ബിജെപി നേതാക്കളുടെയും സംഘപരിവാര്‍ സംഘടനകളുടെയും വിദ്വേഷപോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫെയ്സ്ബുക്ക്  ഇന്ത്യ അധികൃതര്‍ തടഞ്ഞതായി അമേരിക്കന്‍ പത്രം ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. ബിജെപിക്കെതിരെ നീങ്ങുന്നത് രാജ്യത്ത് ഫെയ്സ്ബുക്കിന്റെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഫെയ്സ്ബുക്ക് ഇന്ത്യ പൊതുനയ ഡയറക്ടര്‍ അന്‍ഖി ദാസ് ജീവനക്കാരോട് പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. ബിജെപിയോട് ഫെയ്സ്ബുക്ക് പുലര്‍ത്തിവരുന്ന പക്ഷപാതത്തിന് ഒട്ടേറെ തെളിവുകള്‍ കമ്പനി ജീവനക്കാരില്‍നിന്ന് ലഭ്യമായിട്ടുണ്ടെന്നും  റിപ്പോര്‍ട്ടില്‍ പറഞ്ഞു.
   തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാസിങ് തെരഞ്ഞെടുപ്പുകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്ക് ഉപയോഗിച്ച് ഹീനമായ പ്രചാരണം നടത്തി. ഇദ്ദേഹത്തെ ‘അപകടകരമായ വ്യക്തികളുടെയും സംഘടനകളുടെയും ഗണത്തില്‍’ ഉള്‍പ്പെടുത്തണമെന്ന് ഫെയ്സ്ബുക്കിന്റെ ആഭ്യന്തരനിരീക്ഷണ വിഭാഗം നിര്‍ദേശിച്ചു. രാജാസിങ്ങിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് റദ്ദാക്കണമെന്നും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ശുപാര്‍ശചെയ്തു. ഇതിനോടുള്ള പ്രതികരണമായാണ് ബിജെപിക്കെതിരായ നടപടി ഒഴിവാക്കണമെന്ന് അന്‍ഖി ദാസ് ആവശ്യപ്പെട്ടത്. എന്നാല്‍, ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ ഇടപെട്ട് ഫെയ്സ്ബുക്കിനോട് വിശദീകരണം തേടി. ഇതോടെ ഫെയ്സ്ബുക്ക് രാജാസിങ്ങിന്റെ ഏതാനും പോസ്റ്റുകള്‍ നീക്കി അദ്ദേഹത്തിന്റെ അക്കൗണ്ട് റദ്ദാക്കിയതായി അറിയിച്ചു.  
   രാഷ്ട്രീയ പ്രത്യാഘാതം പരിഗണിച്ചായിരിക്കാം അന്‍ഖി ദാസ് ഈ നിലപാട് സ്വീകരിച്ചതെന്ന് ഫെയ്സ്ബുക്ക് വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു. വിദ്വേഷപരാമര്‍ശ ചട്ടങ്ങള്‍ ലംഘിക്കുന്നതും ഫെയ്സ്ബുക്ക് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍  ഇടപെടുന്നതും ഗൗരവതരമായ വിഷയമാണെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷന്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

Most Read

  • Week

  • Month

  • All