Colors: Orange Color

2022ലും കോവിഡിനെ പിടിച്ചുകെട്ടാനാകില്ല ; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

നൂറുകോടി പ്രഭയിൽ രാജ്യം, സംസ്ഥാനം 100 ശതമാനത്തിലേക്ക്

പി കെ ബൈജു
തിരുവനന്തപുരം
രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ് 100 കോടി കടന്നു. ജനുവരി 16ന് ആരംഭിച്ച കുത്തിവയ്പ് 279 ദിവസമെടുത്താണ് 100 കോടിയിലെത്തിയത്. ഒരു ഡോസ് എടുത്തവർ 71.03 കോടി (ജനസംഖ്യയുടെ 51 ശതമാനം), രണ്ടു ഡോസും എടുത്തവർ 29.4 കോടി (21 ശതമാനം).
പ്രായപൂർത്തിയായവരിൽ 75 ശതമാനം ആദ്യ ഡോസും 31 ശതമാനം രണ്ടു ഡോസുമെടുത്തു. യുപി, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ പിന്നിൽ. ഇന്ത്യ ചരിത്രം കുറിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ചെങ്കോട്ടയിൽ ഏറ്റവും വലിയ ദേശീയപതാക ഉയർത്തിയതടക്കം ആഘോഷ പരിപാടികളും കേന്ദ്രസർക്കാർ സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും ഇന്ത്യയെ അഭിനന്ദിച്ചു.
കോവിഡ് വാക്‌സിൻ വിതരണത്തിൽ റെക്കോഡ് നേട്ടത്തിലേക്ക് കേരളം കുതിക്കുകയാണ്. ആദ്യ ഡോസ് എടുത്തവർ 95 ശതമാനമായി. രണ്ട് ഡോസും എടുത്തവർ 50 ശതമാനത്തോട് അടുക്കുന്നു. രോഗവ്യാപനം, പ്രതികൂല കാലാവസ്ഥ തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ്‌സംസ്ഥാനം നേട്ടം കൈവരിക്കുന്നത്. ഒരു തുള്ളിപോലും ചോർന്നുപോകാതെ വാക്‌സിന്റെ പരമാവധി ഉപയോഗത്തിന് രാജ്യത്തിന്റെ അനുമോദനവും കേരളത്തിന് ലഭിച്ചു.
കേന്ദ്ര ജനസംഖ്യാ കണക്കുപ്രകാരം 18 വയസ്സ് കഴിഞ്ഞ 2.67 കോടി പേർ സംസ്ഥാനത്തുണ്ട്. ഇവരിൽ 94.15 ശതമാനം പേർക്ക് (2,51,47,655) ആദ്യ ഡോസും 46.92 ശതമാനത്തിന് (1,25,32,397) രണ്ടാം ഡോസും നൽകി. ഈ വർഷം അവസാനത്തോടെ എല്ലാവർക്കും ആദ്യ ഡോസും 2022 ജനുവരിയോടെ രണ്ടാം ഡോസും ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
പട്ടികവർഗ മേഖലയിൽ വാക്‌സിനേഷൻ സമ്പൂർണമാണ്. വയോജനങ്ങൾക്ക് വാക്സിൻ നൽകുന്നതിലും മുമ്പിലാണ്. കുട്ടികൾക്ക്‌വാക്‌സിൻ വിതരണം ഈ വർഷം തുടങ്ങുമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. കോവിഡ് പ്രതിരോധത്തിന് ഇത് കൂടുതൽ കരുത്തുപകരും.
വാക്‌സിൻ വിതരണത്തിൽ സംസ്ഥാനത്ത് മുന്നിൽ പത്തനംതിട്ട ജില്ലയാണ്. ലക്ഷ്യമിട്ട എല്ലാവർക്കും ആദ്യ ഡോസ് നൽകി നൂറ്ശതമാനത്തിലെത്തി. 60 ശതമാനത്തിന് രണ്ടാം ഡോസും നൽകി. ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലയിലും വിതരണം 90 ശതമാനം പിന്നിട്ടു. അഞ്ച്ജില്ല ഉടൻ നൂറിലെത്തും.
അതിനിടെ ദരിദ്രരാജ്യങ്ങൾക്ക് എത്രയും വേഗം വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കിൽ വരും വർഷത്തിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമെന്ന് ലോകാരോ?ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക ഭൂഖണ്ഡങ്ങളിലും 40 ശതമാനത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചെങ്കിലും ആഫ്രിക്കയിൽ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് കുത്തിവയ്പ് എടുത്തത്. ആഗോള ജനസംഖ്യയുടെ 70 ശതമാനത്തിന് ആവശ്യമായ വാക്‌സിൻ 2021ൽ നിർമിക്കപ്പെട്ടു. എന്നാൽ, നല്ലൊരുപങ്കും സമ്പന്ന രാജ്യങ്ങൾ സ്വന്തമാക്കി. ആഫ്രിക്കയ്ക്ക് ലഭിച്ചത് ആഗോളതലത്തിൽ വിതരണം ചെയ്ത വാക്‌സിന്റെ 2.6 ശതമാനം ഡോസ് മാത്രമെന്നും ഡബ്ല്യുഎച്ച്ഒ വിദഗ്ധൻ ഡോ. ബ്രൂസ് അയ്ൽവാർഡ് ബിബിസിയോട് പറഞ്ഞു.

