കൊച്ചി
രണ്ടുവർഷത്തിനിടെ 27 തവണ നയതന്ത്ര പരിരക്ഷയോടെ കേരളത്തിലേക്ക്‌ കടത്തിയത്‌ 230 കിലോ സ്വർണം.  സ്വർണക്കള്ളക്കടത്ത്‌ സാധാരണ കച്ചവടംപോലെ തുടരാൻ പ്രതികൾക്ക്‌ അവസരമൊരുക്കിയത്‌  യുഎഇ കോൺസുലേറ്റ്‌ സംവിധാനത്തിലെ ന്യൂനതകളെന്നും‌ കസ്‌റ്റംസ്‌. കള്ളക്കടത്തിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം അവസാനഘട്ടത്തിലേക്ക്‌ എത്തുമ്പോഴാണ്‌ അന്വേഷണ പരിധിയിൽവരാത്ത കോൺസുലേറ്റ്‌ സംവിധാനത്തെക്കുറിച്ച്‌‌ കസ്‌റ്റംസ്‌ സംഘത്തിന്റെ വിലയിരുത്തൽ‌.

സ്വർണക്കടത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ഗൂഡാലോചന; സ്വപ്നയുടെ വീട്ടിൽ തെളിവെടുപ്പ്

ഒരിക്കലും  പിടിക്കില്ലെന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ ഒറ്റയടിക്ക്‌ 30 കിലോ സ്വർണം നയതന്ത്ര ബാഗേജിൽ അയക്കാൻ കള്ളക്കടത്തുസംഘം ധൈര്യപ്പെട്ടത്‌. ഇപ്പോൾ പിടിയിലായ സംഘം  തടസ്സമില്ലാതെ സ്വർണം കടത്തിയതോടെ, കച്ചവടത്തിൽ കൂടുതൽപ്പേർ പങ്കാളികളായി. യുഎഇ കോൺസുലേറ്റിലെ ചിലരുടെ അറിവില്ലാതെ ഇത്തരമൊരു ഇടപാട്‌ നിർബാധം തുടരില്ലെന്ന്‌ കസ്‌റ്റംസ്‌ ഉറപ്പിച്ചുപറയുന്നു. 

യുഎഇയിലേക്ക്‌ നേരത്തെ മടങ്ങിയ കോൺസുലേറ്റ്‌ ജനറലിന്റെ ഗൺമാന്റെ ആത്മഹത്യാശ്രമം ദുരൂഹമാണെന്നാണ്‌ കസ്‌റ്റംസിന്റെ നിഗമനം. ഗൺമാനും ഇതിൽ പങ്കാളിയായിരുന്നുവെന്ന്‌ കസ്‌റ്റംസ്‌ ‌ സംശയിക്കുന്നു.

ഫൈസൽ പിടിയിലാകുമ്പോൾ പൊളിഞ്ഞു വീഴുന്നത് ന്യായീകരണ വാർത്തകളും

ഒരു കിലോ സ്വർണക്കടത്തിൽ ലാഭം ആറ്‌ ലക്ഷം രൂപ
ഒരുകിലോ കള്ളക്കടത്ത്‌ സ്വർണത്തിന്‌ മാർച്ചിലെ കണക്കുപ്രകാരം ആറുലക്ഷം രൂപ ലാഭം കിട്ടും. യുഎഇയിലെയും കേരളത്തിലെയും സ്വർണവിലയിലുള്ള വ്യത്യാസം കൊണ്ടാണിത്‌. 30 കിലോ സ്വർണം കടത്തിയപ്പോൾ ഒന്നരക്കോടിയിലേറെയാണ്‌ ആദായം. പത്തും പതിനെട്ടും കിലോ വീതമാണ്‌ മുമ്പ്‌ കടത്തിയിട്ടുള്ളത്‌. പരിശോധനയില്ലാതെ വിമാനത്താവളത്തിന്‌ പുറത്തെത്തുമെന്ന ഉറപ്പുള്ളതുകൊണ്ട്‌ മാത്രമാണ്‌ ഓരോതവണയും സ്വർണത്തിന്റെ തൂക്കം കൂടിവന്നത്‌. 

സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദ് ദുബായിൽ അറസ്റ്റിൽ

നയതന്ത്രബാഗ്‌ തുറക്കാൻ പറ്റില്ല
നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിച്ചത്‌ കണ്ടെത്തുന്നതിൽ കസ്‌റ്റംസിന്‌ വീഴ്‌ചയുണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നയതന്ത്ര ബാഗേജിൽ എന്തയച്ചാലും തുറന്ന്‌ പരിശോധിക്കാൻ കസ്‌റ്റംസിന്‌ അധികാരമില്ല. എല്ലാ കാർഗോയും സ്‌കാനറിൽ പരിശോധിക്കാറില്ല. സ്വർണം മറ്റു ലോഹത്തിനുള്ളിൽ ഒളിപ്പിച്ചാലും സ്‌കാനറിൽ കണ്ടെത്താനാകും. എന്നാൽ, നയതന്ത്ര പ്രതിനിധികളുടെ കുടുംബാംഗങ്ങൾ അയക്കുന്ന ബാഗേജിനുപോലും പരിരക്ഷയുള്ളതിനാൽ പരിശോധന നടക്കാറില്ല. എല്ലാം കോൺസുലേറ്റ്‌ ജനറലിന്റെ സർട്ടിഫിക്കറ്റോടെയാണ്‌ വരുന്നതെന്നും അധികൃതർ പറഞ്ഞു‌.