ന്യൂഡൽഹി
അടിയന്തരമായ 16 ആവശ്യം ഉന്നയിച്ച്‌ ആഗസ്‌ത്‌ 20 മുതൽ 26 വരെ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിഷേധവാരം ആചരിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. പ്രാദേശിക തലംമുതൽ സംസ്ഥാനതലം വരെ സുരക്ഷാ മാനദണ്ഡം പാലിച്ച്‌ പ്രതിഷേധം സംഘടിപ്പിക്കും. ട്രേഡ്‌ യൂണിയനുകളും കർഷക–-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ആഗസ്‌ത്‌ ഒമ്പതിന്‌ പ്രഖ്യാപിച്ച പ്രതിഷേധദിനാചരണത്തിന്‌ പാർടി പിന്തുണ നൽകും.

ആവശ്യങ്ങൾ
●ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ്‌ മാസത്തേക്ക്‌ പ്രതിമാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക
●ആവശ്യക്കാർക്ക്‌ പ്രതിമാസം 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം ആറുമാസത്തേക്ക്‌ നൽകുക
●ദേശീയ ഗ്രാമീണതൊഴിലുറപ്പ്‌ പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി ‌ വർധിപ്പിച്ച‌ വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക. പദ്ധതി നഗരങ്ങളിലും നടപ്പാക്കുക. തൊഴിൽരഹിതർക്ക്‌ വേതനം നൽകുക
●അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളിനിയമം(1979) റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കുക; നിയമം ശക്തിപ്പെടുത്തുക
●ആരോഗ്യമേഖലയിൽ കേന്ദ്രത്തിന്റെ ചെലവിടൽ ജിഡിപിയുടെ മൂന്ന്‌ ശതമാനമായി ഉയർത്തുക.
●അവശ്യവസ്‌തു നിയമം, കാർഷികോൽപ്പന്ന വിപണി നിയമം എന്നിവ ഭേദഗതി ചെയ്‌തുള്ള ഓർഡിനൻസുകൾ പിൻവലിക്കുക.
●തൊഴിൽനിയമങ്ങൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനും മരവിപ്പിക്കാനും ഇറക്കിയ ഉത്തരവുകൾ പിൻവലിക്കുക.
●റെയിൽവേയുടെയും പെട്രോളിയം, കൽക്കരി, പ്രതിരോധനിർമാണം, ബാങ്ക്‌, ഇൻഷുറൻസ്‌, വൈദ്യുതി മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക.
●പിഎം കെയേഴ്‌സ്‌ ഫണ്ട്‌ കോവിഡിനെ നേരിടാൻ പൊരുതുന്ന സംസ്ഥാനങ്ങൾക്ക്‌ കൈമാറുക.
●കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതർക്ക്‌ ദേശീയ ദുരന്തനിവാരണ ഫണ്ടിലെ വ്യവസ്ഥകൾപ്രകാരം ഒറ്റത്തവണ സാമ്പത്തികസഹായം നൽകുക.
●പട്ടികജാതി, പട്ടികവർഗ, ഒബിസി, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സംവരണം കൃത്യമായി നടപ്പാക്കുക, എല്ലാ ഒഴിവും നികത്തുക.
●ജമ്മു കശ്‌മീരിൽ കഴിഞ്ഞ ആഗസ്‌തിനുശേഷം തടവിലാക്കിയ എല്ലാ രാഷ്ട്രീയപ്രവർത്തകരെയും വിട്ടയക്കുക. സ്വതന്ത്ര സഞ്ചാരവും വാർത്താവിനിമയ സൗകര്യവും ഉറപ്പാക്കുക.
●മുൻ സെമസ്‌റ്ററുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവസാന വർഷ ബിരുദ, പിജി വിദ്യാർഥികൾക്ക്‌ ബിരുദം നൽകുക.
●യുഎപിഎ, എൻഎസ്‌എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക.
●പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തൽ കരട് വിജ്ഞാപനം 2020 പിൻവലിക്കുക.
●ദളിതർ, ആദിവാസികൾ, സ്‌ത്രീകൾ എന്നിവർക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ ശിക്ഷ ഉറപ്പാക്കുക.