 

പ്രതീക്ഷയോടെ ഉദ്യോഗാർഥികൾ

പ്രതീക്ഷിത ഒഴിവുകൾ 30നകം റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ തീരുമാനത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ലക്ഷകണക്കിന് ഉദ്യോഗാർത്ഥികൾ.
വിവിധ റേങ്ക് ലിസ്റ്റിലുള്ളവർക്കാണ് നേരിയ പ്രതീക്ഷ ഉണ്ടായിരിക്കുന്നത്.
2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ വിവിധ തസ്തികകളിലുണ്ടാകുന്ന ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യേണ്ടത്. വീഴ്ച വരുത്തിയാൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ ചില വകുപ്പുകൾ വീഴ്ചവരുത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. സംസ്ഥാനതല റിക്രൂട്ട്മെന്റ് ഒഴിവുകൾ അതത് വകുപ്പ് അധ്യക്ഷർ റിപ്പോർട്ട് ചെയ്യണം. ജില്ലാതല റിക്രൂട്ട്‌മെന്റ് തസ്തികയിൽ ജില്ലാ ഓഫീസർമാർ അറിയിക്കണം. ഒഴിവുകൾ കണക്കാക്കുമ്പോൾ തസ്തിക മാറ്റനിയമനം, അന്തർ ജില്ലാ, അന്തർ വകുപ്പ് സ്ഥലം മാറ്റം, ആശ്രിത നിയമനം, മറ്റ് നിയമനങ്ങൾ എന്നിവയ്ക്കുള്ള ഒഴിവുകൾ നീക്കിവയ്ക്കണം. ഒഴിവ് ഇല്ലെങ്കിൽ അക്കാര്യവും പിഎസ്സിയെ അറിയിക്കണം. റാങ്ക് പട്ടിക നിലവിലുള്ള ഒരു തസ്തികയിലും എംപ്ലോയ്മെന്റ്എക്‌സ്‌ചേഞ്ച്, ദിവസക്കൂലി, കരാർ നിയമനം പാടില്ല. റിപ്പോർട്ട് ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം, സ്ഥലം മാറ്റം എന്നിവയിലൂടെ നികത്തരുത് എന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്നവരെ പിന്നീട് പല താൽപര്യങ്ങളുടെയും പേരിൽ തുടർച്ചയായി നീട്ടി നൽകുകയാണ്. ഇത്തരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ വിഷമത്തിലാക്കുകയാണ്. സർക്കാരിന്റെ പുതിയ തീരുമാനം ഇതിനും പരിഹാരമാകും.
ആറ് മാസമോ അതിലധികമോ ഉള്ള അവധി ഒഴിവുകളും ഡെപ്യൂട്ടേഷൻ ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളായി റിപ്പോർട്ട് ചെയ്യണം , മൂന്ന് മുതൽ ആറ് മാസംവരെയുള്ള അവധി ഒഴിവ് ദീർഘകാലമാകാനും ആ സമയത്ത് പുതിയ ഒഴിവുകൾ ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്യണം, ആറ് മാസംവരെയുള്ള പ്രസവാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല. പ്രസവാവധി ആറ് മാസത്തിലധികം നിലനിൽക്കാനും പുതിയ ഒഴിവുകൾ അക്കാലയളവിൽ ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം.
ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന (എൻജെഡി ) ഒഴിവുകളെല്ലാം നിർദിഷ്ട സമയം കഴിഞ്ഞയുടൻ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യും മുമ്പ് പ്രവേശന സമയം ദീർഘിപ്പിക്കാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഉറപ്പ്‌വരുത്തണം തുടങ്ങിയ കാര്യങ്ങളിലും സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

മരച്ചീനിയിലെ മികച്ച ഇനങ്ങൾ

നിരവധി നാടൻ ഇനങ്ങളും സങ്കരയിനങ്ങളും ഉള്ള ഒരു വിളയാണ് മരച്ചീനി . തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീ വിശാഖം തിരുന്നാൾ മഹാരാജാവാണ് തിരുവിതാംകൂറിൽ മരച്ചീനി കൃഷിക്ക് വേണ്ട പ്രോത്സാഹനം നൽകിയത്. അദ്ദഹത്തിന്റെ സ്മരണക്കായി ശ്രീവിശാഖം എന്ന പേരിൽ പുതിയ ഒരു മരച്ചീനി നമുക്കുണ്ട്.
രുചി, തണ്ടിന്റെ നിറം, വളരുന്ന പ്രദേശം ഇവയൊക്കെ അടിസ്ഥാനമാക്കി കർഷകർ പലയിനങ്ങൾക്കും പല പേരുകൾ നൽകിയിട്ടുണ്ട്.
എല്ലാ വിളകളിലും അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനങ്ങൾക്ക് മുൻഗണന നൽകി വരുന്ന കാലമാണിത്. മരച്ചീനിയിലും അത്യുൽപ്പാദന ശേഷിയുള്ള മേൽത്തരം സങ്കര ഇനങ്ങൾ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. മരച്ചീനിയിലെ നാടൻ ഇനങ്ങൾ ഹെക്ടർ ഒന്നിന് 12 മുതൽ 16 വരെ ടൺ വിളവ് നൽകുമ്പോൾ മേൽത്തരം ഇനങ്ങൾ 30 മുതൽ 72 ടൺ വരെ വിളവ് നൽകുന്നു.

കെ 97
നാടൻ ഇനമായ മഞ്ഞ വെളളയും വളരെ ഉയർന്ന അന്നജാംശമുളള ഒരു ബ്രസീലിയൻ ഇനവും തമ്മിലുള്ള സങ്കരണത്തിലൂടെ ശ്രീ കാര്യം കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം 1971 ൽ പുറത്തിറക്കിയതാണിത്. 10 മാസത്തെ മൂപ്പുണ്ട്. ഹെകറിന് 40 ടൺ വരെ വിളവ് ലഭിക്കും. സ്റ്റാർച്ച് 27-31 ശതമാനം. സയനോജൻ 180-200 പി.പി.എം. ഭക്ഷണത്തിന് യോജിച്ചത്. കിഴങ്ങിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തിന് വെളളനിറമാണ്. നേരെ വളർന്നു പന്തലിക്കും.10 മാസത്തെ മൂപ്പുണ്ട്.വരൾച്ചയെ ഒരു പരിധി വരെ പ്രതിരോധിക്കും. മൊസേക്ക് എന്ന വൈറസ് രോഗത്തിനെതിരെ ഒരു പരിവരെ പ്രതിരോധ ശേഷിയുണ്ട്.

