ഗുജറാത്തിൽ ഗോഡ്സെ മാതൃക പുരുഷനോ ?
ഗുജറാത്തിൽ ഗോഡ്സെ മാതൃക പുരുഷനോ ?
യുവജനക്ഷേമ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ഗോഡ്സെയെ മാതൃകയാക്കി അവതരിപ്പിക്കുന്നത് ചരിത്രത്തെ എത്ര പെട്ടെന്ന് വളച്ചൊടിക്കാൻ സാധിക്കുമെന്നതിന്റെ ലക്ഷണമാണ്.
'നാഥുറാം ഗോഡ്സെ: എന്റെ റോൾ മോഡൽ'. ഗുജറാത്തിലെ വൽസാഡ് ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രസംഗമത്സരത്തിലെ മൂന്ന് വിഷയത്തിൽ ഒന്നാണിത്. പ്രസംഗമത്സരം സംഘടിപ്പിച്ചത് ഗുജറാത്ത് സർക്കാരിന്റെ കീഴിലെ യുവജന- സാംസ്കാരിക വകുപ്പ്. മാത്രമല്ല, ഈ വിഷയം തെരഞ്ഞെടുത്ത് പ്രസംഗിച്ച കുട്ടിക്ക് ഒന്നാം സമ്മാനം ലഭിച്ചു. പ്രസംഗം കേട്ട് സദസ്സ് കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രാദേശിക പത്രങ്ങൾ സംഭവം വിവാദമാക്കിയപ്പോൾ യൂത്ത് ഓഫീസറെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഒന്നാം സമ്മാനം ലഭിച്ച വിദ്യാർഥിയിൽനിന്ന് ട്രോഫി തിരികെ വാങ്ങിയത്രേ. പക്ഷേ, കഴിഞ്ഞ എട്ടിനുതന്നെ പങ്കെടുക്കുന്ന 25 സ്കൂളിനും മത്സരവിവരങ്ങൾ നൽകിയിരുന്നു. മാത്രമല്ല, മത്സരത്തിന് മാർക്കിട്ടവരും യുവജന സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥർ ആയിരുന്നു. അവർ ഈ വിഷയം തെരഞ്ഞെടുത്ത കുട്ടിക്ക് ഒന്നാം സ്ഥാനംതന്നെ കൊടുക്കാൻ മടി കാണിച്ചില്ല എന്നോർക്കണം.
ഗാന്ധിജിക്ക് ജന്മം നൽകിയ നാടാണ് ഗുജറാത്ത്. 'ഈശ്വര് അള്ളാ തേരെ നാം' എന്ന് ഗാന്ധിജി പാടിപഠിപ്പിച്ച നാട്. ഗാന്ധിജി പിറന്ന നാട്ടിൽ, ഗാന്ധിജിയുടെ പേരിൽ പ്രശസ്തമായ നാട്ടിൽ, ആ ഗാന്ധിജിയെ നിർദയം വെടിവച്ചു കൊന്ന ഒരു വർഗീയവാദിയെ മാതൃകാപുരുഷൻ എന്ന നിലയിൽ പ്രസംഗമത്സരവിഷയമായി കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ ഗോഡ്സെയെ വീരപുരുഷനാക്കി പ്രസംഗിച്ച കുട്ടിക്ക് ഒന്നാം സ്ഥാനം നൽകി. എന്നിട്ടും എതിർക്കാൻ ഒറ്റയാൾപോലും ഒരിടത്തും ഉണ്ടായില്ലെന്ന വസ്തുതയാണ് ഞെട്ടിക്കുന്നത്.
ഗാന്ധിനിന്ദ സ്വാഭാവികമാക്കപ്പെടുന്ന ഒരു സാമൂഹ്യ- രാഷ്ട്രീയ സാംസ്കാരിക പരിസരം ഇന്ത്യയിൽ പതുക്കെ സൃഷ്ടിക്കപ്പെടുന്നത് നമ്മുടെ നിശ്ശബ്ദതയ്ക്ക് മുകളിലൂടെയാണ് എന്നുകൂടി കുറ്റബോധത്തോടെ ഓർമിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ചരിത്രത്തെ ഭയക്കുന്നവരാണ് ഫാസിസ്റ്റുകൾ. ചരിത്ര ബോധം ഇല്ലാതാക്കിയാൽ മാത്രമേ അവർക്ക് കയറി കളിക്കാൻ സാധിക്കുകയുള്ളൂ. അതിനാവശ്യമായ നിലം ഒരുക്കലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടി. കർണാടകത്തിൽ മുസ്ലീം വിദ്യാർത്ഥികളുടെ വേഷദാരണത്തിൽ കാണിക്കുന്ന അപകടവും ഇതിന്റെയൊക്കെ സൂചനയാണ്.