കൊവിഡ് വ്യാപനത്തെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന പുതിയ വിവരങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വരുന്നവരോട് വിട്ടുവീഴ്ചയില്ലാതെ ക്വാറന്റീന്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് അതിന്റെ ഭാഗമായാണ്. പുറമേ നിന്ന് വന്ന കേസുകളില്‍ ഏഴ് ശതമാനം പേരില്‍ നിന്ന് മാത്രമാണ് രോഗം പടര്‍ന്നത്. അതായത് 93 ശതമാനം ആളുകളില്‍ നിന്നും രോഗം ബാധിക്കാതെ തടയാന്‍ സാധിച്ചിട്ടുണ്ട്. ഇത് ഹോം ക്വാറന്റീന്‍ സംവിധാനത്തിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ആക്ടീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്വാറന്റീന്‍ സംവിധാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. പുറത്തുനിന്ന് വരുന്നവരുടെയും സംസ്ഥാനത്ത് ഉള്ളവരുടെയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം വലിയ രീതിയില്‍ പിടിച്ചുനിര്‍ത്താനായി എന്നതാണ് നമ്മുടെ പ്രധാന നേട്ടം. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.