ന്യൂഡൽഹി
പാപ്പർ ചട്ടങ്ങളിൽ മോഡി സർക്കാർ കൊണ്ടുവന്ന ഭേദഗതി പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ വിഘാതമായെന്ന്‌ ആർബിഐ മുന്‍ ഗവർണർ ഉർജിത് പട്ടേൽ. ‘ഓവർഡ്രാഫ്‌റ്റ്‌: സേവിങ്‌ ദ ഇന്ത്യൻ സേവർ’ എന്ന  പുസ്‌തകത്തിലാണ്‌ ഉർജിത് പട്ടേൽ  കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചത്‌.

ബാങ്കുകളുടെ കിട്ടാക്കടം പ്രശ്‌നം പരിഹരിക്കാന്‍ 2014 മുതൽ നടത്തിയ ശ്രമം‌ പാപ്പർ ചട്ടങ്ങളിലെ മാറ്റത്തോടെ അട്ടിമറിക്കപ്പെട്ടതെന്ന്‌ പുസ്‌തകം വെളിപ്പെടുത്തി. ഉർജിത് പട്ടേൽ റിസർവ് ബാങ്ക്‌ ഗവർണറായിരിക്കെ 2018 ഫെബ്രുവരിയിൽ ആർബിഐ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം വായ്‌പാതിരിച്ചടവിൽ വീഴ്‌ചവരുത്തിയവർക്കെതിരെ ബാങ്കുകൾക്ക്‌ നടപടിയെടുക്കേണ്ടതായി വന്നു. ഇതോടെ വൻകുടിശ്ശികക്കാര്‍ക്ക് ദേശീയ കമ്പനിനിയമ ട്രിബ്യൂണൽ മുമ്പാകെ എത്തേണ്ടിവന്നു. തുടർന്ന്‌,  വിഷയം സുപ്രീംകോടതിയിലെത്തി. ആർബിഐക്കുവേണ്ടി ഹാജരാകേണ്ട അഭിഭാഷകർ അവസാനനിമിഷം പിന്മാറി. വിജ്ഞാപം കോടതി റദ്ദ്‌ ചെയ്യുന്ന സാഹചര്യമുണ്ടായി. കേന്ദ്രവുമായുള്ള ഭിന്നതമൂലം‌ 2018 ഡിസംബറിൽ ഉർജിത്  പട്ടേൽ രാജിവച്ചു. പിന്നീടാണ്‌ കുടിശ്ശികക്കാരെ സഹായിക്കുംവിധം സർക്കാർ പാപ്പർ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവന്നത്‌. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള വിജ്ഞാപനത്തിനെതിരെ പല കോണുകളിൽനിന്നും നീക്കമുണ്ടായെന്ന് ഉർജിത് വിവരിച്ചു.

കിട്ടാക്കടം 20 വർഷത്തെ ഉയരത്തിലേക്ക്
കിട്ടാക്കടം 20 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക്‌ കുതിക്കുമെന്ന്‌ ആർബിഐ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നൽകി. മാർച്ച്‌വരെ നൽകിയ വായ്‌പകളുടെ 12.5 ശതമാനം വരെയായി കിട്ടാക്കടം മാറിയിട്ടുണ്ടാകാമെന്ന്‌ അർധവാർഷിക സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിൽ പറയുന്നു. സമ്പദ്‌വ്യവസ്ഥയിൽ ഉണർവുണ്ടായില്ലെങ്കിൽ കിട്ടാക്കടം ആകെ വായ്‌പകളുടെ 14.7 ശതമാനംവരെയായി ഉയരാം.