തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ബിജെപിയുടെ അദൃശ്യ കരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി പി വി മോഹനൻ. പ്രതികൾ കർണാടകത്തിലേക്ക് കടന്നതിന് കേരള പൊലീസിന്റെയല്ല, കർണാടക പൊലീസിന്റെ പങ്കിനെ പറ്റി പ്രത്യേകം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർണാടകത്തിൽ കോവിഡ് രോഗികൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാന അതിർത്തികളിലും കനത്ത പൊലീസ് പരിശോധനയുണ്ട്‌. എൻഐഎ അന്വേഷിക്കുന്ന കേസിലെ പ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും ശക്തമായ പൊലീസ് പരിശോധന മറികടന്ന് എങ്ങനെ കർണാടകയിൽ പ്രവേശിച്ചു. ബിജെപി പ്രവർത്തകനാണ്‌ പ്രതി സന്ദീപ്‌ നായർ. അതിർത്തി കടക്കാൻ ഇവർക്ക്‌ കർണാടക ബിജെപി സർക്കാരിൽ സ്വാധീനമുള്ള ഉന്നതന്റെ സഹായം ലഭ്യമായിട്ടുണ്ട്. തമിഴ്നാട്ടിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കൊ പോകാതെ പ്രതികൾ ബിജെപിക്ക്  സ്വാധീനമുള്ള ബംഗളൂരുവിലെത്തിയതിന് കാരണമിതാണെന്നും മോഹനൻ പറഞ്ഞു.