സ്വർണക്കടത്ത്‌ കേസിൽ അവസാനം പിടിയിലായ രണ്ടുപേരും മുസ്ലിംലീഗ് പ്രാദേശിക നേതാക്കൾ. പിടിയിലായവർക്ക്‌ പാർടിയുമായി അടുപ്പമില്ലെന്ന്‌ നേതാക്കൾ ആവർത്തിക്കുമ്പോഴാണ്‌ കൂടുതൽ അറസ്‌റ്റ്‌. ഇനി ആരെന്നത്‌ ലീഗിന്റെ നെഞ്ചിടിപ്പേറ്റുന്നു. അവരിപ്പോൾ മിണ്ടാട്ടം മുട്ടിയ അവസ്ഥയാണ്‌. കുറുവ പഞ്ചായത്തിലെ പഴമള്ളൂരിൽ ലീഗ്‌ നേതാവായ അബൂബക്കർ പഴയേടത്ത് (മലബാർ അബു–- 60), കൂട്ടിലങ്ങാടി നെച്ചിക്കുറ്റിയിലെ ലീഗ് പ്രവർത്തകൻ പടിക്കമണ്ണിൽ അബ്ദുൾ ഹമീദ് (54) എന്നിവരാണ്  വെള്ളിയാഴ്‌ച കസ്റ്റംസിന്റെ പിടിയിലായത്. അബൂബക്കർ മലപ്പുറം കോട്ടപ്പടിയിലെ മലബാർ ജ്വല്ലറി ഉടമയും ഹമീദ് കൂട്ടിലങ്ങാടിയിലെ അമീൻ ഗോൾഡ് ജ്വല്ലറി ഉടമയുമാണ്.

 

അബൂബക്കർ കുറുവയിൽ ലീഗിന്റെ മുഖ്യ സാമ്പത്തിക ഉറവിടമാണ്. ലീഗ് പരിപാടികളുടെ നിയന്ത്രണമെല്ലാം അബൂബക്കറിനാണ്. മുൻ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അടുപ്പക്കാരനും‌. അലിയുടെ ഉടമസ്ഥതയിലുള്ള  സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന അബൂബക്കറിന്റെ വളർച്ച പെട്ടെന്നായിരുന്നു. സജീവ ലീഗ് പ്രവർത്തകനായ ഹമീദിന്റെ സാമ്പത്തിക വളർച്ചയും ദുരൂഹമാണ്.

 

മുഖ്യ കണ്ണി പെരിന്തൽമണ്ണ വെട്ടത്തൂർകവല കെ ടി റമീസ് അറസ്‌റ്റിലായതോടെയാണ്‌ സ്വർണക്കടത്തിലെ ലീഗ്‌ ബന്ധം പുറത്തുവന്നത്‌. റമീസ്‌ ബന്ധുവല്ലെന്നാണ്‌  ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്‌. ലീഗിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്‌പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ്‌കുട്ടിയുടെ ചെറുമകനാണ്‌‌ റമീസ്‌. ചാക്കീരിയുടെ മകൻ ജബ്ബാറിന്റെ മകൾ റസിയയാണ്‌ റമീസിന്റെ ഉമ്മ. ഇവർ കുഞ്ഞാലിക്കുട്ടിയുടെയും ബന്ധുവാണ്‌.  കുടുംബ ബന്ധമില്ലെന്ന്‌ കുഞ്ഞാലിക്കുട്ടിക്ക്‌ സ്വന്തം മണ്ഡലത്തിലുള്ളവരെപ്പോലും വിശ്വസിപ്പിക്കാനാവില്ല. റമീസ്‌ അറസ്‌റ്റിലായപ്പോൾ മിക്ക ചാനലുകളും കുഞ്ഞാലിക്കുട്ടിയുടെ ബന്ധം വെളിപ്പെടുത്തി വാർത്ത നൽകിയതാണ്‌.

റമീസിനെ ചോദ്യംചെയ്‌തതിലൂടെയാണ്‌ കൂടുതൽ പേർ കുടുങ്ങിയത്‌. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഐക്കരപ്പടി പന്നിക്കോട്ടിൽ മുഹമ്മദ്‌ ഷാഫിയും ലീഗിന്റെ സജീവ പ്രവർത്തകനാണ്‌. ഇയാളുടെ ഉപ്പ പ്രാദേശിക ലീഗ് നേതാവായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായ ലീഗ്‌ നേതാവുമായും കുടുംബബന്ധമുണ്ട്‌. വ്യാഴാഴ്‌ച അറസ്‌റ്റിലായ മഞ്ചേരിയിലെ ടി എം മുഹമ്മദ് അൻവറിനും ലീഗ്‌ ബന്ധമുണ്ട്‌.

