സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം ആവശ്യപ്പെട്ടാൽ നടന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടാമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുംബൈ പൊലീസ്, ബിഹാർ പൊലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും നിതീഷ് കുമാർ പറഞ്ഞു. സുശാന്ത് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് തെറാപ്പിസ്റ്റ് സൂസൻ വാക്കർ വ്യക്തമാക്കി. അതേസമയം നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്ന് ബിഹാർ ഡിജിപി അറിയിച്ചു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം അന്വേഷിക്കേണ്ടത് ബിഹാർ പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. നടന്റെ കുടുംബത്തിന് നീതി ലഭിക്കേണ്ടതുണ്ട്. സുശാന്തിന്റെ അച്ഛൻ കെ കെ സിംഗ് നൽകിയ പരാതിയിലാണ് അന്വേഷണം. അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ അതേ കുറിച്ച് സർക്കാർ ചിന്തിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.

ബിഹാർ പൊലീസ് തെളിവുകൾ ശേഖരിച്ച് വരുന്നതായി ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ അറിയിച്ചു. നടന്റെ മുൻ പെൺസുഹൃത്ത് അങ്കിത ലൊഖണ്ഡേ, സഹോദരി മീട്ടു സിംഗ്, സുഹൃത്ത് മഹേഷ് ഷെട്ടി, ഡോ. ചാവ്ഡ, വീട്ടു പാചകക്കാരൻ അശോക് കുമാർ, ജോലിക്കാരൻ നീരജ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി. നടി റിയ ചക്രവർത്തിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ഡിജിപി തള്ളി.

കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കാമ്പുള്ള കാര്യങ്ങൾ കയ്യിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിം കോടതി പറഞ്ഞു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ സുഹൃത്തും പ്രതിശ്രുത വധുവും ആയിരുന്ന റിയ ചക്രവർത്തിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്.