ഡൽഹി
   കോവിഡ് കാലത്ത് നിർത്തിവെച്ച ട്രെയിൻ സർവ്വീസുകൾ പൂർണമായും പുനരാരംഭിച്ചിട്ടില്ല. എന്നാൽ 50 ശതമാനത്തിലധികം ട്രെയിനുകൾ സർവ്വീസ് ആരംഭിച്ചു. കേരളത്തിൽ ഇതുവരെയായും പാസഞ്ചർ ട്രെയിനുകൾ  സർവ്വീസ് തുടങ്ങിയിട്ടില്ല.  റെയിൽവെ സംവിധാനത്തെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് മലബാർ മേഖലയിലുള്ളത്. കോവിഡ് കാരണം ട്രെയിനുകൾ വെട്ടിച്ചുരുക്കിയതോടെ വല്ലാതെ കഷ്ടപ്പെടുകയാണ് മലബാർ മേഖലയിലുളളവർ. പാസഞ്ചർ ട്രെയിനുകൾ  ഭൂരിഭാഗവും  എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയിരിക്കുകയാണ്. നേരത്തെ പാസഞ്ചർ ട്രെയിനായി സർവ്വീസ് നടത്തിയിരുന്ന  മംഗലാപുരം കോയമ്പത്തൂർ പാസഞ്ചർ ഇപ്പോൾ എക്‌സ്പ്രസായാണ് സർവ്വീസ് നടത്തുന്നത്. പാസഞ്ചർ ഓട്ടുന്ന ദൂരം 200 കിലോമീറ്ററായി നിജപ്പെടുത്താൻ റെയിൽവെ അനൗദ്യോഗിക  തീരുമാനം എടുത്തതായാണ് അറിയുന്നത്. അതിന്റെ ഭാഗമായാണ് പാസഞ്ചർ മാറ്റി എക്‌സ്പ്ര്‌സാക്കുന്നത്.
   കേരളത്തിൽ ഇപ്പോൾ മെമു ട്രെയിൻ സർവ്വീസ് നടത്താൻ അനുമതി ലഭിച്ചിട്ടുമുണ്ട്. മെമു റാക്ക് ലഭ്യമാകുന്ന രീതിയിൽ സർവ്വീസ് നടത്തണമെന്നാണ് റെയിൽവേ ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്. ദക്ഷിണ റെയിൽവേക്ക് എട്ട് റാക്കുകളുള്ള 13 ബോഗി ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. കന്യാകുമാരി പുനലൂർ, പാലക്കാട് കോഴിക്കോട്, ഷൊർണർ കോയമ്പത്തൂർ, ഷൊർണൂർ തൃശൂർ, തൃശൂർ കണ്ണൂർ, തൃശൂർ ഷൊർണൂർ, കോഴിക്കോട് തൃശൂർ എന്നിങ്ങനെയാണ് ഇപ്പോൾ മെമു അനുവദിച്ചത്.
  കാസർഗോഡ് മംഗലാപുരം ഭാഗം പൂർണമായും ഇതിൽ നിന്ന് ഒഴിവായിരിക്കുകയാണ്. നിലവിൽ അംഗീകരിച്ച റൂട്ടിൽ കാസർഗോഡ്, മംഗലാപുരം ഭാഗം കൂടി ഉൾപ്പെടുത്തണം. പാലക്കാട് നിന്ന് മെമു റാക്ക് നിർമിക്കാനുള്ള തീരുമാനം നടപ്പായാൽ റാക്കിന്റെ കുറവ് പരിഹരിക്കാൻ സധിക്കും. നിലവിൽ കേരളത്തിൽ കൊല്ലത്തും പാലക്കാടുമാണ് മെമു ഷെഡ് ഉള്ളത്. ഇത് മറ്റ് പ്രധാന സ്റ്റേഷനുകളിൽ കൂടി നിർമിക്കണം. അങ്ങിനെ വന്നാൽ മെമു റാക്ക് അറ്റകുറ്റ പ്രവൃത്തി കാലതാമസം കൂടാതെ നടത്താൻ സാധിക്കും.
  ഇപ്പോൾ സംസ്ഥാനത്ത് അനുവദിച്ച മെമു ട്രെയിനുകൾ ഉടൻ സർവ്വീസ് ആരംഭിക്കണമെന്നും ഇതിന്റെ കൂടെ കോഴിക്കോട് നിന്ന് മംഗലാപുരം ഭാഗത്തേക്കും മെമു ആരംഭിക്കണമെന്നും കെകെ രാഗേഷ് എംപി റെയിൽവേ മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

 
 

Most Read

  • Week

  • Month

  • All