രുദിവസത്തെ കോവിഡ്‌ മരണത്തില്‍ ഇന്ത്യ അമേരിക്കയെയും ബ്രസീലിനെയും മറികടന്നു. കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഞായറാഴ്‌ച മരണം ‌708. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 717 മരണം. അമേരിക്കയില്‍ മരണം 451, ബ്രസീലിൽ 536. ഒറ്റദിവസത്തെ രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഞായറാഴ്ച  ബ്രസീലിനെ മറികടന്നു. സർക്കാർ കണക്കില്‍ മരണം 49931. സംസ്ഥാന കണക്കില്‍ അരലക്ഷത്തിലേറെ‌. ബ്രസീലിൽ ഞായറാഴ്‌ച 23467 രോ​ഗികള്‍മാത്രം‌, അമേരിക്കയില്‍ 56130.

രാജ്യത്ത്‌ ആകെ രോ​ഗികള്‍ 15 ലക്ഷത്തോളം, മരണം 33000 കടന്നു. തുടര്‍ച്ചയായി ആറാംദിനവും അരലക്ഷത്തോളം രോ​ഗികള്‍, എഴുന്നൂറിലേറെ മരണം. ഓരോ രണ്ടുദിവസവും ലക്ഷം രോ​ഗികളും 1500 നടുത്ത്‌ മരണവും‌. മഹാരാഷ്ട്രയ്‌ക്കും തമിഴ്‌നാടിനും പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ രോ​ഗവ്യാപനം തീവ്രമായി. ബംഗാൾ, യുപി, ബിഹാർ എന്നിവിടങ്ങളിലും വ്യാപനമേറി. ആർടി–- പിസിആർ ടെസ്‌റ്റ് നാലിലൊന്നാക്കി ചുരുക്കിയതോടെ ഡൽഹിയിൽ രോഗികളില്‍ കുറവ് വന്നു.

ജൂലൈ 20 മുതൽ 26 വരെ രാജ്യത്ത് 317892 രോ​ഗികളാണെങ്കില്‍‌ തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 237999 മാത്രം. 34 ശതമാനമാണ്‌ പ്രതിവാര വർധന. മരണത്തില്‍ 24 ശതമാനം വർധന. രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4.85 ലക്ഷമായി. 24 മണിക്കൂറിൽ 31991 രോഗമുക്തര്‍. ആകെ രോഗമുക്തർ 9.18 ലക്ഷം. രോഗമുക്തി നിരക്ക്‌ 64 ശതമാനം.

ലക്ഷം കടന്ന് ആന്ധ്ര, കര്‍ണാടകം
മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങൾക്ക്‌ പിന്നാലെ ആന്ധ്രയിലും കർണാടകത്തിലും കോവിഡ്‌ ബാധിതര്‍ ലക്ഷം കടന്നു. ആന്ധ്രയിൽ തിങ്കളാഴ്‌ച 6051 രോ​ഗികള്‍, 49 മരണം. ആകെ രോ​ഗികൾ 102349, മരണം 1090. കർണാടകത്തിൽ 5324 രോ​ഗികള്‍, 73 മരണം. ആകെ  101465 രോ​ഗികള്‍, മരണം 1953. രാജ്യത്ത്‌ രോ​ഗികള്‍ 14.80 ലക്ഷം. മരണം 33400 ലേറെ.

മഹാരാഷ്ട്രയിൽ 7924 രോ​ഗികള്‍, 227 മരണം. ആകെ രോ​ഗികൾ 3.84 ലക്ഷം. മരണം 13883. തമിഴ്‌നാട്ടിൽ 6993 രോ​ഗികള്‍, 77 മരണം. ആകെ രോ​ഗികള്‍ 220716, മരണം 3571. യുപിയിൽ 3505 രോ​ഗികള്‍, 30 മരണം. ബംഗാളിൽ 2112 രോ​ഗികള്‍, 39 മരണം. തെലങ്കാനയില്‍ 1473 രോ​ഗവും എട്ട്‌ മരണവും.

മധുരയിൽ ചികിത്സാകേന്ദ്രത്തിൽ രോഗവ്യാപനം
തമിഴ്‌നാട്ടിലെ മധുരയിൽ കോവിഡ്‌ ചികിത്സാകേന്ദ്രത്തിൽ രോഗവ്യാപനം. രാജാവി സർക്കാർ ആശുപത്രിയിൽ കോവിഡ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന 29 ഡോക്ടർമാർക്കും 16 നേഴ്‌സുമാർക്കും രോഗം സ്ഥിരീകരിച്ചു.  മൂന്നുദിവസത്തിനിടെയാണ്‌ ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരായത്‌. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഏഴ്‌ ആരോഗ്യപ്രവർത്തകർക്കുമാത്രമാണ്‌ രോഗം ബാധിച്ചത്‌. കൂട്ടത്തോടെ കോവിഡ്‌ബാധിച്ചത്‌‌‌ പുതിയ രോഗകേന്ദ്രം ഉണ്ടാകുന്നതിന്റെ ലക്ഷണമാണെന്ന്‌ അധികൃതർ പറഞ്ഞു.

തമിഴ്‌നാട്ടിൽ റേഷൻ കാർഡുള്ളവർക്ക്‌ സൗജന്യ മാസ്‌ക്‌ നൽകുന്ന പദ്ധതിക്ക്‌ തുടക്കം.  ആദ്യ ഘട്ടത്തിൽ 69 ലക്ഷം കുടുംബത്തിന്‌ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ഡൽഹിയിൽ ഡോക്ടർ മരിച്ചു
കോവിഡ്‌ ബാധിച്ച്‌ ഡൽഹിയിൽ മധ്യപ്രദേശുകാരനായ ഡോ. ജോഗീന്ദർ ചൗധുരി (27) മരിച്ചു. ബാബാസാഹെബ്‌ അംബേദ്‌കർ ആശുപത്രിയിലെ ഡോക്ടറാണ്. ഒരു മാസമായി ചികിൽസയില്‍. ആദ്യം എൽഎൻജെപിയിൽ പ്രവേശിക്കപ്പെട്ട ജോഗീന്ദറിനെ പിന്നീട്‌ സ്വകാര്യ ആശുപത്രിയായ ഗംഗാറാമിലേക്ക്‌ മാറ്റി. ഇവിടെ 3.7 ലക്ഷം രൂപ ചികിൽസാചെലവായി. സഹപ്രവർത്തകർ 2.8 ലക്ഷം രൂപ സമാഹരിച്ചുനൽകി. കഴിഞ്ഞയാഴ്‌ച ഡല്‍ഹില്‍ 42കാരനായ ഡോ. ജാവേദ്‌ അലി കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു.

ഇസ്രയേൽ സംഘം എത്തി
30 സെക്കൻഡിൽ ഫലം ലഭിക്കുന്ന ആന്റിജൻ ടെസ്‌റ്റ്‌ കിറ്റ്‌ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രയേലിൽ നിന്നുള്ള ഉന്നതതല ഗവേഷക സംഘാംഗങ്ങൾ ഇന്ത്യയിലെത്തി. ഡിആർഡിഒയുമായി ചേർന്നാണ്‌ കിറ്റ്‌ വികസിപ്പിക്കുന്നത്‌.