ന്യൂഡൽഹി
കേന്ദ്രമന്ത്രി വി മുരളീധരൻ ആദ്യംമുതൽ പ്രചരിപ്പിച്ചത്‌ പച്ചയായ നുണ. തിരുവനന്തപുരം വിമാനത്താവളംവഴി 30 കിലോഗ്രാം സ്വർണം കടത്തിയത്‌ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിലാണെന്ന്‌ കേന്ദ്രസർക്കാർ ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.  തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞന്റെ പേരിലാണ് ബാ​ഗ് എത്തിയത്. ബാഗിൽ സ്വർണം എത്തിയതായി സംശയമുണ്ടെന്ന്‌ കൊച്ചി കസ്‌റ്റംസ്‌ കമീഷണർ ജൂലൈയിൽ വിദേശമന്ത്രാലയത്തെ അറിയിച്ചു. വിദേശമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ബാ​ഗ് കസ്റ്റംസ് തുറന്നതെന്നും ധനമന്ത്രാലയത്തിനുവേണ്ടി സഹമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ വെളിപ്പെടുത്തി.

സ്വർണക്കടത്ത്‌ നയതന്ത്രബാഗിലല്ലെന്ന‌ വിദേശസഹമന്ത്രി വി മുരളീധരന്റെ അവകാശവാദം പൂര്‍ണമായി തള്ളുന്നതാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.  കേസിൽ കസ്റ്റംസ്‌ നിയമപ്രകാരം 16 പേരെ അറസ്റ്റ്‌ ചെയ്‌തു. എൻഐഎയും അന്വേഷണം നടത്തുന്നു. കേരളത്തിലെ രണ്ട്‌ സ്വർണ കള്ളക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. വിദേശനാണ്യ വിനിമയനിയന്ത്രണചട്ടപ്രകാരം ഇഡി രാജ്യവ്യാപകമായി അഞ്ച്‌ കേസ്‌ അന്വേഷിക്കുന്നു.

സ്വർണക്കടത്ത്‌ കേസിൽ പ്രധാനപ്രതികളിൽ ഒരാൾ സ്വാധീനമുള്ള വ്യക്തിയാണെന്ന്‌ കോടതിയിൽ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌. കൂടുതൽ വിവരം വെളിപ്പെടുത്തുന്നത്‌ കേസിന്റെ നടത്തിപ്പിന് ഗുണകരമല്ലെന്നും‌ മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾവഴി വന്‍തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതായി വെളിപ്പെടുത്തുന്ന കണക്കും  ധനമന്ത്രാലയം പുറത്തുവിട്ടു. ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്‌ എന്നിവരുടെ ചോദ്യങ്ങൾക്കാണ് ‌ മന്ത്രി രേഖാമൂലം മറുപടി നൽകിയത്.

 


 

Most Read

  • Week

  • Month

  • All