ബഹിരാകാശമേഖലയിലെ എല്ലാ പ്രവർത്തനത്തിലും സ്വകാര്യപങ്കാളിത്തം അനുവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ തീരുമാനം ഐഎസ്‌ആർഒയെ ദുർബലപ്പെടുത്തും.  ബഹിരാകാശമേഖലയിലെ ഗവേഷണ–- വികസനപ്രവർത്തനങ്ങൾ വാണിജ്യ താൽപ്പര്യങ്ങൾക്ക്‌ അനുസൃതമാകും.

സ്വകാര്യ കമ്പനികൾക്ക്‌ തുല്യ പരിഗണന ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻസ്‌പേസ്‌)  എന്നപേരിൽ പുതിയ ബോർഡിന്‌ രൂപംനൽകും. ഇൻ-സ്‌പേസിന്റെ ഘടനയും മറ്റും പിന്നീട് പുറത്തുവിടും. ഐഎസ്ആർഒയുടെ സൗകര്യം  സ്വകാര്യ കമ്പനികൾക്കും ഉപയോഗിക്കാം. പൊതുമേഖലയിൽ സ്ഥാപിച്ച ന്യൂസ്‌പേസ്‌ ഇന്ത്യാ ലിമിറ്റഡ്‌ എന്ന സ്ഥാപനവും സ്വകാര്യവൽക്കരണ പ്രക്രിയയെ സഹായിക്കുന്നതിനായി നിലകൊള്ളും.
സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിലൂടെ ഐഎസ്ആർഒക്ക്‌ ഗവേഷണ, വികസനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കുമെന്ന് തീരുമാനം വിശദീകരിച്ച്‌‌ പ്രധാനമന്ത്രി കാര്യാലയത്തിലെ സഹമന്ത്രി ജിതേന്ദ്രസിങ്‌ പറഞ്ഞു.

ബഹിരാകാശദൗത്യങ്ങളിൽ ഐഎസ്ആർഒ ആയിരിക്കും അടിസ്ഥാന സ്ഥാപനമെങ്കിലും മറ്റ്‌ ഗ്രഹങ്ങൾ ലക്ഷ്യമിട്ടുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതടക്കമുള്ള അവസരങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ നൽകും.  കോവിഡ്‌ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികൾക്കൊപ്പം ബഹിരാകാശമേഖലയിലെ സ്വകാര്യവൽക്കരണം ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.