വിദ്യാര്‍ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'ആശങ്കവേണ്ട അരികിലുണ്ട് ' പദ്ധതിയുടെ ഭാഗമായി ജനുവരി 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും വാര്‍ഡ് തല സമിതിയും ചേര്‍ന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തും. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറേണ്ടി വന്ന വിദ്യാര്‍ഥികളിലെ പരീക്ഷ ആശങ്കകള്‍ ദുരീകരിക്കാനും മാനസിക സംഘര്‍ഷം കുറച്ച് വിജയ ശതമാനം വര്‍ധിപ്പിക്കുന്നതിനുമായി എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ചതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തല കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു.  വാര്‍ഡ് തല കമ്മിറ്റി രൂപീകരണം പുരോഗമിക്കുകയാണ്. കുട്ടികളുടെ ആശങ്ക മാറ്റുന്നതിനായി കൗണ്‍സലര്‍മാരുടെ വിദഗ്ധ സമിതിക്ക്് രൂപം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കുന്നതിനായി ഫെബ്രുവരി രണ്ടാം വാരത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വിപണന മേള  നടത്തും.  നഗരത്തില്‍ സ്ഥിരമായി ഇത്തരം ആഴ്ച ചന്തകള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും പ്രസിഡണ്ട് പറഞ്ഞു. 2020-21 വാര്‍ഷിക പദ്ധതി അവലോകനവും യോഗത്തില്‍ നടന്നു. ഇതുവരെ ഫണ്ട് വിഹിതത്തിന്റെ 75.11 ശതമാനം വിനിയോഗിച്ചു. നിലവില്‍ സംസ്ഥാനത്ത് ഫണ്ട് വിനിയോഗത്തില്‍ രണ്ടാംസ്ഥാനത്താണ് ജില്ല. 2021-22 വര്‍ഷത്തെ പദ്ധതി കലണ്ടര്‍ തയ്യാറാക്കി. പദ്ധതി രൂപരേഖ ഫെബ്രുവരി 25 നകം ഡിപിസിക്ക് സമര്‍പ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പ്രസിഡണ്ട് പി പി ദിവ്യ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന യോഗം അംഗീകരിച്ചു.  
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ഇ വിജയന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Most Read

  • Week

  • Month

  • All