി. എക്‌സൈസ് കമ്മീഷണർ ടി രാഗേഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ആർ ഡി ഡി പി വി പ്രസീദ, എസ് കെ ജയദേവൻ, ടി പി അശോകൻ, രാജേഷ് കടന്നപ്പള്ളി, കെ കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് സ്വാഗതവും കെ സി സുധീർ കുമാർ നന്ദിയും പറഞ്ഞു. സിവിൽ എക്‌സെസ്  ഓഫീസർ കെ പി സമീർ, ഡോ. ദീപക് കെ പ്രഭാകർ എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ അധ്യാപക പരിശീലനം തിങ്കളാഴ്ച മുതൽ ആരംഭിക്കും.
 
 
ഡി സി എ: 30 വരെ രജിസ്റ്റർ ചെയ്യാം
 
സ്‌കോൾ കേരള മുഖാന്തരം തെരഞ്ഞെടുത്ത സർക്കാർ/ എയ്ഡഡ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി സി എ എട്ടാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 30 വരെ പിഴയില്ലാതെയും ഒക്ടോബർ എട്ട് വരെ 60 രൂപ പിഴയോടെയും നീട്ടി. www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2342950, 2342271, 2342369.
 
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ നിയമനം
 
തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളേജിൽ സി എ ബി എം വിഷയത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കിൽ നടക്കും. യോഗ്യത: ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്. താൽപര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 9.30ന് പോളിടെക്‌നിക്കിൽ പേര് രജിസ്റ്റർ ചെയ്യണം.  ഫോൺ: 9995145988.
 
തെരുവുനായ ശല്യം: ഇരിക്കൂറിൽ 
മൊബൈൽ വാക്‌സിനേഷൻ 25 മുതൽ
 
വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി മൊബൈൽ വാക്‌സിനേഷൻ യൂണിറ്റ് രൂപീകരിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. പേവിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിനേഷൻ സെപ്റ്റംബർ 25ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി. രണ്ട് വാഹനങ്ങളിലായാണ് വാക്‌സിനേഷൻ യൂണിറ്റ് പ്രവർത്തിക്കുക. ഒരു വെറ്റിനറി ഡോക്ടർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, നാല് പട്ടി പിടുത്തക്കാർ എന്നിവരാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക. രാവിലെ ആറു മുതൽ വാക്‌സിനേഷൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിൽ 2000ത്തോളം തെരുവ് നായകൾ ബ്ലോക്ക് പരിധിയിലുള്ളതായി കണ്ടെത്തി. ഇതിനുപുറമേ വളർത്തു നായ്ക്കൾക്കായി സൗജന്യ വാക്‌സിനേഷൻ ക്യാമ്പും സംഘടിപ്പിക്കും. വന്ധ്യംകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കും.
 
സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു
 
കേരള സർക്കാറിന്റെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്, കെസ്‌റൂ എന്നീ സബ്‌സിഡി സഹിതമുള്ള സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്: വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. പ്രായം 21നും 45നും ഇടയിൽ(പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി/പട്ടികവർഗ/ ഭിന്നശേഷിക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും). കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
കെസ്‌റൂ: വായ്പാ തുക പരമാവധി ഒരു ലക്ഷം രൂപ. പ്രായം 21നും 50നും ഇടയിൽ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
 
ഫാഷൻ ഡിസൈനിങ് കോഴ്‌സ്
 
തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്  ഈ വർഷത്തെ ദ്വിവൽസര ഫാഷൻ ഡിസൈനിഗ് ആൻഡ് ഗാർമൻസ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ ഏഴ് വരെ www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. രജിസ്‌ട്രേഷൻ ഫീസ് 100 രൂപയോടെ (എസ് സി, എസ് ടി, വിഭാഗക്കാർക്ക് 50 രൂപ) പ്രവേശന പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ, രജിസ്‌ട്രേഷൻ നമ്പർ മുഖേന ലഭിക്കുന്ന ഒ ടി പിയോ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഒന്നിൽ കൂടുതൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യത: എസ് എസ് എൽ സി. ഉയർന്ന പ്രായപരിധി ഇല്ല. എസ് സി, എസ് ടി, എസ് ഇ ബി സി സംവരണത്തിന് അർഹതയുളളവർ അർഹത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് ലഭ്യമാക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972835260, 9495787669.
 
തീയതി നീട്ടി
 
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. ആറ് മാസത്തെ കോഴ്‌സിന് എസ് എസ് എൽ സിയാണ് യോഗ്യത. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. ഫോൺ: 6282880280, 8921272179, 9496233868
 
വിചാരണ മാറ്റി
 
കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണൽ ഓഫീസിൽ സെപ്റ്റംബർ 23ന് നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും സെപ്റ്റംബർ 26ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എൽ ആർ സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു.
 
ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
 
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2021-22 അധ്യയന വർഷത്തിൽ കേരള, സി ബി എസ് ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഐ സി എസ് ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവർക്കുമാണ് അവാർഡ്. ക്ഷേമനിധി അംഗമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്റെ കോപ്പി, സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് കോപ്പി, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. ഒക്ടോബർ 15നകം അപേക്ഷ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2706806.
 
ഇ ഗ്രാന്റ്‌സ് ക്ലെയിമുകൾ: 31വരെ അപേക്ഷിക്കാം
 
ജില്ലയിലെ പട്ടികജാതി/പട്ടികവർഗ പിന്നോക്ക വിഭാഗ വിദ്യാർഥികളുടെ 2018-19 മുതൽ 2020-21 വരെയുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ക്ലെയിമുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിനാൽ ക്ലെയിമുകൾ ലഭിക്കാനുള്ള സ്ഥാപനങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ഒക്ടോബർ 31വരെ നേരിട്ട് അപേക്ഷ സമർപ്പിക്കാമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700596.
 
ആറളം ഫാം: താമസിക്കാത്തവരുടെ കൈവശ രേഖ റദ്ദാക്കാൻ ശുപാർശ
 
ആറളം ഫാം പുനരധിവാസ മേഖലയിൽ കൈവശ രേഖ അനുവദിച്ചിട്ടും ഇവിടെ താമസിക്കാത്തവരുടെ കൈവശ രേഖ റദ്ദാക്കാൻ കണ്ണൂർ ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ ജില്ലാ കലക്ടർക്ക് ശുപാർശ നൽകി. 262 പേരുടെ കൈവശ രേഖയാണ് റദ്ദാക്കുക. ഇതിൽ ആക്ഷേപമുള്ള ഗുണഭോക്താക്കൾ സെപ്റ്റംബർ 23 മുതൽ 30 ദിവസത്തിനകം ജില്ലാ കലക്ടറെ നേരിട്ട് ബോധിപ്പിക്കണം. അല്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെ രേഖകൾ റദ്ദാക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
 
ഓംബുഡ്‌സ്മാൻ സിറ്റിംഗ് 29ന്
 
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്‌സ്മാൻ സെപ്റ്റംബർ 29ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ പേരാവൂർ ബ്ലോക്ക് ഓഫീസിൽ സിറ്റിംഗ് നടത്തും. പരാതികൾ നേരിട്ടും ഇമെയിൽ, ഫോൺ, തപാൽ എന്നിവ വഴിയും സ്വീകരിക്കും. ഫോൺ: 9447287542. ഇമെയിൽ: ombudsmanmgnregskannur@gmail.com
 
ഭവന നിർമാണ പദ്ധതി: ഒക്ടോബർ 10 വരെ അപേക്ഷിക്കാം
 
ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചിബാവ ഭവന നിർമാണ/ പുനരുദ്ധാരണ പദ്ധതിയിലൂടെ ധനസഹായം ലഭിക്കാൻ ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ഫോൺ: 0471 2300523.
 
ഫിഷറീസ് ആൻഡ് അക്വാകൾച്ചർ: പരിശീലനം
 
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ്  ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ മീഡിയം എന്റെർപ്രൈസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. 50 വയസ്സിന് താഴെ പ്രായമുള്ള എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ 25 യുവതി യുവാക്കൾക്ക് പങ്കെടുക്കാം. സ്‌റ്റൈപ്പെന്റോടെ ഒക്ടോബർ 18 മുതൽ നവംബർ നാല് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. താൽപര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ഒക്ടോബർ 10ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9605542061.
 
ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒഴിവ്
 
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ഗവ. അംഗീകൃത ബി പി ടി സർട്ടിഫിക്കറ്റ് കോഴ്‌സ്. താൽപര്യമുള്ളവർ സെപ്റ്റംബർ 27ന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസ്സൽ, പേര്, വയസ്, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിന്റെ അസ്സൽ രേഖകൾ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്/ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0497 2706666.
 
സൗജന്യ മത്സരപരീക്ഷാ പരിശീലനം
 
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നൽകുന്നു. ബിരുദധാരികൾക്കും പി എസ് സി, എസ് എസ് സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് അപേക്ഷ നൽകിയവർക്കും മുൻഗണന. താൽപര്യമുള്ളവർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700831.
 
എംപാനൽ രൂപീകരിക്കുന്നു
 
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്‌മെന്റ് സെൽ മുഖേന വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ കമ്പനികളുടെ എംപാനൽ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14. ഫോൺ: 0497 2780226. ഇ മെയിൽ: This email address is being protected from spambots. You need JavaScript enabled to view it.
 