കെ 165
ചടയമംഗലം വെള്ള, കലികാലൻ എന്നീ നാടൻ ഇനങ്ങളുടെ സങ്കരത്തിൽ നിന്നും രൂപം കൊണ്ടതാണിത്. ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം 1971 ൽ പുറത്തിറക്കി.
ഹെക്ടറിന് 45 ടൺ വരെ വിളയും. സ്റ്റാർച്ച് 23 - 25 ശതമാനം . സയനോജൻ 150 - 165 പി.പി.എം. ഭക്ഷണത്തിന് യോജിച്ചതാണ്. ഇടത്തരം ഉയരത്തിൽ വളരും. കിഴങ്ങിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തിന് വെള്ളനിറം. കിഴങ്ങ് തണ്ടുമായി കഴുത്ത് ഭാഗമില്ലാതെ നേരിട്ട് ഘടിപ്പിച്ചിരിക്കുന്നു. മൊസേക്ക് രോഗത്തിന്നെതിരെ ഭേദപ്പെട്ട പ്രതിരോധ ശേഷിയുണ്ട്. നട്ട് 8-9 മാസം കൊണ്ട് വിളവെടുക്കാം.

കെ 226
ഏത്തക്കാ കറുപ്പന്റേയും എം .4 എന്നയിനത്തിന്റേയും സങ്കരമാണ്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം 1971 ൽ ആണ് ഇത് പുറത്തിറക്കിയത്. നട്ട് 10 മാസം കൊണ്ട് വിളവെടുക്കാം. ഹോക്ടറിന് 40 ടൺ വരെ വിളവ് ലഭിക്കും. സ്റ്റാർച്ച് 28-30
ശതമാനം. സയനോജൻ 180-200 പി.പി.എം. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് വെള്ളനിറം. സ്റ്റാർച്ച് ഫാക്ടറിക്ക് അനുയോജ്യമാണിത്. മൊസേക്ക് രോഗത്തിന്നെതിരെ പ്രതിരോധ ശേഷിയുണ്ട്. ഇടത്തരം ഉയരത്തിൽ നേരെ വളർന്നു പന്തലിക്കും.

ശ്രീവിശാഖം
ചീനിക്കപ്പ എന്ന നാടൻ ഇനത്തിന്റേയും മഡഗാസ്‌ക്കറിൽ നിന്നുള്ള ഒരു വിദേശ ഇനത്തിന്റേയും സങ്കരസന്തതിയാണ്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം 1977 ൽ പുറത്തിറക്കി. നട്ട് 10 മാസം കൊണ്ട് വിളവെടുപ്പിനാകും. ഹെക്ടറിന് 40 ടൺ വിളയും. സ്റ്റാർച്ച് 25-27 ശതമാനം. സയനോജൻ 35 - 40 പി.പി.എം. ഭക്ഷണത്തിന് യോജിച്ചത്. നേരെ ഉയർന്നു പന്തലിച്ച് വളരും. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് ഇളം മഞ്ഞ നിറം. കിഴങ്ങുകൾക്ക് കഴുത്ത് ഭാഗമില്ല. മൊസേക്ക് രോഗത്തിന് എളുപ്പം വിധേയമാകുന്നു.

ശ്രീസഹ്യ
പലയിനങ്ങൾ ചേർന്നുള്ള സങ്കരയിനമാണിത്. 1977 ൽ ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. 10-11 മാസത്തെ മൂപ്പുണ്ട്. ഹെക്ടറിന് 45 ടൺ വരെ വിളയും. സ്റ്റാർച്ച് 29 -31 ശതമാനം . സയനോജൻ 75-85 പി.പി.എം. ഭക്ഷണത്തിന് അനുയോജ്യം. നേരെ ഉയർന്നു പന്തലിക്കുന്ന സ്വഭാവം. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് വെള്ളനിറം. കിഴങ്ങുകൾക്ക് നീണ്ട കഴുത്ത്. മൊസേക്ക് രോഗത്തിന് വിധേയമാകും. വരൾച്ചയെ അതിജീവിക്കും.

ശ്രീപ്രകാശ്
നാടൻ ഇനത്തിൽ നിന്ന് നിർദ്ധാരണം ചെയ്‌തെടുത്തത്. ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം 1987 ൽ പുറത്തിറക്കിയത്. നട്ട് 7 മാസം കൊണ്ട് വിളവെടുക്കാം. ഹെക്ടറിന് 45 ടൺ വിളയും. സ്റ്റാർച്ച് 29 -31 ശതമാനം. സയനോജൻ 35-50 പി.പി.എം. നേരെ ശിഖരങ്ങൾ ഇല്ലാതെ വളരുന്നു. ഭക്ഷണത്തിന് യോജിച്ചത്. വ ഭക്ഷ്യയോഗ്യമായ ഭാഗത്തിന് വെള്ളനിറം. മൊസേക്ക് രോഗത്തിന് അടിമപ്പെടും. ഒരു വിള നെൽകൃഷിക്ക് ശേഷം പാടത്ത് കൃഷി ചെയ്യാം.

