ഒക്ടോബര്‍ അവസാനത്തോടുകൂടി കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കും എന്നാണ് ഇപ്പോള്‍ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ജനുവരി മുതല്‍ നമ്മള്‍ കൊവിഡിനെതിരെ പോരാടുകയാണ്. വ്യാപനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത് പിടിച്ചുനിര്‍ത്താനും നമുക്ക് കഴിഞ്ഞു. അതിലൂടെ നമുക്ക് മരണനിരക്ക് കുറയ്ക്കുവാനും സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞമാസം നമ്മള്‍ പ്രതീക്ഷിച്ച അത്ര രീതിയില്‍ പോസിറ്റീവ് കേസുകളുടെ വര്‍ധന ഉണ്ടായിട്ടില്ല. ജനങ്ങളാകെ ഒരു പരിധിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി എന്നതുകൊണ്ടാണ് അത് സാധ്യമായത്. നമ്മുടെ സംവിധാനങ്ങള്‍ അടക്കം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തു. വിദഗ്ധര്‍ പറഞ്ഞത് ഈ സമയത്ത് 10000 നും 20000 നും ഇടയില്‍ കേസുകള്‍ വരുമെന്നായിരുന്നു. എന്നാല്‍, അത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. അതേസമയം രോഗവ്യാപനം ഉയരുകയും ചെയ്തു. 

ഓണാവധിക്കാലത്ത് നമ്മുടെ മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. ആളുകള്‍ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. അടുത്ത രണ്ടാഴ്ച പ്രധാനമാണ് എന്നര്‍ത്ഥം. കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടുകൂടി പൊതുവെ എല്ലായിടത്തും തിരക്ക് വര്‍ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read

  • Week

  • Month

  • All