ക്വട്ടേഷൻ
 
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ കാർപോർച്ചിന് മുകളിൽ മേൽക്കൂരയിടുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ രണ്ടിന് വൈകീട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
 
ഭരണാനുമതി
 
2019-20 വർഷത്തെ രാജ്യസഭ എം പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 1.85 ലക്ഷം രൂപ വീതം വിനിയോഗിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പി സൗത്ത് എസ് സി കോളനിയിലും ശ്രീകണ്ഠപുരം നഗരസഭയിലെ ചാക്യാർ എസ് സി കോളനിയിലും മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
 
റാങ്ക് പട്ടിക റദ്ദായി
 
ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഫസ്റ്റ് എൻസിഎ-ഹിന്ദു നാടാർ-043/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2020 സെപ്റ്റംബർ 29ന് നിലവിൽ വന്ന 274/2020/എസ് എസ് 2 നമ്പർ റാങ്ക് പട്ടിക മുഴുവൻ എൻസിഎ ഊഴങ്ങളിലും നിയമനം നൽകിയതിനാൽ 2020 നവംബർ 14ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
 
ക്വട്ടേഷൻ
 
കണ്ണൂർ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് രണ്ട് മഹീന്ദ്ര ബൊലേറോ/ ടാറ്റാ സുമോ/ മഹീന്ദ്ര സൈലോ/ ടയോട്ട ഇന്നോവ/ മാരുതി എർട്ടിഗ, ഷവർലെറ്റ് എൻജോയ്, സ്വിഫ്റ്റ് ഡിസയർ, ടാറ്റാ ഇൻഡിഗോ വാഹനം കരാർ വ്യവസ്ഥയിൽ ഓടിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 29ന് വൈകീട്ട് 2.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2760930.
 
ലേലം
 
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ ഇൻസ്ട്രക്ഷണൽ ഫാമിലെ തെങ്ങുകളിൽ നിന്നും ഒരു വർഷത്തേക്ക് വിളവെടുക്കുന്നതിനുള്ള അവകാശം സെപ്റ്റംബർ 28ന് രാവിലെ 11.30ന് ലേലം ചെയ്യും. അന്നേ ദിവസം രാവിലെ 11 മണി വരെ ക്വട്ടേഷനും സ്വീകരിക്കും. ഫോൺ: 0494 2686215.
 
സംരംഭകർക്കായി വെബിനാർ
 
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വ്യവസായ വാണിജ്യ വകുപ്പ് സംരംഭകർക്കായി ഇ കൊമേഴ്‌സിന്റെ സാധ്യതകളെപ്പറ്റി വെബിനാർ സംഘടിപ്പിക്കുന്നു. ഫ്‌ളിപ്കാർട്ട് അധികൃതർ നയിക്കുന്ന പരിശീലനം ഒക്ടോബർ ഒന്നിന് രാവിലെ 11 മണി മുതൽ 12.30 വരെ ഓൺലൈനായി നടക്കും.  താൽപര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സെപ്റ്റംബർ 29ന് മുൻപ് അപേക്ഷ സമർപ്പിക്കണം ഫോൺ: 0484 2532890, 2550322.
 
ഓംബുഡ്സ്മാൻ സിറ്റിംഗ് നടത്തി
 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കാനും തീർപ്പാക്കാനും ജില്ലാ ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തി. മൊകേരി, കതിരൂർ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തി സ്ഥലം സന്ദർശിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിംഗിൽ ജോയിന്റ് ബി ഡി ഒ കെ പി സന്തോഷ്‌കുമാർ, എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിംഗ്) എം പി ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർ ഹഷിൽ ഹരീന്ദ്രൻ, അക്കൗണ്ടന്റ് കെ കെ ജിലിഷ, തൊഴിലുറപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
 
പശു വളർത്തൽ പരിശീലനം
 
കണ്ണൂർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 29, 30 തീയതികളിൽ പശു വളർത്തലിൽ പരിശീലന ക്ലാസ് നടക്കും. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ സെപ്റ്റംബർ 28നകം 0497 2763473 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക.
 
കയർ ഭൂവസ്ത്ര  ബോധവൽക്കരണ സെമിനാർ
 
സംസ്ഥാന കയർവികസന വകുപ്പും കണ്ണൂർ കയർ പ്രൊജക്ട് ഓഫീസും സംയുക്തമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്തല കയർ ഭൂവസ്ത്ര ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സെമിനാർ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അധ്യക്ഷത വഹിച്ചു. കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ കയർഫെഡ് ടെക്നിക്കൽ വിഭാഗം പ്രതിനിധി വിഷ്ണു പ്രദീപ്, ബി ഡി ഒ സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, കണ്ണൂർ കയർ പ്രൊജക്ട് ഓഫീസർ കെ രാധാകൃഷ്ണൻ, ബ്ലോക്ക് ജോയിന്റ് ബി ഡി ഒ എം കെ പി ഷുക്കൂർ എന്നിവർ സംസാരിച്ചു.