തിരുപ്പതി ക്ഷേത്രത്തിലെ ആകെ കൊവിഡ് ബാധ 743 ആയി. കൊവിഡ് ഇടവേളക്ക് ശേഷം ജൂൺ 11ന് തുറന്ന ക്ഷേത്രത്തിലെ കൊവിഡ് ബാധിതരിൽ 3 പേർ മരണപ്പെട്ടു. പുരോഹിതരടക്കമുള്ള ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്ര അധികാരികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലും ക്ഷേത്രം അടക്കില്ലെന്ന് ക്ഷേത്ര അധികാരികൾ വ്യക്തമാക്കി.

“ഇത് ക്ഷേത്രത്തിലെ മാത്രം കാര്യമല്ല. ആന്ധ്രയിലാകെ കൊവിഡ് കേസുകൾ ഉയരുകയാണ്. ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ അസുഖം മാറുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. അത് ഞങ്ങൾ മാനിക്കുന്നു.”- ക്ഷേത്ര വക്താവ് വൈവി ശുഭറെഡ്ഡി പറഞ്ഞതായി ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

743 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 402 പേർ രോഗമുക്തരായി. നിലവിൽ 338 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗബാധിതരിൽ മൂന്ന് പേർ മരണപ്പെട്ടു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ്, വിജിലൻസ് വകുപ്പ്, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ തൊഴിലാളികൾക്കാണ് രോഗബാധ ഏറ്റത്. 11ന് തുറന്നതിനു ശേഷം ആകെ 2.38 ലക്ഷം പേരാണ് ക്ഷേത്രം സന്ദർശിച്ചത്.

ലോക്ക്ഡൗണിൽ രണ്ടര മാസത്തോളം അടച്ചിട്ട ക്ഷേത്രം ജൂൺ 11നാണ് വീണ്ടും തുറന്നത്. 6000 പേരെ മാത്രമെ ഒരു ദിവസം ദർശനത്തിന് അനുവദിക്കൂ എന്നായിരുന്നു തീരുമാനം. 10 വയസിൽ താഴെയുള്ളവരെയും 65 വയസിന് മുകളിൽ ഉള്ളവരെയും ദർശനത്തിന് അനുവദിക്കില്ല. മണിക്കൂറിൽ 300 മുതൽ 500 വരെ ഭക്തർക്കാവും ദർശന സൗകര്യം. ഇതിനായി ക്യൂ കോംപ്ലക്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനക്രമീകരിച്ചിരുന്നു.