സ്വർണക്കടത്ത്‌ കേസിലെ പ്രതികളുടെ സ്വത്തിൽ ഭൂരിഭാഗവും കാണാമറയത്ത്‌. ഈ സാഹചര്യത്തിൽ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാൻ സഫേമയെന്ന പ്രത്യേക നിയമവും പ്രയോഗിക്കാൻ കസ്റ്റംസ്‌ തീരുമാനം.  കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ്‌ സഫേമയുടെ സാധ്യതകളും പരിശോധിക്കുന്നത്‌.

 

Read also : സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 

സഫേമ പ്രകാരം പ്രതികൾ കള്ളക്കടത്ത്‌ ആരംഭിച്ചതുമുതൽ പിടിക്കപ്പെടുന്നതുവരെ ഇവരുടെ അടുത്ത ബന്ധുക്കൾ സ്വന്തമാക്കിയ സ്വത്തുവകകൾവരെ കണ്ടുകെട്ടാൻ കഴിയും. ഭാര്യ, ഭർത്താവ്‌, അച്ഛൻ, അമ്മ, സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാം. പ്രതികളുടെ സമ്പത്ത്‌ ഉപയോഗിച്ചല്ല ഇത്‌ സ്വന്തമാക്കിയതെന്ന്‌ തെളിയിച്ചാൽമാത്രമേ തിരികെ ലഭിക്കൂ. 

ഒരുവർഷംവരെയുള്ള കരുതൽ തടങ്കലാണ്‌ കോഫെപോസ പ്രകാരം പ്രതികൾക്ക്‌ ലഭിക്കുക. കള്ളക്കടത്ത്‌ നടത്തിയതായുള്ള തെളിവുകൾ, വീണ്ടും കള്ളക്കടത്ത്‌ നടത്താനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ്‌ കോഫെപോസയ്‌ക്കുള്ള കസ്റ്റംസിന്റെ അപേക്ഷ അംഗീകരിക്കുക. റിപ്പോർട്ടിലെ ചെറിയ പിഴവുപോലും കോഫെപോസ ഒഴിവാകാൻ ഇടയാക്കും. ഇത്‌ കണക്കിലെടുത്താണ്‌ സ്വർണക്കടത്ത്‌ കേസിൽ പ്രതികളുമായി ബന്ധമുള്ള മുഴുവൻ രേഖകളും കസ്റ്റംസ്‌ ശേഖരിക്കുന്നത്‌. കോഫെപോസ പ്രകാരമുള്ള ശിക്ഷാനടപടികൾ പൂർത്തിയായ ശേഷമാണ്‌ സഫേമ ചുമത്തുക.

 

Read Also :  ഇതും നാം അതിജീവിക്കും കാമ്പയിനിന്റെ തീം സോങ്ങ് ജില്ലാ കലക്ടർ ടി വി സുഭാഷ് പുറത്തിറക്കി.

 

 

സ്വപ്‌നയ്‌ക്കുവേണ്ടി യുഡിഎഫ്‌ കാലത്തെ ഗവ. പ്ലീഡർ
സ്വർണക്കടത്ത്‌ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ  യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഗവ. പ്ലീഡറായിരുന്ന ജിയോ പോൾ. ഇദ്ദേഹം മുഖേന കഴിഞ്ഞ ചൊവ്വാഴ്‌ച എൻഐഎ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ഹിന്ദു എക്കണോമിക്‌ ഫോറത്തിന്റെ സജീവപ്രവർത്തകനായ അഭിഭാഷകൻ മുഖേനയാണ്‌ ഒളിവിലിരിക്കെ സ്വപ്‌ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന്‌ അപേക്ഷിച്ചത്‌. ജാമ്യാപേക്ഷ കോടതി പരിഗണിക്കുംമുമ്പ്‌ എൻഐഎ സ്വപ്‌നയെ അറസ്‌റ്റ്‌ ചെയ്‌തു. തുടർന്നാണ്‌ വക്കാലത്ത്‌ ജിയോ പോളിനെ ഏൽപ്പിച്ചത്‌.

കസ്‌റ്റഡി നീട്ടാൻ സ്വപ്‌നയെ ചൊവ്വാഴ്‌ച കോടതിയിൽ കൊണ്ടുവന്നപ്പോൾ  ജിയോ പോൾ ഹാജരായിരുന്നു. കോടതിയുടെ അനുമതിയോടെ 30‌ മിനുറ്റോളം അഭിഭാഷകൻ സ്വപ്‌നയുമായി സംസാരിച്ചു.സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്നും കേസിൽ ബലിയാടാക്കുകയാണെന്നുമാണ്‌ ജാമ്യാപേക്ഷയിലുള്ളത്‌.

സ്വപ്‌ന സുരേഷിന്റെയും നാലാംപ്രതി സന്ദീപ്‌ നായരുടെയും എൻഐഎ കസ്‌റ്റഡി വെള്ളിയാഴ്‌ച തീരുന്നതിനാൽ കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷയും അന്ന്‌ കേൾക്കും.