ശ്രീഹർഷ
് 1996 ൽ ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. 10 മാസത്തെ മൂപ്പുണ്ട്. സ്റ്റാർച്ച് ഫാക്ടറിക്ക് യോജിച്ചത്. ഹെക്ടറിന് 60 ടൺ വരെ വിളവ്. സ്റ്റാർച്ച് 38 - 41 ശതമാനം. സയനോ ജൻ 40-55 പി.പി.എം. ഭക്ഷണത്തിനും യോജിച്ചത്. നേരെ ഉയർന്നു പന്തലിക്കുന്ന സ്വഭാവം. തണ്ടിന് കനക്കൂടുതലുണ്ട്. ഭക്ഷയോഗ്യമായ ഭാഗത്തിന് വെള്ളനിറമാണ്. മൊസേക്ക് രോഗത്തിന് എളുപ്പം വിധേയമാകുന്നു. വരൾച്ചയെ അതിജീവിക്കും.

ശ്രീജയ
കോട്ടയം ജില്ലയിലെ നാടൻ ഇനത്തിൽ നിന്നും നിർദ്ധാരണം ചെയ്‌തെടുത്തത്. ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം 1998 ൽ പുറത്തിറക്കി. നട്ട് 6-7 മാസം കൊണ്ട് വിളവെടുപ്പിനാകും. ഹെക്ടറിന് 58 ടൺ വരെ വിളവ് ലഭിക്കും. സ്റ്റാർച്ച് 24-27 ശതമാനം. സയനോ ജൻ 40-50 പി.പി. എം. ഭക്ഷണത്തിന് യോജിച്ചത്. നേരെ വളർന്നു ശിഖരങ്ങൾ
ഉണ്ടാകുന്നു. ഭക്ഷ്യ യോഗ്യമായ ഭാഗത്തിന് വെള്ളനിറം. കിഴങ്ങുകൾക്ക് കഴുത്തില്ല. മൊസേക്ക് രോഗത്തിന് അടിമപ്പെടും. ഒന്നാം വിള നെൽ കൃഷിക്ക് ശേഷം പാടത്ത് കൃഷി ചെയ്യാം.

ശ്രീ വിജയ
തിരുവനന്തപുരം ജില്ലയിൽ നിന്നും ശരേഖരിച്ച നാടൻ ഇനത്തിൽ നിന്ന് നിർദ്ധാരണം വഴി 1998 ൽ ശ്രീ കാര്യം കേന്ദ കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. നട്ട് 6-7 മാസം കൊണ്ട് വിളവെടുക്കാം. ഹെക്ടറിന് 51 ടൺ വരെ വിളവ് ലഭിക്കും. സ്റ്റാർച്ച് 27-30 ശതമാനം. സയനോജൻ 40 - 60 പി.പി.എം. ഭക്ഷണത്തിന് യോജിച്ചത്. നേരെ വളർന്നു പന്തലിക്കും. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് ഇളം മഞ്ഞനിറം. കിഴങ്ങുകൾക്ക് കഴുത്തില്ല. മൊസേക്ക് രോഗത്തിനെതിരെ കാര്യമായ പ്രതിരോധ ശക്തിയില്ല. ഒന്നാം വിള നെൽകൃഷിക്ക് ശേഷം പാടത്ത് നടാൻ പറ്റിയത്.

ശ്രീരേഖ
2000 ത്തിൽ ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. 8 - 10 മാസത്തെ മൂപ്പുണ്ട്. ഹെക്ടറിന് 71 ടൺ വിളവ് തരാനുള്ള കഴിവുണ്ട്. സ്റ്റാർച്ച് 28-30 ശതമാനം. സയനോജൻ 49 - 60 പി.പി.എം. ഭക്ഷ്യയോഗ്യമായ ഇനം. നേരെ വളർന്നു പന്തലിക്കും. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് ക്രീം നിറം. മൊസേക്ക് രോഗത്തിന് അടിമപ്പെടും.


*ശ്രീ പ്രഭ*
2000 ത്തിൽ ശ്രീകാര്യം കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. നട്ട് 8 - 10 മാസം കൊണ്ട് വിളവെടുക്കാം. ഹെക്ടറിന് 72 ടൺ വരെ വിളവ് ലഭിക്കും. സ്റ്റാർച്ച് 26-29 ശതമാനം. സയനോജൻ 50 - 85 പി.പി.എം. ഇടത്തരം ഉയരം. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് ഇളം മഞ്ഞ നിറം. മൊസേക്ക് രോഗത്തിന് അടിമപ്പെടുന്നു.

*നിധി*
കൂമ്പ് വെള്ള എന്ന നാടൻ ഇനത്തിൽ നിന്നും സമൂഹ നിർദ്ധാരണം വഴി വികസിപ്പിച്ചത്. 1993 ൽ കായംകുളം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കി. നട്ട് 6 മാസം കൊണ്ട് വിളവെടുക്കാം. ഓണാട്ട്കര മണൽ കൂടിയ പ്രദേശങ്ങൾക്ക് അനുയോജ്യം. ഉയരം 2.1 മീറ്റർ. ശിഖരങ്ങളില്ല. . സ്റ്റാർച്ച് 26.8 ശതമാനം. ഭക്ഷ്യാവശ്യത്തിന് മികച്ചത്. മൊസേക്ക് രോഗത്തേയും വരൾച്ചയേയും പ്രതിരോധിക്കും.

*കൽപ്പക*
രാമന്തല എന്ന നാടൻ ഇനത്തിൽ നിന്നുള്ള സമൂഹ നിർദ്ധാരണം വഴി 1996 ൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. ഹെക്ടറിന് 60 ടൺ വിളവ് ലഭിക്കും.നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിനാകും. സ്റ്റാർച്ച് 31.4 ശതമാനം.മൊസേക്ക് രോഗത്തെ ചെറുക്കും. ശിഖരങ്ങൾ ഉണ്ടാകാറില്ല.

