തന്നെ ഏറ്റുമുട്ടലിലൂടെ കൊല്ലാതിരുന്നതിന് യുപി പൊലീസിനു നന്ദി പറയുന്നു എന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ. ജയിൽ മോചിതനാക്കാനുള്ള ഉത്തരവിൽ കോടതിയോട് കടപ്പെട്ടിരിക്കുന്നു എന്നും തൻ്റെ പ്രസംഗം സാമുദായിക കലാപം ഉണ്ടാക്കാനുദ്ദേശിച്ചുള്ളതല്ലെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മഥുര ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാമായണത്തിൽ മഹർഷി വാൽമീകി പറയുന്നത് രാജാവ് പ്രവർത്തിക്കേണ്ടത് രാജധർമ്മം ആണെന്നാണ്. എന്നാൽ ഉത്തർപ്രദേശിൽ രാജധർമ്മം അല്ല, കുട്ടികളുടേത് പോലെ ശാഠ്യമാണ്. ഇനിയും എന്നെ കേസിൽ കുടുക്കാനുള്ള സാധ്യതയുണ്ട്”- അദ്ദേഹം പറഞ്ഞു.

ഇന്നലെ അർധരാത്രിയോടെയാണ് ഇദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്നെ ഡോ കഫീൽ ഖാനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മഥുര ജയിലിലായിരുന്നു കഫീൽ ഖാനെ പാർപ്പിച്ചിരുന്നത്.

ജനുവരി 29നാണ് കഫീൽ ഖാനെ കരുതൽ തടങ്കലിലാക്കിയത്. അതിനിടയിൽ കഫീൽ ഖാനെ തടങ്കലിൽ പാർപ്പിച്ചതിനെ ചോദ്യം ചെയ്ത് അമ്മ നുഷത്ത് പർവീൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. മകനെ അന്യായമായാണ് തടവിൽ പാർപ്പിച്ചതെന്ന് അമ്മ ഹർജിയിൽ ആരോപിച്ചിരുന്നു.

2019 ഡിസംബറിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ അലിഗഡ് സർവകലാശാലയിൽ വച്ച് പ്രസംഗിച്ചതിനെതുടർന്നാണ് ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. പ്രസംഗം പ്രകോപനപരമായിരുന്നു എന്നാണ് ആരോപണം. ഫെബ്രുവരിയിൽ 10ന് അലിഗഡ് സിജെഎം കോടതി ജാമ്യം നൽകിയെങ്കിലും ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തി ജയിലിലേക്ക് അയക്കുകയായിരുന്നു. ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് കോടതി ഒഴിവാക്കി. കരുതൽ തടവിലാക്കിയ നടപടിയും റദ്ദാക്കി.

Most Read

  • Week

  • Month

  • All