കൊവിഡ് നിബന്ധനകള്‍ പാലിച്ചു കൊണ്ട് ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ വരെ കെഎസ്ആര്‍ടിസി റിലേ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. അന്തര്‍ ജില്ലാ യാത്രികരില്‍ നിന്നും നിരന്തരമായി ലഭിച്ച പരാതികളാണ് ഇത്തരം ഒരു സര്‍വീസിനെക്കുറിച്ച് ആലോചിക്കാന്‍ കെഎസ്ആര്‍ടിസിയെ പ്രേരിപ്പിച്ചത്.

ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. രാത്രി ഒന്‍പത് മണിയോടു കൂടി സര്‍വീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാല്‍ ഉച്ചവരെയുള്ള സര്‍വീസുകള്‍ തൃശൂര്‍ വരെയും തുടര്‍ന്നുള്ള ട്രിപ്പുകള്‍ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അവസാനിപ്പിക്കുന്ന വിധത്തിലായിരിക്കും ക്രമീകരണം ഏര്‍പ്പെടുത്തുക.