*വെള്ളായണി ഹ്രസ്വ*
നെടുമങ്ങാട് ലോക്കൽ എന്ന ഇനത്തിൽ നിന്ന് സമൂഹ നിർദ്ധാരണം വഴി ഉരുത്തിരിച്ചെടുത്തത്. 2002 ൽ വെളളായണി കാർഷിക കോളേജ് പുറത്തിറക്കിയത്. നട്ട് 6 മാസം കൊണ്ട് വിളവെടുക്കാം. ഹെക്ടറിൽ 55 ടൺ വരെ വിളവ് ലഭിക്കും. ഉയരം കുറഞ്ഞ് ശിഖരങ്ങൾ ഉണ്ടാകും. കിഴങ്ങിന്റെ ഉൾഭാഗത്തിന് ക്രീം നിറത്തിലുളള വെളളനിറമായിരിക്കും. ഭക്ഷണത്തിന് വളരെ അനുയോജ്യം. മൊസേക്ക്
രോഗത്തിന്നെതിരെ പ്രതിരോധ ശേഷി കുറവാണ്.
----------------------------------------------

 


കേരളം വികസിക്കണം സ്വതന്ത്രമായ കാലാവസ്ഥാ പ്രവചനത്തിലേക്ക്
കഴിഞ്ഞ ദിവസം ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം പരാചയപ്പെട്ടെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ ആശ്രയിച്ച് ഫലപ്രദമായി മുന്നോട്ടുപോകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കൂട്ടിക്കലും കൊക്കയാറും ഉണ്ടായ ദുരന്തം തെളിയിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് കൂടുതൽ ശക്തമാകേണ്ടതുണ്ട്. സംസ്ഥാനം സ്വതന്ത്രമായി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കണം. ഓപ്പറേഷൻ പ്രവാഹ് എന്ന പദ്ധതി നടപ്പാക്കി നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രളയഭീതിയൊഴിഞ്ഞത് മാതൃകയായി മുന്നിലുണ്ട്.
2018ലെ മഹാപ്രളയത്തിൽ വെള്ളംകയറി നാശനഷ്ടമുണ്ടായ വിമാനത്താവളത്തിൽ 'ഓപ്പറേഷൻ പ്രവാഹ്' നടപ്പാക്കി വെള്ളക്കെട്ടിൽനിന്ന് പ്രതിരോധം തീർത്തതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം കണ്ടതെന്ന് സിയാൽ അധികൃതർ പറഞ്ഞു. 120 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു.
ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നതിനെത്തുടർന്ന് നെടുമ്പാശേരിയും ഭിതിയിലായിരുന്നു. അണക്കെട്ട് തുറന്നാൽ സമീപ പ്രദേശത്തെ അഞ്ച് ജില്ലകൾ മുങ്ങിപോകും എന്നുള്ള പ്രചാരണം ശക്തമായിരുന്നു. എന്നാൽ ജില്ലാ ഭരണനേതൃത്വം എടുത്ത ജാഗ്രതയും മുൻകരുതലും ഇത് ഇല്ലാതാക്കി. രണ്ട് പ്രളയത്തിൽ നിന്ന് കേരളം പഠിച്ച പാഠമാണിത്.
ദുരന്തമുണ്ടായ ശനിയാഴ്ചത്തെ പ്രവചനം കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ മഴ എന്നായിരുന്നു. മഴ തീവ്രമായ ശനി രാവിലെ 10നു മാത്രമാണ് ഓറഞ്ച് മുന്നറിയിപ്പും തുടർന്ന് ഉച്ചയ്ക്ക് ചുവപ്പ് മുന്നറിയിപ്പും നൽകിയത്. മുന്നൊരുക്കത്തിനുള്ള അവസരം ഇതുവഴി നഷ്ടമായി.
2018ലെ ആദ്യ പ്രളയത്തിനുശേഷം കൂടുതൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി നൂറു സ്റ്റേഷൻ നൽകാമെന്ന് ഉറപ്പുനൽകിയിട്ടും ഇതുവരെ സ്ഥാപിച്ചത് 15 എണ്ണംമാത്രം.
കോഴിക്കോടുകൂടി സ്ഥാപിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. 2010ൽ പ്രസിദ്ധീകരിച്ച പ്രളയ ഭൂപടമാണ് ഇപ്പോഴും നിലവിലുള്ളത്. പുതിയ ഭൂപട നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും കേന്ദ്ര ജല കമീഷന് സംസ്ഥാനത്ത് മതിയായ റിവർഗേജ് സ്റ്റേഷനില്ലാത്തത് ഈ പ്രവർത്തനത്തെ ബാധിച്ചു. ഓഖിയെത്തുടർന്ന് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിച്ചെങ്കിലും പ്രവർത്തനം മെച്ചപ്പെട്ടിട്ടില്ല.
സ്വകാര്യ കാലാവസ്ഥാ കേന്ദ്രങ്ങളുടെ സഹായംകൂടി പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തിക്കുന്നത്. ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (ഡിഎസ്എസ്) യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം.
മൂന്ന് ഘട്ടത്തിലെ പ്രളയത്തിൽ നിന്ന് കേരളം കുറെ പഠിച്ചു. പശ്ചിമഘട്ടം ഇനി സംരക്ഷണ വലയം മാത്രമാകണം. ഖനനം പൂർണമായും നിരോധിക്കണം. നിർമാണ മേഖലക്കാവശ്യമായ കരിങ്കല്ല്, മണൽ എന്നിവക്ക് ശാസ്ത്രീയമായ മറ്റ് മാർഗങ്ങൾ ആരായേണ്ടതുണ്ട്.