 

മുസ്ലിംലീഗ്‌ സംസ്ഥാന ഫണ്ട്‌ സമാഹരണത്തിന്റെ കുറുവ പഞ്ചായത്തുതല ഉദ്‌ഘാടനം  അബൂബക്കർ പഴയേടത്ത് ‌ നിർവഹിക്കുന്നു (ഫയൽചിത്രം)

മുസ്ലിംലീഗ്‌ സംസ്ഥാന ഫണ്ട്‌ സമാഹരണത്തിന്റെ കുറുവ പഞ്ചായത്തുതല ഉദ്‌ഘാടനം അബൂബക്കർ പഴയേടത്ത് ‌ നിർവഹിക്കുന്നു (ഫയൽചിത്രം)


 

 

യൂത്ത്‌ ലീഗ്‌ നേതാവ്‌ സ്വർണക്കടത്ത്‌ പ്രതിയുടെ ബിനാമി

സ്വർണക്കടത്തിന്റെ പേരിൽ സർക്കാർ വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുത്ത യൂത്ത്‌ലീഗുകാരൻ ഇതേ കേസിലെ പ്രതിയുടെ ബിനാമി. കഴിഞ്ഞദിവസം കസ്‌റ്റംസ്‌ പിടിയിലായ കോഴിക്കോട്‌ എരഞ്ഞിക്കൽ നെടിയാറമ്പത്ത്‌  ടി എം സംജുവിന്റെ കോഴിക്കോട്ടെ സാമ്പത്തിക ഇടപാടുകൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ മുൻ പഞ്ചായത്ത്‌ അംഗമായ ഈ യൂത്ത്‌ലീഗ്‌ നേതാവാണെന്നാണ്‌ കസ്‌റ്റംസ്‌ പറയുന്നത്‌. ഇയാളുടെയും പഞ്ചായത്ത്‌ അംഗമായ ഭാര്യയുടെയും  വിദേശയാത്രകളെക്കുറിച്ചും കസ്‌റ്റംസ്‌ അന്വേഷണംതുടങ്ങി.

കോഴിക്കോട്ടെ ഒരു പ്രമുഖ കൺവെൻഷൻ സെന്ററിന്റെ ഡയറക്ടർ കൂടിയാണ്‌ സംജു. ഇതിൽ ജീവനക്കാരനോ നിക്ഷേപകനോ അല്ലെങ്കിലും ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങളുടെയും മുൻനിരയിൽ മുൻ ജനപ്രതിനിധി കൂടിയായ യൂത്ത്‌ നേതാവുണ്ടാകാറുണ്ട്‌. ഗൾഫ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംജു നാട്ടിൽ പല ബിസിനസുകളിലും പങ്കാളിയാണ്‌. ഇവയുടെ മേൽനോട്ടവും ഈ നേതാവിന്റെ  ചുമതലയിലാണ്‌. 

അഞ്ചുവർഷം പഞ്ചായത്ത്‌ അംഗമായിരുന്ന ശേഷം വാർഡ്‌ വനിതാ സംവരണമായപ്പോഴാണ്‌ നേതാവ്‌ ഭാര്യയെ‌ രംഗത്തിറക്കിയത്‌.  ഇവരുടെ വിദേശയാത്രകൾ നേരത്തെ നാട്ടിൽ ചർച്ചയായിരുന്നു. വിനോദയാത്രയെന്നാണ്‌ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പറഞ്ഞത്‌. ഈ യാത്രകൾക്കു പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ ഉണ്ടോയെന്നാണ്‌‌ കസ്‌റ്റംസ്‌  അന്വേഷിക്കുന്നുന്നത്‌‌.

തിരുവനന്തപുരത്ത്‌ നിന്ന്‌ കള്ളക്കടത്ത്‌ സ്വർണം സംജു വഴി കോഴിക്കോട്ടേക്ക്‌ എത്തിയതായി കസ്‌റ്റംസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഭാര്യാപിതാവിന്‌ നഗരത്തിൽ ജ്വല്ലറിയുണ്ട്‌. ഇത്‌ വഴി സ്വർണം ഇടപാട്‌ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇക്കാര്യങ്ങളിൽ യൂത്ത്‌ലീഗ്‌ നേതാവടക്കം ആർക്കെങ്കിലും പങ്കുണ്ടോയെന്നും കസ്‌റ്റംസ്‌ തിരക്കുന്നുണ്ട്‌.

സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ കോവിഡ്‌ ചട്ടങ്ങൾ ലംഘിച്ച്‌ ജൂലൈ 10-ന്‌ യൂത്ത്‌ലീഗ്‌ കലക്‌ട്രേറ്റിന്‌ മുന്നിൽ നടത്തിയ സമരത്തിന്റെ മുൻനിരയിൽ ഈ നേതാവുണ്ടായിരുന്നു. പൊലീസ്‌ ബാരിക്കേഡ്‌ തകർക്കാനും കല്ലെറിയാനും  ഇദ്ദേഹവുമുണ്ടായി.  പരിക്കേറ്റില്ലെങ്കിലും ആശുപത്രിയിൽ ചെന്ന്‌ ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ  പങ്കുവച്ച്‌ രാഷ്ട്രീയപ്രചാരണവും നടത്തി.