ഇൻഡോർ: പെണ്‍കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും പിജികളിലും അതിക്രമിച്ച് കയറി അടിവസ്ത്രങ്ങൾ നശിപ്പിക്കുന്ന യുവാവ് അറസ്റ്റിൽ. മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ ശ്രീകാന്ത് (26) എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. വിജയ് നഗർ മേഖലയിലെ വിവിധ ഹോസ്റ്റലുകളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.

പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഇടങ്ങൾ നോക്കി വച്ചാണ് ഇയാൾ അതിക്രമിച്ചു കയറുന്നതെന്നാണ് പൊലീസ് പറയുന്നത്. മുറികളിൽ ആരും ഇല്ലാത്തപ്പോഴോ അല്ലെങ്കിൽ ഉറങ്ങുന്ന സമയത്തോ കടന്നു കയറുന്ന യുവാവ് അലമാരയ്ക്കുള്ളിൽ നിന്നും അടിവസ്ത്രങ്ങളെടുത്ത് കത്രിക ഉപയോഗിച്ച് മുറിച്ച് നശിപ്പിക്കും.. ചില സമയങ്ങളിൽ വസ്ത്രങ്ങളും ഇതു പോലെ നശിപ്പിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളുകളുടെ കണ്ണിൽപ്പെട്ടാൽ പോലും പിടി കൊടുക്കാതെ കടന്നു കളയാനും വിദഗ്ധനാണെന്നാണ് വിജയ് നഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് തെഹ്സീബ് ഖ്വാസി പറയുന്നത്.
 
ഒരേ പ്രദേശത്ത് നിന്ന് സമാനമായ പരാതികൾ ധാരാളം എത്തിയതോടെ പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് തെരച്ചിൽ ശക്തമാക്കി. ഇയാൾ വരാൻ സാധ്യതയുള്ള പ്രദേശങ്ങൾ,ഹോസ്റ്റലുകൾ, സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന ഇടങ്ങൾ എന്നിങ്ങനെ സ്ഥലങ്ങൾ തരംതിരിച്ച് പ്രത്യേക നിരീക്ഷണത്തിനായി ആളുകളെ നിയോഗിച്ചു. നഗർ സുരക്ഷ സമിതിയുടെയും സുരക്ഷാ ജീവനക്കാരുടെയും സഹകരണം ഉറപ്പാക്കിയായിരുന്നു നിരീക്ഷണം ശക്തമാക്കിയത്. വെള്ളിയാഴ്ച രാത്രിയോടെ ഒരു വീടിനുള്ളിലേക്ക് കടക്കുന്നതിനിടെ യുവാവ് പ്രദേശവാസിയുടെ കണ്ണിൽപ്പെടുകയായിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കയ്യോടെ പിടിക്കുകയും ചെയ്തു.

നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് പിടിക്കപ്പെട്ട ശ്രീകാന്ത്. സമാനമായ പരാതിയിൽ നേരത്തെയും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതിനെ തുടർന്ന് ഒളിവിലായിരുന്നുവെന്നും പൊലീസ് പറയുന്നു. സുരക്ഷ ജീവനക്കാരനായിരുന്ന ശ്രീകാന്തിനെതിരെ മോഷണം, പീഡനം അടക്കമുള്ള കേസുകളുണ്ട്.