കാത്തലിക് സിറിയൻ ബാങ്കിൽ അടിമപ്പണി, ഇന്ന് മുതൽ മൂന്ന് ദിവസം ബേങ്ക് അടഞ്ഞ് കിടക്കും
മാനേജിംഗ് ഡയറക്ടറുടെ മാസശമ്പളം 20 ലക്ഷം, കരാർ ജീവനക്കാരന് 6000 രൂപ

പി കെ ബൈജു
കണ്ണൂർ
കേരളം ആസ്ഥാനമായി 100 വർഷം മുൻപ് ആരംഭിച്ച കാത്തലിക്ക് സിറിയൻ ബേങ്കിൽ അടമിപ്പണി. പുതിയ നിയമനം നടത്താതെ കരാർ ജീവനക്കാരെ നിശ്ചയിച്ച് ചെറിയ വേതനം നൽകുകയാണ് ബേങ്ക് ചെയ്യുന്നത്.
കേരളത്തിൽ നിന്നും നിക്ഷേപം സ്വീകരിച്ച്, മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീരിച്ച് കോർപ്പറേറ്റുകൾക്കാണ് വായ്പ വിതരണം ചെയ്യുന്നത്. കേരള ജനതക്ക് കൃഷി ഉൾപ്പടെയുള്ള ചെറുകിട-വ്യാവസായിക ആവശ്യങ്ങൾക്കുള്ള അടിസ്ഥാന വായ്പകൾ പോലും നൽകുന്നില്ല.
നഷ്ടകണക്ക് പറഞ്ഞ് പുതിയ നിയമനം നടത്താത്ത ബേങ്ക് മാനേജ്‌മെന്റ് ബാങ്കിന്റെ ഏറ്റവും മുകൾ തട്ടിലുള്ള 14 പേരുടെ വാർഷിക ശമ്പളം 15 കോടി രൂപയിലധികമാണ് നൽകുന്നത്. മാനേജിംഗ് ഡയറക്ടറുടെ മാസശമ്പളം 20 ലക്ഷം രൂപയാണ്. ് ഇന്ത്യൻ പ്രസിഡണ്ടിന് പോലും ഇത്ര ശമ്പളം നൽകുന്നില്ല. വർഷങ്ങളായി ബാങ്കിൽ ജോലിയെടുക്കുന്ന സ്ഥിരം ജീവനക്കാർക്ക് അർഹമായ ആനുകൂല്യം നൽകുന്നില്ല. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സബ് സ്റ്റാഫ് കാറ്റഗറിയിൽ ഉൾപ്പെട്ടവരുടെ ശമ്പളം വെറും 6000 രൂപയാണ്. ബാങ്കിലെ രണ്ടായിരത്തിനടുത്ത് വരുന്ന സ്ഥിരം ജീവനക്കാർക്ക് പുതുക്കിയ ശമ്പളം കൊടുക്കണമെങ്കിൽ 17 കോടി രൂപയിൽ താഴെ മാത്രമേ വേണ്ടി വരുന്നുള്ളൂ എന്നിരിക്കെ സ്ഥിരം ജീവനക്കാരെ ബാങ്കിൽനിന്നും ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ് മാനേജ്‌മെൻറ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസമുള്ളവരെ 15,000 രൂപ മുതൽ 25000 രൂപ വരെ ൻകി കരാർ നിയമനമാണ് നടത്തുന്നത്. ഇവർക്ക് ബാങ്കിൽ, ഓഫീസർമാരുടെ ജോലി ഏൽപിക്കുകയാണ് മാനേജ്‌മെൻറ് ചെയ്യുന്നത്.
ഇത്തരത്തിൽ ജോലിക്ക് കയറുന്ന ജീവനക്കാർക്ക് അവർ ഒപ്പിട്ടുനൽകുന്ന കരാർ അനുസരിച്ച് സമരരംഗത്ത് ഇറങ്ങാനോ തൊഴിൽ യൂണിയനുകളിൽ ചേരാനോ സാധിക്കില്ല. പ്രാചീന കാലത്തെ ഉടമ-അടിമ അവസ്ഥയുടെ ആധുനിക രൂപമാണ് ബാങ്ക് നടപ്പിലാക്കി വരുന്നത്. വിദേശ മൂലധനത്തിന്റെ കടന്നു വരവോടുകൂടി ഇടപാടുകാരെയും വേർതിരിച്ചു കാണുകയാണ് ബാങ്ക്. മുകൾത്തട്ടിലുള്ള നിക്ഷേപകർക്കും വൻകിട വായ്പാ ആവശ്യക്കാർക്കും വേണ്ടി പ്രവർത്തിക്കുന്ന ബാങ്ക്, സാധാരണക്കാരായ ഇടപാടുകാരെ ബാങ്കിൽ നിന്നും അകറ്റിനിർത്തുകയും വിവിധതരത്തിലുള്ള സർവീസ് ചാർജുകൾ ഈടാക്കി ഇവരെ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്.
ബേങ്ക് മാനേജ്‌മെന്റ് തെറ്റായ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ജീവനക്കാർ പണിമുടക്കിലാണ്.
ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ , ബാങ്ക് എംപ്‌ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി), ഓൾ ഇന്ത്യാ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷൻ, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്‌ളോയീസ് ഫെഡറേഷൻ ഉൾപ്പടെയുള്ള സംഘടനകൾ സംയുക്തമായി നയിക്കുന്ന സമരത്തിന് ബാങ്കിംഗ് രംഗത്തെ വിവിധ സംഘടനകളുടെ ഐക്യ രൂപമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്കറി വിളകൾ ആഹാരത്തിൽ ഉൾപ്പെടുത്തണം

മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികളെ മാത്രം ആശ്രയിക്കാതെ സ്വന്തം വീട്ടുവളപ്പിൽ നിന്നു തന്നെ ലഭിക്കുന്ന ഇലക്കറികൾ പരമാവധി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇന്ന് പലരും താല്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്.
ഇലക്കറി വിളകളിൽ ശരീര പോഷണത്തിനും രോഗപ്രതിരോധ ശേഷിക്കും ആവശ്യമായ ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. സമീകൃതാഹാരം ലഭ്യമാകണമെങ്കിൽ പ്രതിദിന ഭക്ഷണത്തിൽ 116 ഗ്രാം ഇലക്കറികൾ അടങ്ങിയിരിക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു. നാട്ടിൻപുറത്തുള്ള മിക്ക പറമ്പുകളിൽ നിന്നും ലഭ്യമാകുന്ന നാടൻ ഇലക്കറികളാണ് മുരിങ്ങയില, ചേമ്പില , ചേനയില , അഗത്തി, തഴുതാമ, തകര, മധുര ചീര, മത്തനില, പയറില, ചൊറിയണം, തകരയില തുടങ്ങിയവ.
കടും പച്ചനിറത്തിലുളള എല്ലാ ഇലക്കറിയിനങ്ങളിലും ഫോളിക് ആസിഡ് എന്ന ജീവകം നല്ല അളവിലുണ്ട്. രക്തത്തിന്റെ ഉൽപ്പാദനത്തിൽ ഫോളിക് ആസിഡിന് ഇരുമ്പ് എന്ന ലവണ ത്തോടൊപ്പം തുല്യ പങ്കാളിത്തമുണ്ട്. അതുപോലെ ശരീരത്തിനുളളിൽ വെച്ച് ജീവകം എ ആയി രൂപാന്തരപ്പെടുന്ന കരോട്ടിൻ എന്ന പോഷകവും ഇലക്കറിയിനങ്ങളിൽ നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഇനുലിൻ എന്ന അന്നാംശം ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഉപയോഗപ്പെടുന്നു. ഹൃദ്രോഗികൾ ഇലക്കറിയിനങ്ങൾ ധാരാളം കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത് ഇക്കാരണത്താലാണ്.
നമുക്ക് വീട്ടിൽ അനായസേന വളർത്തി കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാവുന്ന ഏതാനും ചില ഇലക്കറികളാണ് താഴെ കാണിച്ചവ

ചീര
പലതരം ചീരവർഗങ്ങളുണ്ട്. നിറത്തിലും വലിപ്പത്തിലും രുചിയിലുമെല്ലാം വ്യത്യസ്തത പുലർത്തുന്നവ. പച്ചച്ചീര, കുപ്പച്ചീര, ചെറു ചീര, ചാണച്ചീര, മുളളൻ ചീര, നെയ് ചീര, ചക്രവർത്തി ചീര എന്നിങ്ങനെ പലതും. വർഷത്തിൽ എല്ലാക്കാലത്തും വളർത്താവുന്നതാണ് ഇവയെല്ലാം. വിത്ത് വിതച്ചും തൈകൾ പറിച്ചു നട്ടും ഇവ കൃഷി ചെയ്യാം.

സാമ്പാർ ചീര
തണലുള്ള സ്ഥലങ്ങളിലും ഇവെയെ വളർത്താം. വിത്ത് നട്ടും തണ്ട് മുറിച്ച് നട്ടും ഇത് കൃഷി ചെയ്യാം. ഇതിന്റെ ഇലകളും ഇളം തണ്ടുകളുമാണ് കറികൾക്ക് ഉപയോഗിക്കുന്നത്.

മധുരച്ചീര (ചെക്കൂർ മാനിസ് )
ബോംബെ ചീര എന്ന പേരിലും ഇതറിയപ്പെടുന്നു. സാമാന്യം മൂപ്പുള്ള തണ്ടുകൾ ഒരടി നീളത്തിൽ മുറിച്ചെടുത്ത് കാലവർഷക്കാലത്ത് നടാം. നട്ട് മൂന്ന് മാസമാകുന്നതോടെ ആദ്യ വിളെടുപ്പ് നടത്താം. ഇളം ഇലകളാണ് പാചകത്തിനു പറ്റിയത്. വേലിയായും ഇത് വെച്ച് പിടിപ്പിക്കാം. തലഭാഗം ഇടക്കിടെ മുറിച്ച് മാറ്റുന്നത്
കൂടുതൽ ഇലകൾ ലഭിക്കാനും ഉയരത്തിലുള വളർച്ച ക്രമീകരിക്കാനും ഉപകരിക്കും.
ഉയർന്ന പോഷക ഗുണം കണക്കിലെടുത്ത് ഈ ചെടിയെ വൈറ്റമിൻ ആൻഡ് മൾട്ടി മിനറൽ പാക്ക്ഡ് ഇലക്കറിയെന്നും വിളിക്കാറുണ്ട്. മറ്റു ഇലക്കറികളിൽ നിന്നും വ്യത്യസ്ഥമായി ഇത് അധികമായി കഴിക്കുന്നത് നല്ലതല്ല. ഇതിലുള്ള ചില അൽക്ക ലോയ്ഡുകളും ഓക്‌സലേറ്റുകളും ആന്റി ന്യൂട്രീഷണൽ ഘടകങ്ങളും അത്ര നല്ലതല്ല. ഒരാൾ 40 മുതൽ 50 ഗ്രാം വരെ ഇല ഒരു ദിവസം കഴിച്ചാൽ മതിയാകും.

