തിരുവനന്തപുരം > പുല്ലുവിളയിൽ 17,000 കോവിഡ് പോസിറ്റീവ് കേസുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനങ്ങളെ ഭീതിയിലാക്കുന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ മഹാമാരിയുടെ സമയത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാർത്തകൾ നൽകരുതെന്നും മന്ത്രി അഭ്യർഥിച്ചു. പുല്ലുവിളയിലെ ആറ്‌ വാർഡിലാണ് കോവിഡ് രോഗവ്യാപനമുള്ളത്. 15ന്‌ ഇവിടത്തെ 14, 16, 18 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി മാറ്റി. 
 
 
 
ഇതിനെ തുടർന്ന് രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പിൽപ്പെട്ട 671 പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തുകയും അതിൽ 288 പേർ പോസിറ്റീവ് ആകുകയും ചെയ്‌തു. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പുല്ലുവിള ക്ലസ്റ്ററായി സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്‌. പുല്ലുവിള ഉൾപ്പെടെയുള്ള ക്ലസ്റ്ററുകളിൽ കോവിഡ് രോഗ പ്രതിരോധബോധവൽക്കരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനകൾ വർധിപ്പിച്ചതു കൂടാതെ ആർആർടി, വളന്റിയർമാർ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.