പുതിയ കപ്പൽപാതയ്‌ക്കു‌ പിന്നാലെ സംസ്ഥാന സർക്കാരിന്റെ 17 ചെറുകിട തുറമുഖങ്ങൾ (മൈനർ പോർട്‌സ്‌) കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കാൻ നീക്കം. 1908 മുതൽ പ്രാബല്യത്തിലുള്ള നിയമം അസാധുവാക്കി ഇന്ത്യൻ തുറമുഖ ബിൽ –- 2020 എന്ന പേരിൽ പുതിയ ബിൽ കൊണ്ടുവരാനാണ്‌ ശ്രമം.

കേരളം ഉൾപ്പെടെ  എട്ടു തീരദേശ സംസ്ഥാനങ്ങൾക്ക്‌ ബിൽ വൻതിരിച്ചടിയാകും. തീരസുരക്ഷയുടെ പേരുപറഞ്ഞ്‌ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം ആരായാതെയാണ്‌  ഏകപക്ഷീയമായി ബിൽ കൊണ്ടുവരുന്നത്‌. ചെറുകിട തുറമുഖങ്ങൾ നിലവിൽ സംസ്ഥാന സർക്കാരിന്റെയും മാരിടൈം ബോർഡിന്റെയും  നിയന്ത്രണത്തിലാണെങ്കിലും സുരക്ഷാ ചുമതലകൾക്ക്‌ കോസ്റ്റ്‌‌ഗാർഡിന്റെയും നാവികസേനയുടെയും സഹകരണമുണ്ട്‌‌. ഇത്‌ പരിഗണിക്കാതെയാണ്‌ ദേശീയസുരക്ഷ മറയാക്കുന്നത്‌. പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു‌ മുന്നോടിയായി സംസ്ഥാന മാരിടൈം ബോർഡുകളുടെ യോഗം ‌ ജൂലൈ 27നു‌ ചേരാൻ ‌നിശ്‌ചയിച്ചിരുന്നെങ്കിലും കോവിഡ്‌ നിയന്ത്രണങ്ങളെത്തുടർന്ന്‌ മാറ്റി. കടലും തീരവും പൂർണമായി കേന്ദ്ര നിയന്ത്രണത്തിലാക്കുന്ന വ്യവസ്ഥകളാണ്‌ ബില്ലിലുള്ളത്‌. 

ബില്ലിലെ ഏഴു പ്രധാന വ്യവസ്ഥകളാണ്‌ തുറമുഖ നിയന്ത്രണം കേന്ദ്ര വരുതിയിലാക്കുന്നതിന്‌ അടിസ്ഥാനം. സെക്‌ഷൻ 3, 3(50), 9(7), 10 (2) (d), 19, 20, 32 വ്യവസ്ഥകൾ  സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ്‌. ‌സെക്‌ഷൻ 3  പ്രകാരം ചെറുകിട തുറമുഖങ്ങൾ എന്ന പദവി  ഇല്ലാതാകും. മൈനർ പോർട്ട്‌, വെസൽ എന്നിവ ബില്ലിൽ നിർവചിക്കില്ല. എല്ലാ തുറമുഖങ്ങളും  ഷെഡ്യൂൾഡ്‌ പോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഷെഡ്യൂൾഡ്‌ പോർട്ടുകളുടെ പൂർണ നിയന്ത്രണം കേന്ദ്രസർക്കാരിനാണ്‌. 

വെസലുകളുടെ നിർവചനം  ഭേദഗതി ചെയ്യുന്നതാണ്‌ മറ്റൊരു  വ്യവസ്ഥ.  ചെറുകിട യാനങ്ങളുടെ സഞ്ചാരസ്വാ‌തന്ത്ര്യത്തിന്‌ കടുത്ത നിയന്ത്രണമുണ്ടാകും. തുറമുഖങ്ങളിൽ നടപ്പാക്കുന്ന ഏതുതരം പദ്ധതികൾക്കും  നിയമനങ്ങൾക്കും ഉൾപ്പെടെ  അന്തിമ തീരുമാനം എടുക്കാൻ  കേന്ദ്ര സർക്കാരിന്‌ അധികാരം നൽകും. സംസ്ഥാന സർക്കാരിന്റെയും മാരിടൈം ബോർഡിന്റെയും പ്രവർത്തനം അവലോകനം ചെയ്യാനുള്ള അധികാരം  കേന്ദ്രസർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥർക്കായിരിക്കും.

ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾ അപ്പാടേ മാറ്റിമറിക്കുന്നതാണ്‌ ബിൽ. 1908ലെ  നിയമത്തിൽ ചില ഭേദഗതികൾ നിർദേശിച്ച്‌ 2017ൽ ബിൽ കൊണ്ടുവന്നെങ്കിലും ശക്തമായ പ്രതിഷേധത്തെതുടർന്ന്‌ നടപ്പായില്ല.  ബില്ലിൽ ഭേദഗതി ആവശ്യപ്പെട്ട്‌ കേരള മാരിടൈം ബോർഡ്‌ ചെയർമാനും ഇന്റർനാഷണൽ മാരിടൈം സീനിയർ അഭിഭാഷകനുമായ വി ജെ മാത്യു കേന്ദ്രഷിപ്പിങ്‌ മന്ത്രാലയത്തിന്‌ കത്ത്‌ നൽകി‌.