ബസില്ല (വസള ചീര)
പച്ചനിറവും പിങ്ക് നിറവുമുള്ള രണ്ടു തരം വളളിച്ചീരകൾ ഉണ്ട്. രണ്ടിനങ്ങളും നമ്മുടെ നാട്ടിൽ നന്നായി വളരും. തണ്ട് മുറിച്ച് നട്ടാണ് കൃഷി ചെയ്യുക. വിത്തുകൾ മുളപ്പിച്ചും തൈകളാക്കാം. പടർന്നു വളരുന്ന സ്വഭാവമുളളതു കൊണ്ട് ചെറിയ പന്തലിലോ വേലിയിേലോ പടർത്തി വിടാം. ഇലയും ഇലത്തണ്ടുകളുമുളള മൃദുലവും മൂപ്പെത്താത്തതുമായ കമ്പുകൾ ചെറുതായി അരിഞ്ഞ് ഇലക്കറിയാക്കാം.
തണ്ടുകൾ നട്ട് ഒന്നര മാസം മുതൽ ഭക്ഷ്യേ യോഗ്യമായ തണ്ടും ഇലകളും മുറിച്ചെടുക്കാനാവും. ചെടി ദീർഘകാലം നിലനിൽക്കും.

കാങ് കോങ്
മണ്ണിൽ പടർന്നു വളരുന്ന സ്വഭാവമുളള ഈ ഇലക്കറി വിത്തുകൾ വഴിയും മൃദു കാണ്ഡങ്ങൾ മുറിച്ച് നട്ടും വളർത്താം. നട്ട് ഒരു മാസത്തിനകം ആദ്യത്തെ വിളവെടുപ്പ് നടത്താം. ഇലകളോട് കൂടിയ ഇളം തണ്ടുകളാണ് ഭക്ഷ്യേയോഗ്യം.

ചീരച്ചേമ്പ്
സാധാരണ ചേമ്പ് പോലെ ചൊറിച്ചിലോ, കിഴങ്ങോ ഇല്ലാത്ത ഇലക്കറിയാണിത്. അടിയിൽ നിന്നും കിളിർത്തുവരുന്ന തൈകൾ വി പുലീകരണത്തിനായി മാറ്റി നടാം. അധികം മൂപ്പെത്താത്ത ഇലകൾ തണ്ടു സഹിതം മുറിച്ചെടുത്ത് പാചകത്തിനെടുക്കാം.

പൊന്നാങ്കണ്ണി ചീര
തണ്ടുകൾ മുറിച്ച് നട്ടാണ് കൃഷി. ഇവ പെട്ടെന്ന് തന്നെ പെരുകി വളരും. തണ്ടുകൾ മുറിച്ച് നട്ടാണ് വംശവർധനവ്. ഇലയും ഇളം തണ്ടുകളുമാണ് പാചകയോഗ്യം. നട്ട് രണ്ട് മൂന്ന് മാസങ്ങൾക്കകം ആദ്യ വിളെവെടുപ്പ് നടത്താം. ദീർഘകാലം നിലനിൽക്കും.

പാലക്
തീവ്രമായ ചൂടില്ലാത്തയിടങ്ങളിൽ വർഷത്തിൽ എല്ലാക്കാലത്തും ഇത് കൃഷി ചെയ്യാം. വിത്ത് ഉപയോഗിച്ചാണ് കൃഷിയാരംഭം. നട്ട് രണ്ട് മാസം കൊണ്ട് വിളവെടുപ്പിനാകും.

ഉലുവ

ഇതിന്റെ ഇലകൾ പച്ചക്കറിയായും വിത്തുകൾ മസാലയായും ഉപയോഗിക്കാം. വിത്താണ് നടീൽ വസ്തു . വിത കഴിഞ്ഞ് ഒരു മാസമാകുന്നതോടെ ഇലകൾ മുറിച്ചെടുക്കാം. മൂന്ന് നാല് തവണ ഇലകൾ മുറിച്ചെടുത്ത ശേഷം ചെടിയെ വിത്തുൽപ്പാദനത്തിനായി നിർത്താം.

കടുക്
ഇത് എല്ലാക്കാലത്തും കൃഷി ചെയ്യാമെങ്കിലും ശൈത്യകാലമാണ് പ്രിയം. വിത്ത് വിതച്ച് ആറ് ദിവസം കൊണ്ട് പൂർണ്ണമായും മുളച്ച് വരും. ഒരു മാസമാകുമ്പോൾ ഇലകൾ പാചകാവശ്യത്തിന്.. മുറിച്ച് തുടങ്ങാം. ഇലകൾ പൂർണ്ണമായും വിളവെടുക്കാതിരുന്നാൽ ചെടികളിൽ വിത്തുകളുണ്ടാവും. തുടർന്ന് അവയും വിളവെടുക്കാം.

കൊടിത്തൂവ
ഇതിന് കൊടുത്ത എന്നും ചൊറിയണം എന്നും പേരുണ്ട്. ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടും. ഇത് ചെറിയ ചൂട് വെളത്തിലിട്ടാൽ ചൊറിച്ചിൽ മാറിക്കിട്ടും.
ഇലകൾ അയൺ സംപുഷ്ടമായതിനാൽ രക്തക്കുറവുള്ളവർക്ക് നല്ലതാണ്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കും. കാത്സ്യം സമ്പുഷ്ടമായതിനാൽ പ്രായമായവർക്ക് അസ്ഥിതേയ്മാന പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായകമാകും.
വിത്തുപയോഗിച്ച് ചെടികളുടെ വംശവർധനവ് വരുത്താം.

 

Most Read

  • Week

  • Month

  • All