കൊച്ചി
തിരുവനന്തപുരം സ്വർണക്കടത്ത്‌ കേസിൽ  കസ്‌റ്റംസ്‌ അന്വേഷണം അവസാനഘട്ടത്തിൽ‌. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തി എന്നതുമാത്രമാണ്‌ ഈ കേസിനുള്ള പ്രത്യേകതയെന്ന വിലയിരുത്തലിലാണ്‌ കസ്‌റ്റംസ്‌. അന്വേഷണം 80 ശതമാനം പൂർത്തിയായതായി കസ്‌റ്റംസ്‌ അധികൃതർ പറഞ്ഞു.

സ്വർണക്കടത്തും ഹവാല ഇടപാടുകളും പതിവായി നടത്തിവരുന്നവരാണ്‌ ഇതുവരെ അറസ്‌റ്റിലായ പലരും. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 1400 സ്വർണക്കടത്തുകൾ കസ്‌റ്റംസ്‌ പിടികൂടി അന്വേഷിച്ചിട്ടുണ്ട്‌. എണ്ണൂറോളംപേരെ അറസ്‌റ്റ്‌ ചെയ്‌തു. എന്നാൽ, ഇത്രയും ആഴത്തിൽ അന്വേഷിച്ച മറ്റൊരു കേസില്ല. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തി എന്നതും 30 കിലോ സ്വർണം ഒറ്റയടിക്ക്‌ കൊണ്ടുവന്നു എന്നതുംതന്നെയാണ്‌  കാരണം. കേസ്‌ രാഷ്ട്രീയ വിവാദമായതും  അന്വേഷണം വിപുലമാകാൻ കാരണമായി. കള്ളക്കടത്തുസ്വർണം എവിടെനിന്ന്‌ വന്നു, അതിന്‌ പണം മുടക്കിയത്‌ ആര്‌, ആർക്കുവേണ്ടി കൊണ്ടുവന്നു, ഇടപാടിനുപിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ ആരൊക്കെ തുടങ്ങിയ കാര്യങ്ങളാണ്‌ കസ്‌റ്റംസ്‌ കൊച്ചി കമീഷണറേറ്റ്‌ അന്വേഷിച്ചത്‌. അതിനുള്ള ഉത്തരങ്ങൾ ഇതുവരെയുള്ള അന്വേഷണത്തിലൂടെ കസ്‌റ്റംസിന്‌ കണ്ടെത്താനായിട്ടുണ്ട്‌.  16 പ്രതികളെ അറസ്‌റ്റ് ചെയ്‌തു. ആദ്യ നാലു പ്രതികളിൽ മൂന്നുപേർ പിടിയിലായി. സംസ്ഥാനത്ത്‌ കള്ളക്കടത്തിന്‌ മുന്നിൽനിന്നവർ അവരാണ്‌.

ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുു കെ ടി റമീസാണ്‌ കള്ളക്കടത്തുസംഘത്തിലെ എല്ലാവരെയും കോർത്തിണക്കി പ്രവർത്തിച്ചത്‌. ജ്വല്ലറി ഉടമകളും സ്വർണം എടുത്ത്‌ മറിച്ചുവിൽക്കുന്നവരും കച്ചവട ഏജന്റുമാരുമാണ്‌ അറസ്‌റ്റിലായ മറ്റുള്ളവർ. അതിൽ ഒരാളൊഴികെ എല്ലാവരും ഈ രംഗത്ത്‌ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നവരാണ്‌. സാധാരണ കച്ചവടംപോലെ തീരുവ വെട്ടിച്ച്‌ സ്വർണം കൊണ്ടുവന്ന്‌ കൊള്ളലാഭമുണ്ടാക്കുന്നത്‌ അവർക്ക്‌ കച്ചവടംപോലെയാണ്‌. പിടിയിലാകാനുള്ള മൂന്നാംപ്രതി ഫൈസൽ ഫരീദും അയാളുടെ കൂട്ടാളി റബിൻസുമാണ്‌ ദുബായിൽ സ്വർണക്കടത്തിനുപിന്നിലുള്ളത്‌. അവരുമായി ബന്ധപ്പെട്ട്‌ ഹവാല ഇടപാടുകാരും കാണും. അതും സാധാരണ കള്ളക്കടത്തുകൾക്ക്‌ പിന്നിലുള്ള ഘടകങ്ങളാണ്‌ എന്നതിനപ്പുറം മറ്റു മാനങ്ങളൊന്നും കസ്‌റ്റംസ്‌ കണ്ടെത്തിയിട്ടില്ലെന്നും ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.

ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ പങ്കുള്ളതായോ സർക്കാർസൗകര്യങ്ങൾ ദുരുപയോഗിച്ചതായോ കണ്ടെത്താനായില്ല. അക്കാര്യങ്ങൾ മറ്റൊരു കേസിലും ഇല്ലാത്തവിധം വിശദമായിത്തന്നെ കസ്‌റ്റംസ്‌ അന്വേഷിച്ചു. മറ്റു കാര്യങ്ങളുണ്ടെങ്കിൽ എൻഐഎ പുറത്തുകൊണ്ടുവരട്ടെ എന്ന നിലപാടിലാണ്‌ കസ്‌റ്റംസ്‌.

ഫൈസൽ ഫരീദും റബിൻസും പ്രതികൾ
സ്വർണക്കടത്തുകേസിൽ തൃശൂർ കയ്‌പമംഗലം തേപ്പറമ്പിൽ ഫൈസൽ ഫരീദ്‌, മൂവാറ്റുപുഴ പെരുമറ്റം കരിക്കനാക്കുടി റബിൻസ്‌ എന്നിവരെയും കസ്‌റ്റംസ്‌ പ്രതിയാക്കി. ഇരുവരെയും 17, 18 പ്രതികളാക്കിയാണ്‌  കസ്റ്റംസ് സംഘം സാമ്പത്തികകുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്‌. ഇവർക്കെതിരെ അറസ്‌റ്റ്‌ വാറന്റിനും‌ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്‌.

യുഎഇയിൽ കഴിയുന്ന പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും  ഇവരെ നാട്ടിലെത്തിച്ച്‌ തെളിവെടുക്കേണ്ടതുണ്ടെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ കസ്‌റ്റംസ്‌ വ്യക്തമാക്കി. റമീസ് പിടിയിലായതോടെയാണ് ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായർ, പി എസ്‌ സരിത്‌ എന്നിവരുടെ മൊഴിയിലും സ്വർണക്കടത്തിലുള്ള ഇരുവരുടെയും പങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. യുഎഇയിൽ പിടിയിലായെന്ന്‌ സംശയിക്കുന്ന ഫൈസൽ ഫരീദിന്റെ കൂട്ടാളിയാണ് റബിൻസ്. വിദേശത്തുനിന്നുള്ള കള്ളക്കടത്തുകളിലെ മുഖ്യകണ്ണിയാണ് റബിൻസ് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഫൈസൽ ഫരീദിന്റെ പേരിൽ പലപ്പോഴും പാഴ്‌സൽ അയച്ചിരുന്നത് യുഎഇയിലുള്ള റബിൻസാണെന്ന്‌ പിടിയിലായ ജലാൽ കസ്റ്റംസിന്‌ മൊഴി നൽകിയിരുന്നു. ദുബായിൽ ഹവാല ഇടപാടുകളുള്ള റബിൻസ് ഫൈസൽ ഫരീദിനെ മുൻനിർത്തി പ്രവർത്തിക്കുകയായിരുന്നെന്നാണ് കസ്റ്റംസ് നിഗമനം. എൻഐഎ അറസ്‌റ്റ്‌ ചെയ്‌ത സ്വപ്‌നയെയും സന്ദീപിനെയും കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന കസ്‌റ്റംസ്‌ അപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും.

കൂടുതൽ അന്വേഷണങ്ങൾക്ക്‌ റമീസിനെ വിട്ടുകിട്ടണമെന്ന അപേക്ഷ കോടതി തള്ളി.  റമീസിന്റെ കോവിഡ്‌ പരിശോധനാഫലം ലഭിക്കാൻ വൈകിയതിനാൽ തെളിവെടുപ്പും മറ്റും പൂർത്തിയാക്കാൻ കസ്‌റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം.സ്വർണ്ണക്കടത്ത്‌ കേസിൽ ഇതുവരെ അറസ്‌റ്റിലായ 16 പ്രതികളെയും ചൊവ്വാഴ്‌ച സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ ഹാജരാക്കും.